തൊടുപുഴ: യാത്രക്കാരനായ യുവാവിനെ കെ.എസ്.ആർ.ടി.സി ജീവനക്കാരനടക്കം ചേർന്ന് മർദ്ദിച്ച ദൃശ്യങ്ങൾ പുറത്ത്. തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. സ്റ്റേഷന്റെ മുൻഭാഗത്തെ ബസ് ടെർമിനലിൽ യാത്രക്കാരനെന്ന് തോന്നിപ്പിക്കുന്ന ഒരാൾ ഒരു യുവാവുമായി സംസാരിക്കുന്നതും പിന്നാലെ മർദ്ദിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
യൂണിഫോമിലുള്ള ഒരു കെ.എസ്.ആർ.ടി.സി ജീവനക്കാരനും ഇതിനൊപ്പം ചേർന്ന് യുവാവിനെ മർദ്ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മർദ്ദനം ഏറ്റുവാങ്ങുന്നതല്ലാതെ യുവാവ് തിരികെ ആക്രമിക്കാൻ ശ്രമിക്കുന്നതായും ദൃശ്യങ്ങളിൽ ഇല്ല. മറ്റൊരു ബസിലിരുന്നു ഏതോ ഒരു യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ദ്യശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതായും യൂണിഫോമിലുള്ളത് തൊടുപുഴ ഡിപ്പോയിലെ ജീവനക്കാരനാണെന്നും ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ സ്ഥിരീകരിച്ചു. സിവിൽ ഡ്രസിലുള്ളയാൾ ആരെന്ന് വ്യക്തമായിട്ടില്ല. മർദ്ദന കാരണം അറിയില്ലെന്നും ഇത് സംബന്ധിച്ച് ആരും പരാതി നൽകിയിട്ടില്ലെന്നും ഡി.റ്റി.ഒ പറഞ്ഞു. മർദ്ദനം സംബന്ധിച്ച് ആരും പരാതി നൽകിയിട്ടില്ലെന്ന് തൊടുപുഴ പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |