
തൃശൂർ: പെട്ടിക്കടയിൽ ഡ്രൈ ഡേയിൽ മദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും വിറ്റ സംഭവത്തിൽ കടയുടമയും സഹായിയും പിടിയിൽ. എക്‌സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപെട്ട കടയുടമ ശിവരാമനെ ഉച്ചയോടെ കടയിൽ തിരിച്ചെത്തിയപ്പോൾ പിടികൂടുകയായിരുന്നു. സഹായി ആലത്തൂർ പരുത്തിപ്പുള്ളി മാറിയാൽകാട് വീട്ടിൽ കണ്ണൻ എന്ന സുന്ദരനെ രാവിലെ നടന്ന പരിശോധനയിൽ അറസ്റ്റ് ചെയ്തിരുന്നു.
പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിൽ ചായയും പലഹാരങ്ങളും വിൽക്കുന്ന കടയിലാണ് പരിശോധന നടന്നത്. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ഇവിടെ നിന്ന് ലഹരി ഉത്പന്നങ്ങൾ കൈമാറ്റം ചെയ്യുന്നതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ ആറ് കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങളും വിവിധ ബ്രാൻഡിലുള്ള മദ്യകുപ്പികളും ഇവിടെനിന്ന് കണ്ടെടുത്തു. എക്‌സൈസ് ഇൻസ്‌പെക്ടർ സുധീറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഉമ്മർ വി.എയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സിജോമോൻ, ലത്തീഫ്, മുജീബ്, ഷൈജു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |