
കോഴിക്കോട് : ഒരുമിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി വൈശാഖനുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന കക്കോടി മോരിക്കര മാളിക്കടവിലെ വർക്‌ഷോപ്പിൽ എത്തിച്ച പ്രതിയുമായി എലത്തൂർ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ളസംഘമാണ് അര മണിക്കൂറോളം തെളിവെടുപ്പ് നടത്തിയത്.
വർക്‌ഷോപ്പിൽ നിന്ന് കണ്ടെടുത്ത യുവതിയുടെ ഡയറിയിൽ നിന്ന് പൊലീസിന് നിർണായക വിവരം ലഭിച്ചിട്ടുണ്ട്. വൈശാഖനുമായി പ്ലസ് വൺ കാലം മുതൽ ബന്ധം പുലർത്തിയിരുന്നുവെന്ന് ഡയറിയിൽ കുറിച്ചിരുന്നു. ഇതോടെ വൈശാഖനെതിരെ പോക്സോ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. വൈശാഖൻ ലൈംഗിക വികൃതങ്ങൾ ഉള്ളയാളെന്ന് ഡയറിയിൽ ചില പരാമർശങ്ങൾ ഉണ്ടെന്നും സൂചനയുണ്ട്. കേസിൽ ഇത് നിർണായകമായതിനാൽ ഡയറിയിലെ എഴുത്ത് യുവതിയുടേത് തന്നെയാണെന്ന് ഫോറൻസിക് വിദഗ്ദ്ധരുടെ സഹായത്തോടെ വിലയിരുത്തും.
ഇക്കഴിഞ്ഞ 24നാണ് യുവതിയെ വർക്‌ഷോപ്പിൽ തൂ്ങ്ങിമരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചത്. ഒന്നിച്ച് മരിക്കാൻ വിളിച്ചുവരുത്തി തന്ത്രപരമായി കൊലപ്പെടുത്തിയെന്ന് പൊലീസിന്റെ അന്വേഷണത്തിലാണ് കണ്ടെത്തിയത്. പത്തുവർഷത്തോളമായി വൈശാഖനും യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചെറിയ പ്രായം മുതൽ തന്നെ വൈശാഖൻ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും ചോദ്യം ചെയ്യലിൽ തെളിഞ്ഞു. വിവാഹം ചെയ്യണമെന്ന ആവശ്യം യുവതി ഉന്നയിച്ചെങ്കിലും ഇയാൾ ഒഴിഞ്ഞു മാറുകയായിരുന്നു. ഇതിനിടെ വൈശാഖൻ മറ്റു ചില സ്ത്രീകളുമായി ബന്ധം പുലർത്തുന്ന വിവരം അറിഞ്ഞ യുവതി ഇയാളുമായി പിണങ്ങുകയും പിന്നിട് കാര്യങ്ങളെല്ലാം യുവതി പുറത്തുപറയുമോ എന്ന് ഭയത്താൽ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |