
തിരുവനന്തപുരം: കാർഷിക മേഖലയിൽ മുന്നേറ്റം ലക്ഷ്യമിടുന്ന പദ്ധതികളാണ് സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ചത്. ആകെ പദ്ധതി അടങ്കൽ 2071.95 കോടി രൂപയായി വർദ്ധിപ്പിച്ചു. ലോക ബാങ്ക് സഹായത്തോടെയുള്ള 'കേര' പദ്ധതിക്കായി 100 കോടി നീക്കിവച്ചു.
നെല്ലിന്റെ സംഭരണ വില കിലോയ്ക്ക് 30 രൂപയായി വർദ്ധിപ്പിച്ചു. കർഷകർക്ക് നെല്ലിന്റെ വില ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തി. തരിശുഭൂമിയിൽ നെൽകൃഷി നടത്തുന്നവർക്ക് ഹെക്ടറിന് 40,000 രൂപ വരെ സഹായം നൽകും. നെല്ല് വികസന പദ്ധതികൾക്കായി 150 കോടി വകയിരുത്തിയിട്ടുണ്ട്.
പച്ചക്കറി വികസനത്തിനായി 78.45 കോടിയും നാളികേര വികസനത്തിനായി 73 കോടിയും മാറ്റിവച്ചു. സുഗന്ധവ്യഞ്ജന കൃഷിക്കുള്ള വിഹിതം 15 കോടിയായി ഉയർത്തി. പഴവർഗങ്ങൾ, പൂക്കൾ, ഔഷധസസ്യങ്ങൾ എന്നിവയുടെ കൃഷി വ്യാപിപ്പിക്കാൻ 20.92 കോടിയും മണ്ണുപരിശോധനയ്ക്കും വിള ആരോഗ്യ പരിപാലനത്തിനുമായി പ്രത്യേക തുകയും അനുവദിച്ചു.
യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാനായി ഹൈടെക് കൃഷി രീതികൾക്ക് 3 ശതമാനം പലിശ സബ്സിഡിയോടെ വായ്പ ലഭ്യമാക്കും. തൊഴിലാളി ക്ഷാമം പരിഹരിക്കാൻ കാർഷിക കർമ്മ സേനകളെയും യന്ത്രവത്കരണ കേന്ദ്രങ്ങളെയും ശക്തിപ്പെടുത്തും. ഇതിനായി 10 കോടിയും വിള ഇൻഷ്വറൻസിനായി 33.14 കോടിയും ബഡ്ജറ്റിൽ നീക്കിവച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |