
തിരുവനന്തപുരം: ലോക കേരള സഭ 2026ന്റെ ആദ്യ ദിനത്തിൽ ലോകബാങ്ക് സഹായത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി–വാല്യൂ ചെയിൻ മോഡേണൈസേഷൻ പ്രോജക്‌ട് (KERA) ഒരുക്കിയ പ്രത്യേക പവിലിയൻ പ്രതിനിധികളുടെ പ്രധാന ആകർഷണമായി. കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കുന്ന കൃഷി മാതൃകകളും നിക്ഷേപ സാധ്യതകളും പരിചയപ്പെടുത്തുന്ന പൊതുവേദിയായി പവിലിയൻ സജീവമായിരുന്നു.പ്രവാസ മലയാളികളുടെ നിക്ഷേപം കൂടുതൽ കാർഷിക മൂല്യ ശൃംഖലയിലേക്ക് ആകർഷിക്കുക എന്നതാണ് കേര പവിലിയന്റെ പ്രധാന ലക്ഷ്യം.
പദ്ധതിയുടെ നാല് മുഖ്യ ഘടകങ്ങളായ കൃഷി ഉൽപ്പന്നങ്ങൾക്ക് മൂല്യവർധന നൽകുന്ന ആധുനിക അഗ്രി പാർക്കുകളുടെ നിർമ്മാണം, ഫാർമർ പ്രൊഡ്യൂസർ കമ്പനികളും, അഗ്രിബിസിനസ് സ്ഥാപനങ്ങളും ചേർന്ന് പ്രവർത്തിക്കുന്ന പ്രൊഡക്ടീവ് അലയൻസുകൾ, കാപ്പി, ഏലം, റബ്ബർ തുടങ്ങിയ കാലാവസ്ഥ പ്രതിരോധ ശേഷിയുള്ള നാണ്യവിളകളുടെ പുനർനടീൽ, നാളുകളായി തരിശായി കിടക്കുന്ന കൃഷിഭൂമികളെ പുനരുപയോഗപ്പെടുത്തി ആധുനിക സാങ്കേതിക വിദ്യകളിലൂടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്ന നവോധൻ എന്നിവ മുഖ്യ ചർച്ചാ വിഷയമായി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബിസിനസ് പ്രതിനിധികളും എം.എൽ.എ മാരായ പ്രതിഭാ ഹരി, എം.വിജിൻ, കെ.ആൻസലൻ എന്നിവരും ആദ്യ ദിനത്തിൽ കേര പവിലിയൻ സന്ദർശിച്ച് ചർച്ചകൾ നടത്തി. ഗൾഫ് രാജ്യങ്ങൾ, യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ, ആഫ്രിക്ക എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന മലയാളി സംരംഭകരും പ്രൊഫഷണലുകളും പങ്കെടുത്ത പൊതു ചർച്ചകളിൽ, കേരളത്തിൽ രൂപപ്പെടുന്ന കാർഷിക മൂല്യ ശൃംഖലയെ ആഗോള വിപണികളുമായി ബന്ധിപ്പിക്കുന്ന സാധ്യതകളും ചർച്ചയായി.
കേര പദ്ധതി കേരളത്തിന്റെ കാർഷിക മേഖലയ്ക്ക് പുതിയ ദിശ നൽകുന്നതായും, ലോക കേരള സഭ ആഗോള മലയാളി സമൂഹവുമായി ചേർന്ന് ദീർഘകാല പങ്കാളിത്തങ്ങൾ സൃഷ്ടിക്കുന്ന അപൂർവ വേദിയായി മാറുന്നതായും പവിലിയൻ സന്ദർശിച്ച പ്രവാസി മലയാളികളായ എസ്.ശ്രീകുമാർ (ലണ്ടൻ), അനിൽ രാജ് (ജപ്പാൻ), അലക്സ് കെ.എബ്രഹാം (ഫിലിപ്പീൻസ്), ഡേവിസ് എടക്കടത്തൂർ (ഖത്തർ) തുടങ്ങിയവർ അഭിപ്രായപ്പെട്ടു. നിക്ഷേപം, സാങ്കേതിക കൈമാറ്റം, മാർക്കറ്റ് ലിങ്കേജ് എന്നിവയിൽ സഹകരണം തുടരാൻ താൽപര്യമുണ്ടെന്ന് പ്രതിനിധികൾ അറിയിച്ചു.
പദ്ധതിയുമായി സഹകരിക്കുവാൻ താല്പര്യം പ്രകടിപ്പിച്ച എല്ലാ പ്രതിനിധികളുമായും തുടർ ചർച്ചകൾ നടത്തുന്നതാണെന്ന് കേര സീനിയർ അഡീഷണൽ പ്രോജ്ര്രക് ഡയറക്ടർ ആസിഫ് കെ. യൂസഫ്, സാമൂഹ്യ–പരിസ്ഥിതി വിഭാഗം നോഡൽ ഓഫീസർ ഡോ. എസ്. യമുന എന്നിവർ അറിയിച്ചു. ലോക കേരള സഭയുടെ ഇരുദിവസവും കേര പവിലിയൻ സജീവമായിരിക്കുമെന്നും, കൃഷി, അഗ്രിബിസിനസ്, സ്റ്റാർട്ടപ്പ്, ഗവേഷണം, എൻ.ആർ.കെ. സംഘടനകൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രതിനിധികളെയും പവിലിയൻ സന്ദർശിക്കാൻ സ്വാഗതം ചെയ്യുന്നതായും സീനിയർ എ.പി.ഡി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |