
കൊല്ലം :സഹോദരിയെ ശല്ല്യപ്പെടുത്തിയത് ചോദ്യം ചെയ്‌തതിന്റെ വിരോധത്തിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികൾക്ക് 5 വർഷം തടവും 1,30,000 രൂപ പിഴയും. കൊറ്റങ്കര മനക്കര മേലൂട്ട്‌കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുകയായിരുന്ന രാഹുലിനെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതികളായ മേലൂട്ട്‌കാവിന് സമീപം താമസിക്കുന്ന അഖിൽ (29), കൊറ്റങ്കര മാമച്ചൻകാവ് വടക്ക് തുരുത്തേൽ പടി. മണികണ്‌ഠൻ (35) എന്നിവരെയാണ് കൊല്ലം അഡീഷണൽ ഡിസ്‌ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി (നാല് ) ശിക്ഷിച്ചത്.
തെളിവില്ലാത്തതിനാൽ ഒരു പ്രതിയെ വിട്ടയച്ചു. പിഴത്തുകയിൽ നിന്ന് 1 ലക്ഷം രാഹുലിന് നൽകണം. പിഴ ഒടുക്കിയില്ലെങ്കിൽ 9 മാസം കൂടി ശിക്ഷ അനുഭവിക്കണം. 2018 സെപ്‌തംബർ 9ന് പുലർച്ചെ 4.30 ന് അടുക്കളവാതിൽ ചവിട്ടിത്തുറന്ന് വാളുപയോഗിച്ച് രാഹുലിന്റെ ഇരുകൈകൾക്കും കഴുത്തിനും വെട്ടി പരിക്കേൽപ്പിച്ചെന്നായിരുന്നു കേസ്. പ്രോസിക്യൂഷന് വേണ്ടി കെ.കെ. ജയകുമാർ കുന്നത്തൂർ കോടതിയിൽ ഹാജരായി. സിവിൽ പൊലീസ് ഓഫീസർമാരായ എ. വിദ്യ, എ. സുസ്‌മിത എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |