
ടെഹ്‌റാൻ: യു.എസിന്റെ ആക്രമണം ഏതുനിമിഷവും ഉണ്ടാകാമെന്നിരിക്കെ, ഇറാനിലെ തെക്കൻ തുറമുഖ നഗരമായ ബന്ദർ അബ്ബാസിൽ ശക്തമായ സ്ഫോടനം. നാല് വയസുള്ള കുട്ടി മരിച്ചു. 14 പേർക്ക് പരിക്കേറ്റു. എട്ടുനില കെട്ടിടത്തിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ഗ്യാസ് ചോർച്ചയാകാമെന്ന് പ്രചരിക്കുന്നുണ്ട്. സ്ഫോടനശബ്ദം 50 കിലോമീറ്റർ അകലെ വരെ കേട്ടെന്നും പറയപ്പെടുന്നു. കെട്ടിടത്തിന്റെ ആദ്യത്തെ രണ്ടുനിലകൾ പൂർണമായും തകർന്നു. സമീപത്തെ കടകൾക്കും വാഹനങ്ങൾക്കും കേടുപാടുണ്ട്. സ്ഫോടനത്തിൽ നേവി കമാൻഡർ അലിറേസ ടാങ്ങ്‌സിരി കൊല്ലപ്പെട്ടന്ന വാർത്ത ഇറാൻ സായുധ സേനാ വിഭാഗമായ റെവല്യൂഷണറി ഗാർഡ് നിഷേധിച്ചു.
അതേ സമയം, ഹോർമൂസ് കടലിടുക്കിൽ ഇന്ന് മുതൽ നാവികാഭ്യാസം തുടങ്ങുമെന്ന് ഇറാൻ അറിയിച്ചു. വിമാനവാഹിനി അടക്കം മേഖലയിൽ നിലയുറപ്പിച്ചിട്ടുള്ള യു.എസ് നാവിക സന്നാഹത്തിനുള്ള മറുപടിയാണിത്. ആക്രമിക്കപ്പെട്ടാൽ തിരിച്ചടി നൽകാൻ സർവ്വ സജ്ജമാണെന്നും തങ്ങളുടെ ആണവ സാങ്കേതികവിദ്യ തകർക്കാൻ കഴിയില്ലെന്നും ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി. അതേ സമയം, ആഴ്ചകൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി ഇന്നലെ ടെഹ്റാനിലെ പൊതുപരിപാടിയിൽ പ്രത്യക്ഷപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |