
ടെഹ്റാൻ: ഇറാന് നേരെയുള്ള യു.എസിന്റെ ഏത് തരത്തിലുള്ള ആക്രമണവും മേഖലയിൽ ഒരു യുദ്ധത്തിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി. ഇറാൻ ഒരു രാജ്യത്തെയും ആക്രമിക്കാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഞങ്ങളെ വേദനിപ്പിച്ചാൽ സർവശക്തിയോടെ തിരിച്ചടിക്കും. മേഖലയിലുള്ള യു.എസ് നാവികവ്യൂഹത്തെ ഇറാൻ ഭയക്കുന്നില്ല എന്നും ഖമനേയി പറഞ്ഞു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി നിലനിൽക്കവെയാണ് പ്രതികരണം.
അടുത്തിടെ രാജ്യത്തുണ്ടായ ഭരണവിരുദ്ധ പ്രക്ഷോഭം സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമായിരുന്നെന്നും വിദേശശക്തികൾ ആവിഷ്കരിച്ച അസ്ഥിരതയെ രാജ്യം തകർത്തെന്നും ഖമനേയി അവകാശപ്പെട്ടു. അതേ സമയം, ഭീഷണികൾ തുടരുന്നതിനിടെയിലും ചർച്ചകളിലൂടെയുള്ള പരിഹാര മാർഗ്ഗത്തിലേക്കും ട്രംപ് വിരൽചൂണ്ടുന്നുണ്ട്. യു.എസുമായി ആണവ കരാറിലെത്താനും സംഘർഷം ഒഴിവാക്കാനും ഇറാൻ ഗൗരവമായ ചർച്ചകൾ നടത്തുന്നുണ്ടെന്ന് ട്രംപ് റഞ്ഞിരുന്നു. എന്നാൽ യു.എസുമായി ചർച്ച നടത്തുന്നുണ്ടെന്ന് ഇറാൻ ഇതേവരെ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം യൂറോപ്യൻ യൂണിയൻ റെവല്യൂഷണറി ഗാർഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചതിന് തിരിച്ചടിയായി യൂറോപ്യൻ യൂണിയന്റെ സേനകളെ തീവ്രവാദികളായി പ്രഖ്യാപിക്കാനുള്ള തീരുമാനത്തിന് ഇറാൻ പാർലമെന്റ് അംഗീകാരം നൽകി. ഹോർമൂസ് കടലിടുക്കിൽ ഉടൻ നാവികാഭ്യാസം വേണ്ട എന്ന് ഇറാൻ തീരുമാനിച്ചു. ഇന്നലെ മുതൽ നാവികാഭ്യാസം തുടങ്ങാനായിരുന്നു പദ്ധതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |