
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്നലെ അവതരിപ്പിച്ച 2026-27 സാമ്പത്തിക വർഷത്തിലെ പ്രധാന പരാമർശങ്ങളിലൊന്ന് 'ഓറഞ്ച് സമ്പദ്‌വ്യവസ്ഥയെ' പ്രോത്സാഹിപ്പിക്കും എന്നതാണ്. ഓറഞ്ച് സമ്പദ്‌വ്യവസ്ഥയ്ക്ക് ഇന്ന് ലോകത്തുടനീളം വ്യാപകമാവുന്ന കണ്ടന്റ് ക്രിയേഷൻ എന്ന മേഖലയുമായി ബന്ധമുണ്ട്. കേന്ദ്ര ബഡ്‌ജറ്റും കണ്ടന്റ് ക്രിയേറ്റർമാരും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മനസിലാക്കാം.
ഓറഞ്ച് ഇക്കണോമി (ഓറഞ്ച് സമ്പദ്‌വ്യവസ്ഥ)
ക്രിയാത്മക സമ്പദ്‌വ്യവസ്ഥയെയാണ് (ക്രിയേറ്റീവ് എക്കണോമി) 'ഓറഞ്ച് സമ്പദ്‌വ്യവസ്ഥ' എന്ന് വിശേഷിപ്പിക്കുന്നത്. പരമ്പരാഗത ഉത്പാദന രീതികളേക്കാൾ ആശയങ്ങൾ, സാങ്കേതികവിദ്യ, സംസ്‌കാരം, ബൗദ്ധിക സ്വത്ത് എന്നിവയാൽ നയിക്കപ്പെടുന്ന മേഖലയാണിത്. അനിമേഷൻ, ഗെയിമിംഗ്, സിനിമ, സംഗീതം, ഡിസൈൻ, ഡിജിറ്റൽ കണ്ടന്റ്, പരസ്യം, സോഫ്‌ട്‌വെയർ, ഫാഷൻ, പബ്ളിഷിംഗ്, കണ്ടന്റ് ക്രിയേഷൻ തുടങ്ങിയ വ്യവസായങ്ങളാണ് ഈ മേഖലയിൽ ഉൾപ്പെടുന്നത്.
ഇത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും നഗര വികസനം, സാംസ്കാരിക മൂല്യം എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സാംസ്കാരിക പൈതൃകവും സർഗാത്മകതയും സുസ്ഥിരമായ സാമ്പത്തിക വികസനത്തെ എങ്ങനെ നയിക്കുമെന്ന് സൂചിപ്പിക്കുന്നതാണ് ഓറഞ്ച് സമ്പദ്‌വ്യവസ്ഥ എന്ന ആശയം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കണ്ടന്റ് ക്രിയേറ്റർ ലാബുകൾ സൃഷ്ടിക്കുന്നതും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈൻ സ്ഥാപിക്കുന്നതും കേന്ദ്ര സർക്കാർ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയുടെ ഓറഞ്ച് സമ്പദ്‌വ്യവസ്ഥയുടെ കുതിപ്പിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി 'വേവ്‌സ് 2025' ഉദ്ഘാടന പ്രസംഗത്തിൽ പരാമർശിച്ചിരുന്നു.
ബഡ്‌ജറ്റിലെ പ്രഖ്യാപനം
'അനിമേഷൻ, വിഷ്വൽ ഇഫക്‌ട്‌സ്, ഗെയിമിംഗ്, കോമിക്‌സ് (എവിജിസി) തുടങ്ങിയ മേഖലകൾ ഇന്ത്യയിൽ വളർന്നുവരുന്ന വ്യവസായമാണ്. 2030ഓടെ രണ്ട് ദശലക്ഷം പ്രൊഫഷണലുകൾ ഈ മേഖലയിൽ ആവശ്യമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. 15000 സെക്കൻഡറി സ്‌കൂളുകളിലും 500 സെക്കൻഡറി കോളേജുകളിലും എവിജിസി കണ്ടന്റ് ക്രിയേറ്റർ ലാബുകൾ സ്ഥാപിക്കുന്നതിന് മുംബയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്‌നോളജീസിനെ പിന്തുണയ്ക്കുന്നതിന് നിർദേശം നൽകി'- എന്നാണ് നിർമല സീതാരാമൻ കഴിഞ്ഞദിവസത്തെ കേന്ദ്ര ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചത്.
2025-26 ലെ സാമ്പത്തിക സർവേ
ഇന്ത്യയുടെ തൊഴിൽ, നഗര സേവനങ്ങൾ, ടൂറിസം എന്നിവയ്ക്ക് പ്രചോദനമേകുന്ന പ്രധാന ചാലകശക്തിയായി 'ഓറഞ്ച് സമ്പദ്‌വ്യവസ്ഥയെ' 2025-26 ലെ സാമ്പത്തിക സർവേയിൽ ചൂണ്ടിക്കാട്ടുന്നു. പരമ്പരാഗത ഉത്പാദന മേഖലയ്ക്ക് കഴിയാത്തത്ര വലിയ തോതിലുള്ള തൊഴിൽ ശക്തിയെ ഉൾക്കൊള്ളാൻ കഴിവുള്ള മേഖലയായാണ് ഇതിനെ കണക്കാക്കുന്നത്. ഇന്ത്യയുടെ സേവനങ്ങളെ അടിസ്ഥാനമാക്കിയുള്ള വളർച്ചാ മാതൃകയുടെ നിർണായക ഘടകമായി സർവേ ഓറഞ്ച് സമ്പദ്‌വ്യവസ്ഥയെ കാണുന്നു.
തത്സമയ വിനോദം (ലൈവ് എന്റർടെയിൻമെന്റ്), സംഗീത നിശകൾ എന്നിവയാണ് ഈ മേഖലയിലെ പ്രധാന വരുമാന മേഖലകൾ. ഇന്ത്യയുടെ തത്സമയ വിനോദ വ്യവസായം 2024ൽ 10,000 കോടി കവിഞ്ഞിരുന്നു. ടിക്കറ്റ് വില്പനയ്ക്ക് പുറമേ ഹോസ്പിറ്റാലിറ്റി, ഗതാഗതം, ലോജിസ്റ്റിക്സ്, പ്രാദേശിക സേവനങ്ങൾ എന്നിവയ്ക്കുള്ള ആവശ്യകതയും തത്സമയ വിനോദം സൃഷ്ടിക്കുന്നു.
ആഗോളതലത്തിൽ ജിഡിപിയുടെ 0.5 ശതമാനം മുതൽ 7 ശതമാനംവരെ സംഭാവന ചെയ്യുന്നത് സർഗാത്മക വ്യവസായങ്ങളാണെന്നാണ് സർവേയിലെ കണ്ടെത്തൽ. യുഎസിൽ, ലൈവ് മ്യൂസിക് മാത്രം 900,000ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും 2019ൽ 130 ബില്യൺ ഡോളറിലധികം വരുമാനം സൃഷ്ടിക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |