SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.01 PM IST

നികുതി നിയമം ലളിതമായി, കുരുക്കുകൾ കുറയും

Increase Font Size Decrease Font Size Print Page

h

കൊച്ചി: സങ്കീർണമായ നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിച്ച് വ്യവസായ സൗഹൃദവും സുതാര്യവും ലളിതവുമായ നികുതി നിയമ സംവിധാനത്തിനാണ് ബഡ്‌ജറ്റിൽ നിർമ്മല സീതാരാമൻ തുടക്കമിടുന്നത്. നികുതി നൽകുന്നതു മുതൽ ശിക്ഷാ നടപടികളിൽ വരെ പുതിയ സംസ്കാരം രൂപപ്പെടുത്താനാണ് ശ്രമം. വിദേശ നിക്ഷേപം ആകർഷിക്കാനും ഈസ് ഒഫ് ഡൂയിംഗ് മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നതിലൂടെ 2047ൽ യാഥാർത്ഥ്യമാവുമെന്ന് കരുതുന്ന വികസിത ഭാരതത്തിലേക്കുള്ള റോഡ് മാപ്പാണ് അവതരിപ്പിച്ചത്.

2025ലെ ആദായ നികുതി ആക്ട് ഈ

ഏപ്രിൽ ഒന്ന് മുതൽ നടപ്പാകും. ലളിതമാക്കിയ നികുതി നിയമങ്ങളും ഫോമുകളും ഉടൻ ലഭ്യമാക്കും. സാധാരണക്കാർക്ക് പോലും എളുപ്പത്തിൽ റിട്ടേൺ നൽകാവുന്ന വിധത്തിലാകും ഫോമുകൾ.

ചെറുകിട നികുതിദായകർക്ക് ലോവർ അല്ലെങ്കിൽ 'നിൽ' ഡിഡക്‌ഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഓട്ടോമേറ്റഡ് സംവിധാനം. സർട്ടിഫിക്കറ്റിനായി അസസ്‌മെന്റ് ഓഫീസർക്ക് അപേക്ഷ നൽകേണ്ടതില്ല.

ചെറിയ ഫീസ് നൽകി റിട്ടേണുകൾക്ക് പുതുക്കാനുള്ള കാലാവധി ഡിസംബർ 31ൽ നിന്ന് മാർച്ച് 31ലേക്ക് നീട്ടി.

 ഓഡിറ്റ് വേണ്ടാത്ത ബിസിനസുകൾക്കും ട്രസ്‌റ്റുകൾക്കും റിട്ടേൺ സമർപ്പിക്കാനുള്ള കാലാവധി ആഗസ്‌റ്റ് 31 ലേക്ക് മാറും

വിദേശ ആസ്തി വെളിപ്പെടുത്തൽ

പ്രൊഫഷണലുകൾ, ബിസിനസുകാർ, മടങ്ങിയെത്തിയ പ്രവാസികൾ തുടങ്ങിയ ചെറുകിട നികുതിദായകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ആറ് മാസത്തെ വിദേശ ആസ്തി വെളിപ്പെടുത്തൽ സ്കീം . വിദേശ വരുമാനവും ആസ്‌തിയും വെളിപ്പെടുത്താത്തവർക്ക് ഒരു കോടി രൂപ വരെയാണ് പരിധി. വിപണി വിലയുടെ 30 ശതമാനം നികുതിയാണ് അടയ്ക്കേണ്ടത്. വിദേശ വരുമാനം വ്യക്തമാക്കി നികുതി അടച്ചിട്ടുണ്ടെങ്കിലും ആസ്തി വെളിപ്പെടുത്താത്തവർക്ക് അഞ്ച് കോടി രൂപയുടെ വരെ വിദേശ ആസ്‌തി വെളിപ്പെടുത്താം.

ശിക്ഷയും പ്രോസിക്യൂഷനും ഏകീകരിക്കും

ഈസ് ഒഫ് ഡ്യൂയിംഗ് ബിസിനസിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന നടപടിക്രമങ്ങളുടെ ബാഹുല്യം ഒഴിവാക്കും.

 അസ‌സ്‌മെന്റിനും പിഴയ്ക്കുമായി വ്യത്യസ്ത ഓർഡറുകൾ ഉണ്ടാകില്ല. ആദ്യ അപ്പലേറ്റ് ട്രിബ്യൂണലിന് മുന്നിൽ അപ്പീൽ സമർപ്പിച്ചതിനു ശേഷമുള്ള കാലയളവിൽ പിഴത്തുകയ്ക്ക് നികുതിദായകർ പലിശ നൽകേണ്ടതില്ല.

അപ്പീൽ നൽകുന്നതിനായി കെട്ടിവെക്കേണ്ട തുക 20 ശതമാനത്തിൽ നിന്ന് പത്ത് ശതമാനമായി കുറയും. കെട്ടിവെക്കുന്ന തുക കണക്കാക്കുമ്പോൾ നികുതി ഡിമാൻഡ് മാത്രമേ പരിഗണിക്കൂ. പിഴയും പലിശയും ഒഴിവാകുന്നതും ആശ്വാസമാകും.

വ്യവഹാരങ്ങൾ കുറയ്ക്കുന്നതിനായി റീഅസസ്‌മെന്റിന് ശേഷവും റിട്ടേൺ പുതുക്കി നൽകാൻ അവസരമുണ്ടാകും. തെറ്റായി റിപ്പോർട്ട് ചെയ്യുന്ന വരുമാനങ്ങളുടെ കാര്യത്തിലും പിഴയും പ്രോസിക്യൂഷനും ഒഴിവാക്കും. നേരത്തെ വരുമാനം കുറച്ച് കാണിക്കുന്ന സാഹചര്യങ്ങളിൽ മാത്രമാണ് ഇത് ബാധകമായിരുന്നത്. ഇത്തരം കേസുകളിൽ നികുതിയുടെ 100 ശതമാനം തുക പിഴയ്ക്കും പലിശയ്ക്കും പുറമെ നികുതിദായകൻ അടക്കണം.

അക്കൗണ്ട് ബുക്കുകളും രേഖകളും ടി.ഡി.എസ് അടവ് വിവരങ്ങളും ഹാജരാക്കാത്ത കേസുകൾ ക്രിമിനൽ കുറ്റമല്ലാതാകും. ശേഷിക്കുന്ന കുറ്റങ്ങളിൽ പരമാവധി രണ്ട് വർഷത്തെ വെറുംതടവ് മാത്രം നൽകാൻ നിയമങ്ങളിൽ മാറ്റം വരുത്തും.

ഡാറ്റ സെന്ററുകൾക്ക്

2047 വരെ ടാക്‌സ് ഹോളിഡേ

ആഗോള ഉപഭോക്താക്കൾക്കായി ക്ളൗഡ് സേവനങ്ങൾ നൽകുന്ന ഡാറ്റ സെന്റർ ഇന്ത്യയിൽ നടത്തുന്ന വിദേശ കമ്പനികൾക്ക് 2047 വരെ സമ്പൂർണ നികുതി ഇളവ് ലഭ്യമാക്കും. ഇവർ റീസെല്ലർ കമ്പനികളിലൂടെ ഇന്ത്യൻ ഉപഭോക്താക്കൾക്കും സേവനം നൽകണമെന്ന് നിബന്ധനയുണ്ട്. കാപ്പിറ്റൽ ഗുഡ്‌സ്, ടൂളിംഗ് ഉപകരണങ്ങൾ തുടങ്ങിയവയുടെ ഉത്പാദനത്തിൽ നിക്ഷേപിക്കുന്ന പ്രവാസികൾക്ക് അഞ്ച് വർഷത്തേക്ക് ആദായ നികുതി ഇളവ് ലഭിക്കും. അനുമാന അടിസ്ഥാനത്തിൽ നികുതി അടക്കുന്ന പ്രവാസികൾക്ക് മിനിമം ആൾട്ടർനേറ്റീവ് നികുതി (മാറ്റ്) ഒഴിവാകും.

TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.