പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധയാകർഷിച്ച മണ്ഡലമായിരുന്നു കോന്നി. കെ.സുരേന്ദ്രൻ ശബരിമല വിഷയം പ്രചാരണ ആയുധമാക്കി മത്സരത്തിനിറങ്ങി. എന്നാൽ, ഫലം വന്നപ്പോൾ യു.ഡി.ഫ് വിജയം സ്വന്തമാക്കി. കോന്നിയിലെ ഉപതിരഞ്ഞെടുപ്പിലും ഈ പോര് ആവർത്തിക്കുകയാണ്. സ്ഥാനാർത്ഥി പ്രഖ്യാപനം മുതലുണ്ടായ യു.ഡി.എഫിലെ പടലപ്പിണക്കം മുതലെടുത്താൽ കോന്നി മണ്ഡലം പിടിക്കാമെന്ന കണക്കു കൂട്ടലാണ് ബി.ജെ.പിക്ക്. പ്രചാരണത്തിനില്ലെന്ന് അടൂർ പ്രകാശ് പ്രഖ്യാപിച്ചതോടെ യു.ഡി.എഫ് വോട്ടുകൾ ലക്ഷ്യമിട്ടു ബി.ജെ.പി പ്രവർത്തനം തുടങ്ങി.
കോന്നി മണ്ഡലം കെെവിടായ നിലനിറുത്തിയതാണ് അടൂർ പ്രകാശ്. അടൂർ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയായ റോബിൻ പീറ്ററെ മാറ്റി നിറുത്തിയാണ് മുൻ ഡി.സി.സി പ്രസിഡന്റുകൂടിയായ മോഹൻ രാജിനെ നേതൃത്വം സ്ഥാനാർത്ഥിയാക്കിയത്. സാമുദായിക പിന്തുണ കോൺഗ്രസിന് ലഭിക്കില്ല എന്നതായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം.
അതേസമയം, അഡ്വ.ജനീഷ് കുമാറിനെ ഇടത് സ്ഥാനാർത്ഥിയാക്കിയതിൽ ഒരു വിഭാഗം സി.പി.എം നേതാക്കൾക്ക് എതിർപ്പുണ്ടായിരുന്നു. ജിനേഷിനെ കുറിച്ച് നല്ല അഭിപ്രായമല്ല മണ്ഡലത്തിലുള്ളതെന്നും കോൺഗ്രസുകാർ പ്രചരിപ്പിക്കുന്നുണ്ട്. അതുപോലെ ബി.ജെ.പി സ്ഥാനാർത്ഥിയായ കെ.സുരേന്ദ്രന്റെ പ്രചാരണത്തിൽ എത്തുന്ന അണികളുടെ സാന്നിദ്ധ്യവും ശ്രദ്ധേയമാണ്. അടിയൊഴുക്കിനുള്ള സാദ്ധ്യതകൾ ബി.ജെ.പി ബാക്കി വയ്ക്കുന്നു.
കോന്നിയിൽ സാമുദായിക സംഘടനകളുടെ നിലപാടുയർത്തുന്ന വെല്ലുവിളി മറികടക്കാനും മുന്നണികൾ ശ്രമിക്കുന്നുണ്ട്. വിശ്രമമില്ലാത്ത പ്രചാരണത്തിൽ സ്ഥാനാർത്ഥികൾ മുഴുകുമ്പോൾ സാമുദായിക സംഘനകളുടെ നിലപാട് മുന്നണികളെ വട്ടം കറക്കുന്നുണ്ട്. ചില സർവേകളിൽ ഇടതിനാണ് മുൻതൂക്കം കാണിക്കുന്നത്. അരൂരും കോന്നിയും ഇടതുപക്ഷത്തോടൊപ്പം നിൽക്കും എന്ന അഭിപ്രായ സർവേകളും പുറത്തുവരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |