തിരുവനന്തപുരം: കൂടത്തായി കൂട്ടക്കൊലക്കേസിലെ കുറ്റാരോപിത മനോരോഗിയാണോ? സമൂഹമൊന്നാകെ ഉന്നയിച്ച ഈ ചോദ്യത്തിന് അറസ്റ്റിലായ യുവതിക്ക് മനോരോഗമില്ലെന്ന വടകര റൂറൽ എസ്.പി കെ.ജി സൈമണിന്റെ കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തലിനെ ശരിവയ്ക്കുകയാണ് പ്രശസ്ത മനോരോഗവിദഗ്ദ്ധനും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ചീഫ് കൺസൾട്ടന്റ് സൈക്യാട്രിസ്റ്റുമായ ഡോ. പി.ജെ.ജോൺ. ഓരോ ദിവസവും പുറത്തുവരുന്ന ഞെട്ടിക്കുന്ന വിവരങ്ങളുടെയും പൊലീസ് വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തിൽ കൂടത്തായി കൂട്ടക്കൊലപാതകത്തെ വിലയിരുത്തുകയാണ് അദ്ദേഹം.
മനോരോഗമുള്ളവർ തെളിവുകൾ നശിപ്പിക്കില്ല
മനോരോഗമുള്ളവർ തെളിവുകൾ നശിപ്പിക്കാനോ കാര്യങ്ങൾ ഒളിപ്പിക്കാനോ ശ്രമിക്കാറില്ല. കൂടത്തായിയിലെ കൂട്ടമരണങ്ങൾ വ്യത്യസ്തമാണ്. നാടിനെ നടുക്കിയ ഈ ക്രൂരമായ കൊലപാതകങ്ങളെല്ലാം പിടിക്കപ്പെടുംവരെ ആത്മഹത്യകളും കുഴഞ്ഞുവീണ് മരണങ്ങളുമായിരുന്നു. കൊല്ലാനുപയോഗിച്ചതായി പൊലീസ് പറയുന്ന സയനൈഡ് ഒളിപ്പിച്ച നിലയിലായിരുന്നു. ആഹാരത്തിൽ വിഷം കലർത്തി ഭർത്താവിനെയും കുടുംബാംഗങ്ങളെയും പരമ്പരയായി കൊന്നൊടുക്കുകയും ഭർത്താവിന്റെ ബന്ധുവിനെ രണ്ടാം ഭർത്താവായി സ്വീകരിച്ച് കുറ്റബോധമോ കൂസലോ ഇല്ലാതെ കഴിയുകയും ചെയ്ത ക്രൂര പ്രവൃത്തിയെയാണ് പലരും കൂടത്തായിയിൽ യുവതിയെ സൈക്കോപാത്തായി നിരീക്ഷിക്കാൻ കാരണമായത്. കൊലപാതക രീതിയും, സ്വത്ത് തട്ടിയെടുക്കലും ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം ചെയ്ത് താമസിക്കാനുള്ള ആഗ്രഹവുമുൾപ്പെടെ ഓരോ കൊലയ്ക്കും പ്രത്യേക ലക്ഷ്യവും ഉദ്ദേശവുമുണ്ടായിരുന്നതിനാൽ കൂടത്തായി കൂട്ടക്കൊലപാതകങ്ങളെ സീരിയൽ കൊലപാതകങ്ങളെന്ന നിലയിൽ മാത്രം ചിത്തഭ്രമക്കൊലകളായി ചിത്രീകരിക്കാൻ കഴിയില്ല.
കൃത്യം നടത്തിയത് അതീവ ഗോപ്യമായിട്ടായിരുന്നെങ്കിലും സയനൈഡ് ശേഖരിക്കാനുൾപ്പെടെ ചിലരുടെ സഹായവും തേടിയിരുന്നു. പിടിക്കപ്പെട്ട യുവതിയ്ക്ക് നാളിതുവരെ മനോരോഗ ചികിത്സ നടത്തിയതായി ബന്ധുക്കളിൽ നിന്നോ വീട്ടുകാരിൽ നിന്നോ അറിയാൻ സാധിച്ചിട്ടില്ല. ഇത്തരം സാഹചര്യങ്ങളിൽ മനോരോഗിയെന്ന ആനുകൂല്യങ്ങൾക്കോ സഹതാപത്തിനോ പോലും അവർക്ക് അർഹതയുണ്ടെന്ന് കരുതാനാകില്ല.
അതിന് അടിസ്ഥാനമില്ല
മനോരോഗിയാണെന്ന സർട്ടിഫിക്കറ്റുള്ളവർ എന്ത് ചെയ്താലും കുഴപ്പമില്ലെന്ന് നമ്മുടെ നാട്ടിൽ പണ്ടുമുതലേ ഒരു കേട്ടുകേൾവിയുണ്ട്. ഒരടിസ്ഥാനവുമില്ലാത്ത കാര്യമാണത്. കുറ്റകൃത്യമോ തെറ്റായ പ്രവൃത്തിയോ ആണ് താൻ ചെയ്യുന്നതെന്ന് തിരിച്ചറിയാൻ കഴിയാത്തവിധം മനോനില തകരാറിലായവരുടെ കാര്യത്തിലൊഴികെ, മനോരോഗ വിദഗ്ദ്ധന്റെ സർട്ടിഫിക്കറ്റുണ്ടെങ്കിൽ ആരെയും കൊല്ലാം, എന്തും ചെയ്യാം എന്ന് പറയുന്നതിൽ കഴമ്പില്ല. സമൂഹത്തിൽ കുറച്ച് പേർ സൈക്കോപാത്തുകളായിരിക്കും. എന്നാൽ, എല്ലാ സൈക്കോപാത്തുകളും കൊലപാതകം ചെയ്യണമെന്നില്ല. സമൂഹത്തിന്റെ ധാർമികതയെയോ മൂല്യബോധത്തെയോ ലംഘിക്കുന്ന ഇവർക്ക് ആരോടും സഹതാപമോ അനുതാപമോ തോന്നണമെന്നില്ല. അധികാരത്തിനോ അധീശത്വത്തിനോ ഉള്ള ആഗ്രഹവും സൈക്കോപതിയുടെ ഒരു പൊതു സ്വഭാവമാണ്. വളരുന്ന സാമൂഹിക സാഹചര്യങ്ങളാണ് അവരെ സ്വാധീനിക്കുന്നത്. ശൈശവ - ബാല്യ - കൗമാര കാലങ്ങളിലെ അവഗണനയും പീഡനവും ഇതിനൊക്കെ നിമിത്തമായിട്ടുണ്ടാകും.
കൂടത്തായിയിലെ കേസിൽ കുറ്റാരോപിത വളർന്ന കുടുംബ സാഹചര്യമോ വിദ്യാഭ്യാസമോ പരിഗണിക്കുമ്പോൾ കേട്ടിടത്തോളം ഇത്തരം സാദ്ധ്യതകൾ വിരളമാണ്. ഇത്തരം കാര്യങ്ങളെല്ലാം വിലയിരുത്തുമ്പോൾ, അറിഞ്ഞിടത്തോളം കൂടത്തായി കേസിൽ കുറ്റാരോപിതയായ യുവതിയെ സൈക്കോപ്പാത്തുകളുടെ ഗണത്തിൽപ്പെടുത്താനാകില്ല. പരമ്പരക്കൊലയാളികൾക്ക് ഓരോ കൊലപാതകം കഴിയുമ്പോഴും ഒരു കൂളിംഗ് പിരീഡ് ഉണ്ടാവും. പിടിക്കപ്പെടുന്നില്ലെന്ന് കാണുമ്പോൾ ക്രമേണ കൊലപാതകിയ്ക്ക് അമിത ആത്മവിശ്വാസമാകും. അത് കുറ്റവാളികളുടെ മനഃശാസ്ത്രമാണ്. ഇക്കാര്യങ്ങളൊക്കെ പരിഗണിച്ചാകാം അന്വേഷണ ഉദ്യോഗസ്ഥൻ കുറ്റാരോപിതയെ മനോരോഗിയായി ചിത്രീകരിക്കരുതെന്ന് വെളിപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |