തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിലും കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി ഓഫീസിലും നിന്ന് കേരള സർവകലാശാല ഉത്തരക്കടലാസുകൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിലെ പ്രതി ശിവരഞ്ജിത്തിനെ ക്രൈംബ്രാഞ്ച് സംഘം ജയിലിലെത്തി ചോദ്യം ചെയ്തു. കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ക്രൈംബ്രാഞ്ച് സി.ഐ പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശിവരഞ്ജിത്തിനെ ചോദ്യം ചെയ്തത്. കോടതി ഉത്തരവ് പ്രകാരം ജയിൽ സൂപ്രണ്ട് ഓഫീസിനോട് ചേർന്നുള്ള മുറിയിലേക്ക് കൂട്ടിക്കൊണ്ടുവന്നായിരുന്നു ചോദ്യം ചെയ്യൽ.
എന്നാൽ, നേരത്തെ നൽകിയ മൊഴിയിൽ നിന്ന് വ്യത്യസ്തമായ മൊഴിയാണ് ചോദ്യം ചെയ്യലിൽ ശിവരഞ്ജിത്ത് പറഞ്ഞിരിക്കുന്നത്. സർവകലാശാലയിൽ നിന്ന് വാഹനത്തിൽ കോളേജിൽ ഇറക്കുന്നതിനിടെ ഉത്തരക്കടലാസ് കെട്ടുകൾ അപഹരിച്ചുവെന്നാണ് കന്റോൺമെന്റ് പൊലീസിനോട് ശിവരഞ്ജിത്ത് മുമ്പ് വെളിപ്പെടുത്തിയത്. എന്നാൽ, യൂണിവേഴ്സിറ്റി കോളേജ് ഓഫീസിലെ മേശയിൽ നിന്ന് താൻ ഉത്തരക്കടലാസകൾ മോഷ്ടിച്ചു എന്നാണ് പുതിയ മൊഴി. മൊഴികളിലെ ഈ വൈരുദ്ധ്യംകാരണം ഇവ വിശകലനം ചെയ്തശേഷം ശിവരഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും തെളിവെടുപ്പ് നടത്താനുമുള്ള ആലോചനയിലാണ് അന്വേഷണ സംഘം.
യൂണിവേഴ്സിറ്റി കോളേജിൽ അഖിലെന്ന വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തെ തുടർന്ന് കോളേജിനുള്ളിലെ എസ്.എഫ്.ഐ യൂണിറ്റ് ഓഫീസിലും ശിവരഞ്ജിത്തിന്റെ വീട്ടിലും നിന്നാണ് കേരള സർവകലാശാലാ ഉത്തരക്കടലാസുകൾ കണ്ടെത്തിയത്. ഉത്തരക്കടലാസിനൊപ്പം ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ ഓഫീസ് സീലും ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് കണ്ടെത്തി. ഇതിൽ കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയത്. സർവകലാശാലയുടെ സീരിയൽ നമ്പറും കോഡ് നമ്പറും 22 പേജുകളുമുള്ള 16 ബുക്ക്‌ലെറ്റുകളാണ് ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത്. സർവകലാശാല പരീക്ഷയുടെ ഉത്തരക്കടലാസുകൾ വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെ പതിവായി കടത്തിയിരുന്നു എന്നാണ് ശിവരഞ്ജിത്ത് ആദ്യം നൽകിയ മൊഴി.
ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത 320548 സീരിയൽ നമ്പരിലുള്ള ഉത്തരക്കടലാസ് 2015 നവംബറിൽ സർവകലാശാലയിൽ നിന്ന് യൂണിവേഴ്സിറ്റി കോളേജ് കൈപ്പറ്റിയ 15 കെട്ടുകളിൽ ഉൾപ്പെടുന്നതാണെന്നും 359467 എന്ന സീരിയൽ നമ്പരിലുള്ളത് 2016 ഏപ്രിലിൽ കൈപ്പറ്റിയ 25 കെട്ടിലുള്ളതാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. സർവകലാശാലയിൽ നിന്ന് യൂണിവേഴ്സിറ്റി കോളേജിലേക്ക് കൈമാറിയ ഉത്തരക്കടലാസുകളാണ് ഇവയെന്ന് പരീക്ഷാ കൺട്രോളറും റിപ്പോർട്ട് നൽകിയിട്ടുണ്ട്. പരീക്ഷയിൽ കോപ്പിയടിക്കാനായി ശിവരഞ്ജിത്ത് സൂക്ഷിച്ചിരുന്നതാണ് ഇവയെന്നാണ് കരുതുന്നത്. പി.എസ്.സി പരീക്ഷാക്രമക്കേട് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അക്കാഡമിക് കഴിവുകൾ വിലയിരുത്താനായി ശിവരഞ്ജിത്തിന്റെ സർവകലാശാല പരീക്ഷയുടെ ഉത്തരക്കടലാസുകൾ പരിശോധിച്ചപ്പോൾ അതിൽ സിനിമാപ്പാട്ടും പ്രേമലേഖനവുമാണ് കണ്ടെത്തിയിരുന്നത്.
ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ശിവരഞ്ജിത്തിനെ വിശദമായി ചോദ്യം ചെയ്തെങ്കിലും ഉത്തരക്കടലാസ് മോഷണത്തിൽ യൂണിവേഴ്സിറ്റി കോളേജ് ജീവനക്കാരുൾപ്പെടെ മറ്റാർക്കും പങ്കില്ലെന്ന മറുപടിയാണ് നൽകിയിട്ടുള്ളത്. എന്നാൽ, ഇത് പൂർണമായും വിശ്വസിക്കാൻ അന്വേഷണ സംഘം തയാറായിട്ടില്ല. തുടർന്നാണ് കഴിഞ്ഞദിവസം വീണ്ടും ചോദ്യം ചെയ്തത്. യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസിൽ ജാമ്യം ലഭിച്ചെങ്കിലും പി.എസ്.സി പരീക്ഷാക്രമക്കേട് കേസിൽ റിമാൻഡിൽ കഴിയുകയാണ് ശിവരഞ്ജിത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |