
ആലപ്പുഴ: കുടുംബപ്രശ്നത്തെ തുടർന്ന് ഭാര്യയെ നടുറോഡിൽ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ ഭർത്താവിന് ഇരട്ട ജീപര്യന്തം. ചേർത്തല പള്ളിപ്പുളം 16-ാം വാർഡിൽ വലിയവെളി വീട്ടിൽ സി.പി. ബാബുവിന്റെ മകൾ അമ്പിളിയെ(43) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പുത്തൻകോനാട്ട് വീട്ടിൽ രാജേഷ് കുമാറിനാണ്(47) ആലപ്പുഴ അഡിഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. ഭാരതി ഇരട്ട ജീവപര്യന്തവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷിച്ചത്. 2024 മേയ് 18ന് വൈകിട്ട് ആറുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.
പള്ളിപ്പുറം തിരുനെല്ലൂർ സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായിരുന്നു അമ്പിളി. ജലഗതാഗത വകുപ്പിൽ സ്രാങ്കാണ് രാജേഷ്‌കുമാർ. പളളിപ്പുറം വില്ലേജ് ഓഫീസിന് സമീപത്തെ കടയിൽ സ്‌കൂട്ടറിലെത്തി അമ്പിളി കളക്ഷൻ എടുത്തുപോകുമ്പോൾ ചേർത്തല-അരൂക്കുറ്റി റോഡിൽ പള്ളിപ്പുറം വില്ലേജ് ഓഫീസിനു സമീപം ബൈക്കിൽ പിന്തുടർന്നെത്തിയായിരുന്നു ആക്രമണം. സ്കൂട്ടർ ചവിട്ടി വീഴ്ത്തിയ രാജേഷ് റോഡിൽ വീണുകിടന്ന അമ്പിളിയെ കൈവശം കരുതിയിരുന്ന കത്തികൊണ്ട് 19 തവണ തുരുതുരാ കുത്തി.
രക്തംവാർന്നുകിടന്ന അമ്പിളിയെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
അക്രമത്തിനു ശേഷം അമ്പിളിയുടെ കൈവശം ഉണ്ടായിരുന്ന 28000 രൂപയടങ്ങിയ കളക്ഷൻ ബാഗും തട്ടിയെടുത്തു കടന്ന രാജേഷ്‌കുമാറിനെ ചേർത്തല പൊലീസ് ഇൻസ്പെക്ടറായിരുന്ന പ്രൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം ചേർത്തലയിലെ ബാറിൽ നിന്നാണ് പിടികൂടിയത്. വിചാരണക്കോടതിയിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രതി ഫയൽ ചെയ്ത ജാമ്യ ഹർജികൾ തള്ളിയിരുന്നു. അഡിഷണൽ ഗവൺമെന്റ് പ്ലീഡർ പബ്ലിക് പ്രോസിക്യൂട്ടർ എസ്.എ. ശ്രീമോനാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |