
90 ദിവസം കഴിഞ്ഞതിനാൽ സ്വാഭാവിക ജാമ്യം
പോറ്റിയുടെ ജാമ്യ ഹർജി നാളെ പരിഗണിക്കും
കൊല്ലം∙ ശബരിമല സ്വർണക്കൊള്ളയിലെ രണ്ടു കേസുകളിലും പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിന് ജാമ്യം. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത പശ്ചാത്തലത്തിലാണ് കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്.മോഹിത് സ്വാഭാവിക ജാമ്യം അനുവദിച്ചത്. സംസ്ഥാനം വിട്ടുപോകരുത്, പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത് എന്നത് ഉൾപ്പെടെയുള്ള ഉപാധികളോടെയാണ് ജാമ്യം.
നവംബർ ഒന്നിനാണ് സുധീഷ് കുമാറിനെ അറസ്റ്റു ചെയ്തത്. കട്ടിളപ്പാളി കേസിൽ അഞ്ചാം പ്രതിയും ദ്വാരപാലക ശില്പപ്പാളി കേസിൽ മൂന്നാം പ്രതിയുമാണ്. അതേസമയം, ദ്വാരപാലക ശില്പപ്പാളി കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യ ഹർജി ഇന്നു പരിഗണിക്കും. കട്ടിളപ്പാളി കേസിൽ ഇന്നലെ സമർപ്പിച്ച ജാമ്യ ഹർജിയും ഇന്നു പരിഗണിച്ചേക്കും.
കട്ടിളപ്പാളി കേസിൽ സ്വാഭാവിക ജാമ്യത്തിനായി മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യ ഹർജി നാളെ പരിഗണിക്കും. ദ്വാരപാലക കേസിൽ പോറ്റിക്ക് ജനുവരി 21ന് സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. കുറ്റപത്രം സമർപ്പിക്കാത്ത പശ്ചാത്തലത്തിൽ കട്ടിളപ്പാളി കേസിലും ജാമ്യം ലഭിക്കാൻ സാദ്ധ്യതയുണ്ട്.
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ.വാസുവിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി ദീർഘിപ്പിച്ചു. ഇന്നലെ വാസുവിനെ കോടതിയിൽ നേരിട്ട് ഹാജരാക്കിയിരുന്നു. അറസ്റ്റ് ചെയ്ത് 90 ദിവസം ഈയാഴ്ച അവസാനം പിന്നിടുന്ന പശ്ചാത്തലത്തിൽ വാസുവും സ്വാഭാവിക ജാമ്യത്തിന് അപേക്ഷ നൽകിയേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |