SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.36 PM IST

ഇന്ധന ചോർച്ച: 'ആർട്ടിമിസ്-2' ദൗത്യം വീണ്ടും മാറ്റി

Increase Font Size Decrease Font Size Print Page
a

ഫ്ലോറിഡ:ഈമാസം 8ന് നടത്താനിരുന്ന 'ആർട്ടിമിസ്-2' വിക്ഷേപണം സാങ്കേതിക തകരാറുകളെ തുടർന്ന് വീണ്ടും മാറ്റിയതായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അറിയിച്ചു.54 വർഷങ്ങൾക്ക് ശേഷം മനുഷ്യരെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കുന്ന ദൗത്യമാണിത്.വിക്ഷേപണ വാഹനമായ സ്പേസ് ലോഞ്ച് സിസ്റ്റം (SLS) റോക്കറ്റിന്റെ അടിഭാഗത്ത് ഹൈഡ്രജൻ ചോർച്ച കണ്ടെത്തിയതിനെ തുടർന്നാണിത്. തകരാറുകൾ പരിഹരിച്ച് മാർച്ചിൽ ലോഞ്ച് നടക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.പേടകത്തിലെ മർദ്ദ നിയന്ത്രണ വാൾവിലും ചെറിയ പ്രശ്നം കണ്ടെത്തി പ്രശ്നം പരിഹരിച്ചിരുന്നു.പക്ഷേ ഹൈഡ്രജൻ ചോർച്ച പൂർണ്ണമായി നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞില്ല.തുടർന്നാണ് വിക്ഷേപണം മാറ്റിയത്.ഈമാസം 6നാണ് വിക്ഷേപണം നിശ്ചയിച്ചിരുന്നത്.എന്നാൽ ഫ്ലോറിഡയിലെ അതിശൈത്യം മൂലം മാറ്റിവെയ്‌ക്കുകയായിരുന്നു.അറ്റകുറ്റപ്പണികൾ ചെയ്ത് പ്രശ്നം പൂർണമായും പരിഹരിച്ച ശേഷം വീണ്ടുമൊരു വെറ്റ് ഡ്രെസ് റിഹേഴ്സൽ നടത്തിയ ശേഷമാകും അന്തിമ വിക്ഷേപണ തീയതി പ്രഖ്യാപിക്കുക.പത്ത് ദിവസം നീളുന്ന ആർട്ടിമിസ് 2 ദൗത്യത്തിലൂടെ നാല് പേരാണ് ചന്ദ്രനെ ചുറ്റി തിരിച്ചുവരിക.നാസയുടെ റീഡ് വൈസ്മാനാണ് ദൗത്യത്തിന്റെ കമാൻഡർ,നാസയുടെ വിക്ടർ ഗ്ലോവർ മിഷൻ പൈലറ്റും,ക്രിസ്റ്റീന കോച്ച് മിഷൻ സ്പെഷ്യലിസ്റ്റുമാണ്. മിഷൻ സ്പെഷ്യലിസ്റ്റായ കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ ജെറമി ഹാൻസെണാണ് സംഘത്തിലെ നാലാമൻ.

വെറ്റ് ഡ്രസ് റിഹേഴ്‌സൽ"

വെറ്റ് ഡ്രസ് റിഹേഴ്‌സൽ" എന്നറിയപ്പെടുന്ന ഇന്ധനപരീക്ഷണത്തിലാണ് വാതക ചോർച്ച കണ്ടെത്തിയത്. ലിഫ്റ്റോഫിന് തൊട്ടുമുൻപുള്ള അവസാന ഘട്ടങ്ങൾ വരെ പരീക്ഷിച്ച്, കൗണ്ട്ഡൗൺ നടപടിക്രമങ്ങളും നടത്തി വിക്ഷേപണ വാഹനത്തിന് തകരാറുകളൊന്നുമില്ലെന്ന് ലോഞ്ചിന് മുൻപ് ഉറപ്പ് വരുത്തുന്ന പരീക്ഷണമാണ് ഇത്.

യാത്രികർ ക്വാറന്‍റൈനിൽ

ലോഞ്ച് വൈകുമെന്നതിനാൽ നാല് യാത്രികരെയും ലോഞ്ചിന് മുന്നോടിയായുള്ള ക്വാറന്‍റൈനിൽ നിന്ന് പറഞ്ഞയച്ചതായാണ് വിവരം. പുതിയ ലോഞ്ച് തീയതി തീരുമാനിച്ച ശേഷം ഹ്യൂസ്റ്റണിൽ ഇവർക്കായുള്ള പരിശീലനം പുനരാരംഭിക്കും. നാസയുടെ കമാൻഡർ റീഡ് വൈസ്‌മാൻ, പൈലറ്റ് വിക്‌ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റായ ക്രിസ്റ്റീന കോച്ച്, കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ (സിഎസ്എ) ജെറമി ഹാൻസെൻ എന്നിവരാണ് ദൗത്യത്തിന്റെ ഭാഗമാകുന്നത്.

എന്താണ് ആർട്ടിമിസ്-2 ദൗത്യം?
മനുഷ്യരെ ആദ്യമായി ചന്ദ്ര ദക്ഷിണധ്രുവത്തിൽ ഇറക്കുന്ന ദൗത്യമാണിത്. 1972 ഡിസംബറിലാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത്. അപ്പോളോ ദൗത്യത്തിൽ. ഇതിന് ശേഷം 54 വർഷങ്ങൾക്ക് ശേഷമാണ് ബഹിരാകാശ സംഘത്തെ ചന്ദ്രനെ ചുറ്റാനായി അയയ്ക്കാൻ നാസ പദ്ധതിയിടുന്നത്. ആർട്ടിമിസ്-2 ദൗത്യത്തിൽ സംഘം ചന്ദന്‍റെ ഭ്രമണപഥത്തെ ചുറ്റിയ ശേഷം തിരികെ ഭൂമിയിലേക്ക് മടങ്ങും. ആദ്യമായി ഒരു വനിത ചന്ദ്രനിലേക്ക് സഞ്ചരിക്കുന്ന ദൗത്യം കൂടിയാണിത്. പത്ത് ദിവസം നീളുന്നതാണ് ദൗത്യം.

ആർട്ടിമിസ് 3 ദൗത്യം 2027ൽ

2027ൽ ആയിരിക്കും ആർട്ടെമിസ് 3 ദൗത്യം വിക്ഷേപിക്കുക.ആർട്ടിമിസ്-2 ദൗത്യത്തിൽ ബഹിരാകാശ പേടകം ചന്ദ്രോപരിതലത്തിൽ ലാൻഡിങ് നടത്തില്ല.അതേസമയം ആർട്ടിമിസ് 3 ദൗത്യം ചന്ദ്രനിൽ ഇറങ്ങും.ആർട്ടിമിസ്-2 ദൗത്യത്തിൽ സംഘത്തിന്റെ കണ്ടെത്തലുകളും പരീക്ഷണങ്ങളും അനുഭവസമ്പത്തും ചന്ദ്രനിലേക്ക് ഇറങ്ങുന്ന അടുത്ത ദൗത്യത്തെ കൂടുതൽ എളുപ്പമാക്കും.2022 ഓഗസ്റ്റിലാണ് നാസയുടെ ഡീപ് സ്പേസ് എക്സ്പ്ലോറേഷൻ സിസ്റ്റങ്ങളുടെ ആദ്യത്തെ സംയോജിത ഫ്ലൈറ്റ് പരീക്ഷണമായ ആർട്ടിമിസ് I നാസ പരീക്ഷിച്ചത്. ആർട്ടിമിസ് II ഉപയോഗിച്ച് നാസ അതിന്റെ ഓറിയോൺ ബഹിരാകാശ പേടകവും ആഴത്തിലുള്ള ബഹിരാകാശ പര്യവേക്ഷണ സംവിധാനങ്ങളും യഥാർത്ഥ സാഹചര്യങ്ങളിൽ കർശനമായി പരീക്ഷിക്കും.

എന്തൊക്കെ പരീക്ഷണങ്ങൾ നടത്തും?
ആർട്ടിമിസ്-3 ദൗത്യത്തിന് മുന്നോടിയായി ജീവൻ നിലനിർത്തുന്ന വസ്‌തുക്കളും മറ്റ് നിർണായക സംവിധാനങ്ങളും ആർട്ടിമിസ്-2 ദൗത്യത്തിൽ പരിശോധിക്കും. ഇതിനായി പേടകം ഭൂമിക്ക് ചുറ്റും ഒരു പ്രാരംഭ ഭ്രമണപഥം പൂർത്തിയാക്കും. ഭൂമിയോട് അടുത്തായിരിക്കുമ്പോൾ തന്നെ,ശ്വസിക്കാൻ കഴിയുന്ന വായു ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ ജീവൻ നിലനിർത്തുന്ന സംവിധാനങ്ങളുടെ പ്രകടനം ക്രൂ വിലയിരുത്തും.തുടർന്ന് ബഹിരാകാശയാത്രികർ ചന്ദ്രന്റെ ഗുരുത്വാകർഷണം ഉപയോഗിച്ച് ഒരു ട്രാൻസ്-ലൂണാർ ഇഞ്ചക്ഷൻ ബേൺ പരീക്ഷിക്കും.ഈ ദൗത്യം ബഹിരാകാശയാത്രികരെ ഭൂമിയിൽ നിന്ന് 230,000 മൈലിലധികം ദൂരത്ത് എത്തിക്കും.മടക്കയാത്രയ്‌ക്കായി പേടകം അധിക എഞ്ചിൻ ബേണുകൾ ഇല്ലാതെ ഭൂമിയിലേക്ക് തിരികെ എത്താൻ അനുവദിക്കുന്ന സ്വതന്ത്ര പാത പിന്തുടരും.ഉയർന്ന വേഗതയിലായിരിക്കും പേടകം അന്തരീക്ഷ പുനഃപ്രവേശിക്കുക. പസഫിക് സമുദ്രത്തിലായിരിക്കും സ്പ്ലാഷ്‌ഡൗൺ നടക്കുക.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY