
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്ത തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ മൊഴി പുറത്ത്. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് തനിക്ക് യാതൊരുവിധ സാമ്പത്തിക നേട്ടവും ഉണ്ടായിട്ടില്ലെന്നും അനധികൃതമായി ഒരു രൂപപോലും സമ്പാദിച്ചിട്ടില്ലെന്നുമാണ് മുരാരി ബാബുവിന്റെ മൊഴി.
സ്വത്തുക്കളുമായി ബന്ധപ്പെട്ട എന്ത് രേഖകളും ഹാജരാക്കാൻ തയ്യാറാണെന്നും അദ്ദേഹം ഉദ്യോഗസ്ഥരെ അറിയിച്ചു. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിച്ച മുരാരി ബാബു ഇന്നലെ രാവിലെ 10നാണ് കടവന്ത്രയിലെ ഇഡി ഓഫീസിൽ ഹാജരായത്. സ്വർണക്കൊള്ള കേസിലെ പങ്ക്, സാമ്പത്തിക ഇടപാടുകളിൽ ബന്ധമുള്ളവർ എന്നിവയെക്കുറിച്ചാണ് ഇഡി പ്രധാനമായും അന്വേഷിച്ചതെന്നാണ് സൂചന.
കേസിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിനുള്ള നീക്കത്തിലാണ് ഇഡി. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. ജനുവരി 29ന് ജാമ്യം ലഭിച്ച എസ് ശ്രീകുമാർ ഈയാഴ്‌ച ഹാജരാകണമെന്ന് നോട്ടീസിൽ നിർദ്ദേശിക്കുന്നു. എസ്ഐടി കേസിൽ ജാമ്യം നേടിയവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചശേഷം മറ്റ് പ്രതികളിലേക്കും കടക്കാനാണ് ഇഡിയുടെ നീക്കം.
അതേസമയം, ശബരിമല സ്വർണക്കൊള്ളയിലെ രണ്ടു കേസുകളിലും ഇടക്കാല കുറ്റപത്രം ഉടൻ നൽകാൻ എസ്ഐടി. ഇതിന്റെ കരട് തയ്യാറാക്കിയിട്ടുണ്ട്. സർക്കാരിൽ നിന്ന് പ്രോസിക്യൂഷൻ അനുമതി നേടിയ ശേഷമായിരിക്കും കോടതിയിൽ സമർപ്പിക്കുക. അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം നൽകാത്തതിനാൽ പ്രതികൾക്കെല്ലാം സ്വാഭാവിക ജാമ്യം കിട്ടുന്ന സാഹചര്യമാണിപ്പോൾ. കുറ്റപത്രം വൈകുന്നതിൽ പ്രതിപക്ഷം ആരോപണം കടുപ്പിക്കുകയും ചെയ്തു.
വി.എസ്.എസ്.സിയിൽ നിന്നുള്ള ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചാൽ അതു കൂടി കുറ്റപത്രത്തിനൊപ്പം ഉൾപ്പെടുത്തും. ശബരിമലയിൽ നിന്ന് എത്രത്തോളം സ്വർണം കൊള്ളയടിച്ചെന്ന് ഈ റിപ്പോർട്ട് ലഭിച്ചാലേ ഉറപ്പിക്കാനാവൂ. കരട് കുറ്റപത്രം നിയമോപദേശത്തിന് അയയ്ക്കും. മാർച്ച് ആദ്യ വാരത്തോടെ കോടതിയിൽ സമർപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |