
തൃശൂർ: കേരളത്തിന്റെ ശത്രുപക്ഷമായി പ്രതിപക്ഷം മാറിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ്. തൃശൂർ തെക്കെ ഗോപുരനടയിൽ എൽ.ഡി.എഫ് തെക്കൻ മേഖലാ ജാഥയുടെ സമാപനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജാഥാ മാനേജർ കൂടിയായ സ്വരാജ്. നവകേരളം എന്ന ലക്ഷ്യത്തിലേക്ക് നയിക്കുന്നത് ഇടതുപക്ഷമാണ്. 2016ന് ശേഷം കേരള ചരിത്രത്തിലെ സുവർണ കാലമായാകും ഈ കാലത്തെ അടയാളപ്പെടുത്തുക.
ചരിത്രത്തിലെ ഏറ്റവും വലിയ അനീതിയുമായി കേരളത്തോട് കേന്ദ്രം പക തീർക്കുമ്പോഴാണ് ചരിത്രനേട്ടങ്ങളോരോന്നും കേരളം സ്വന്തമാക്കിയത്. രാജ്യത്തെ കർഷകരെ ദുരിതത്തിലാക്കുന്നതാണ് ഇന്ത്യ - അമേരിക്ക കരാർ. തൊഴിലുറപ്പ് പദ്ധതിയുടെ പേര് മായ്ച്ചുകളയുക മാത്രമല്ല, പദ്ധതിക്ക് മരണവാറണ്ട് കൂടി ഒരുക്കുകയാണ് കേന്ദ്രമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജാഥാ അംഗങ്ങളായ സി.എസ്.സുജാത, പി.വസന്തം, ഉഴമലയ്ക്കൽ വേണുഗോപാൽ, യൂജിൻ മോറേലി, അൻവർ സാദത്ത്, ജോണി ചെറുപറമ്പിൽ, എൽ.ഡി.എഫ് നേതാക്കളായ എം.എം.വർഗീസ്, കെ.പി.രാജേന്ദ്രൻ, കെ.കെ.വത്സരാജ്, കെ.വി.അബ്ദുൾ ഖാദർ, കെജി.ശിവാനന്ദൻ, പി.കെ.ഷാജൻ, എം.കെ.കണ്ണൻ, ജയ്‌സൺ മാണി, പോൾ എം.ചാക്കോ, അഡ്വ.കെ.എം.വിവേകാനന്ദൻ, ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്, അഡ്വ.സി.ടി.ജോഫി, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.കെ.രവീന്ദ്രൻ, അനൂപ് ഡേവിസ് കാട, കെ.ബി.സുമേഷ് തുടങ്ങിയവർ പങ്കെടുത്തു.
ജാഥ സഞ്ചരിച്ചത് 5 മണ്ഡലങ്ങളിലൂടെ
തൃശൂർ: സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന എൽ.ഡി.എഫ് തെക്കൻ മേഖലാ ജാഥ ഇന്നലെ സഞ്ചരിച്ചത് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലൂടെ. വർണക്കുടകളും കൊട്ടും മേളവുമായാണ് ജാഥയെ സ്വീകരിച്ചത്. രാവിലെ 10ന് ഗുരുവായൂർ മണ്ഡലത്തിലെ ചാവക്കാട് ചത്വരത്തിൽ നിന്ന് ആരംഭിച്ച ജാഥ 11ന് മണലൂർ മണ്ഡലത്തിൽ പ്രവേശിച്ചു. ഉച്ചയ്ക്ക് 3ന് നാട്ടിക മണ്ഡലത്തിലെ ചേർപ്പിലും 4ന് കയ്പമംഗലം മണ്ഡലത്തിലെ മതിലകം സെന്ററിലും സ്വീകരണങ്ങൾ ഏറ്റുവാങ്ങി. തൃശൂർ തേക്കിൻകാട് മൈതാനിയിൽ ഒല്ലൂർ, തൃശൂർ മണ്ഡലങ്ങളുടെ സംയുക്ത സ്വീകരണത്തോടെ ജാഥാ സമാപിച്ചു. ചാവക്കാട് നടന്ന സ്വീകരണത്തിൽ എൻ.കെ.അക്ബർ എം.എൽ.എ അദ്ധ്യക്ഷനായി. മണലൂരിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി വി.ആർ.മനോജും നാട്ടിക മണ്ഡലത്തിലെ ചേർപ്പിൽ സി.പി.എം ഏരിയ സെക്രട്ടറി എ.എസ്.ദിനകരനും മതിലകത്ത് ഇ.ടി.ടൈസൺ എം.എൽ.എയും ഒല്ലൂർ തൃശൂർ മണ്ഡലത്തിലെ സ്വീകരണത്തിൽ മന്ത്രി കെ.രാജനും അദ്ധ്യക്ഷരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |