SignIn
Kerala Kaumudi Online
Wednesday, 22 April 2026 1.52 AM IST

നടുത്തളത്തിൽ പ്രതിഷേധം: നടപടികൾ ചുരുക്കി നിയമസഭ പിരിഞ്ഞു

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം മന്ത്രി രാജി വയ്ക്കണമെന്നും എസ്.ഐ.ടിക്ക് മേലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നലെയും

നിയമസഭാ നടപടികൾ തടസപ്പെടുത്തി. നടുത്തളത്തിലിറങ്ങിയുള്ള സമരം ശക്തമായതോടെ, ചോദ്യോത്തരവേള സ്‌പീക്കർ എ.എൻ.ഷംസീർ റദ്ദാക്കി. ബഹളത്തിനിടെ ധനവിനിയോഗ ബിൽ ചർച്ചയില്ലാതെ പാസാക്കി നടപടികൾ വെട്ടിച്ചുരുക്കി സഭ പിരിഞ്ഞു. ഇനി 23 ന് വീണ്ടും ചേരും.

ഇന്നലെ രാവിലെ ചോദ്യോത്തരവേള തുടങ്ങിയപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, സ്വർണക്കൊള്ളക്കേസിൽ സമരം തുടരുകയാണെന്നും സഭാ നടപടികളോട് നിസഹകരിക്കുകയാണെന്നും സ്പീക്കറെ അറിയിച്ചു. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ളവർ സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങുകയാണ്. എസ്‌.ഐ.ടിയുടെ അന്വേഷണത്തിൽ ജനങ്ങൾക്കു തൃപ്തിയില്ല. ഇങ്ങനെ പോയാൽ ശബരിമല സ്വർണക്കേസ് മുങ്ങിപ്പോകും. സി.പി.എമ്മിന്റെ പ്രധാന നേതാക്കൾ ജയിലിൽ പോകുമെന്ന ഭയം കൊണ്ടാണു കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നതെന്നും സതീശൻ പറഞ്ഞു. കഴിഞ്ഞ ദിവസം സഭയിൽ പ്രതിപക്ഷം ഉയർത്തിയ ബാനർ വാച്ച് ആൻഡ് വാർഡന്മാർ ബലമായി പിടിച്ചുമാറ്റുകയായിരുന്നു. ബാനർ വാങ്ങാനാണ് എം.എൽ.എമാർ ഡയസിൽ കയറിയതെന്നും അല്ലാതെ അവരെ മർദിച്ചിട്ടില്ലെന്നും സതീശൻ പറഞ്ഞു. സതീശന്റെ പ്രസംഗത്തിൽ ഭരണപക്ഷാംഗങ്ങളും പ്രകോപിതരായി. പ്രതിപക്ഷത്തിനെതിരെ പ്ലക്കാർഡുകളുമായി അവരും മുദ്രാവാക്യം വിളിച്ചു.

പ്ലക്കാർഡുകളും ബാനറുമായെത്തിയ പ്രതിപക്ഷം ഡയസിന് മുന്നിലേക്ക് മുദ്രാവാക്യം വിളികളുമായി എത്തി.

പിന്നാലെ നടുത്തളത്തിൽ കുത്തിയിരുന്നു. 'കള്ളന്മാരുടെ വിഹാരകാലം, അതാണിവിടെ പിണറായി കാലം", 'കള്ളന്മാരെ സൂക്ഷിച്ചോ,നിങ്ങളുടെ നാളുകൾ എണ്ണപ്പെട്ടു " എന്നിങ്ങനെ മുദ്രാവാക്യങ്ങൾ മുഴക്കി.ധനാഭ്യർത്ഥന അവതരിപ്പിക്കുന്നതിനിടെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ചു. നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനങ്ങളാണിതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ആരോപണം സഭയിൽ ചർച്ച ചെയ്‌താൽ ഉള്ളി തൊലിച്ചതു പോലെയാകും എന്നറിയുന്നതിനാലാണ് സമരം തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.തുടർന്ന് 51 മിനിറ്റുനുള്ളിൽ സ്പീക്കർ സഭാ നടപടികൾ അവസാനിപ്പിച്ചു.

തെരുവിലിട്ട് അലക്കുന്നത് ശരിയല്ല: സ്പീക്കർ

സ്പീക്കറെ തെരുവിലിട്ട് അലക്കുന്നതു ശരിയല്ലെന്ന് എ.എൻ.ഷംസീർ പറഞ്ഞു. കഴിഞ്ഞ ദിവസം തന്റെ ഡയസിൽ കയറിയ പ്രതിപക്ഷ എം.എൽ.എമാരുടെ നടപടി ശരിയല്ല. സെക്രട്ടേറിയറ്റിനു മുന്നിൽ പൊലീസ് ബാരിക്കേഡ് മറിച്ചിട്ടു കടക്കുന്നതു പോലെയാണു ഡയസിൽ കയറിയത്. താൻ സഭയിലേക്ക് എയർ ഡ്രോപ് ചെയ്യപ്പെട്ടു വന്നതല്ല. ഒരുതരത്തിലുള്ള പ്രകോപനവും വാച്ച് ആൻഡ് വാർഡന്മാരിൽ നിന്ന് ഉണ്ടായിട്ടില്ല. എന്നാൽ ബാനറിന്റെ കമ്പുകൊണ്ട് അവരെ പ്രതിപക്ഷ എം.എൽ.എമാർ അടിക്കുന്ന സ്ഥിതിയുണ്ടായി. ചെയർ കള്ളം പറയുന്നെന്നാണ് ചില പ്രതിപക്ഷ എം.എൽ.എമാരുടെ ആരോപണം. ഡയസിലുണ്ടായ സംഭവത്തിൽപ്പെട്ടവരുടെ പേരുകൾ തന്റെ വായിൽ കൈയിട്ട് പറയിക്കാൻ ശ്രമിക്കരുത്. സ്വർണക്കൊള്ളയിൽ ചർച്ചക്കു തയ്യാറാണെന്നു സർക്കാർ പലതവണ അറിയിച്ചു. എന്നാൽ പ്രതിപക്ഷം ചർച്ചക്ക് തയ്യാറാകുന്നില്ല.

TAGS: ASSEMBLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.