തിരുവനന്തപുരം: വിദ്യാർത്ഥികളിൽ റോഡ് സുരക്ഷാ സംസ്കാരം വളർത്തിയെടുക്കുന്നതിനായി മോട്ടോർ വാഹന വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് 'റോഡ് സേഫ്റ്റി കേഡറ്റ്' പ്രോഗ്രാം നടപ്പിലാക്കുമെന്ന് മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.ബി.ഗണേശ്കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സുരക്ഷിതമായ റോഡ് സംസ്കാരം വളർത്തിയെടുത്ത് അപകടങ്ങൾ കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം.
സംസ്ഥാനതല ഉദ്ഘാടനം ഈ മാസം മാവേലിക്കരയിൽ നടക്കും.പരിശീലനം പൂർത്തിയാക്കിയ 30 കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡും നടക്കും. ജോൺ എഫ്. കെന്നഡി മെമ്മോറിയൽ സ്കൂളിൽ പൈലറ്റ് റൺ വിജയകരമായി പൂർത്തിയാക്കി.
ആദ്യഘട്ടത്തിൽ വിദ്യാഭ്യാസ ജില്ലയിൽ ഓരോ ഹൈസ്കൂൾ/ഹയർ സെക്കൻഡറി സ്കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കാണ് മുൻഗണന. അടുത്ത അദ്ധ്യയന വർഷം സംസ്ഥാനവ്യാപകമായി പദ്ധതിക്ക് തുടക്കം കുറിക്കും.
ഒരു ബാച്ചിൽ 30 വിദ്യാർത്ഥികളാണ്.15 മണിക്കൂർ പഠന ക്ലാസുകൾ, 5 മണിക്കൂർ പ്രവൃത്തിപരിചയം, 10 മണിക്കൂർ നീന്തൽ ഉൾപ്പെടെയുള്ള ജീവൻ രക്ഷാ പരിശീലനം. അഗ്നിശമന സേനയുമായി ചേർന്ന് ട്രോമാകെയർ, പ്രഥമ ശുശ്രൂഷ, ലഹരി വിരുദ്ധ പ്രവർത്തനം എന്നിവയിലും പരിശീലനം നൽകും. കെ.എസ്.ആർ.ടി.സി വർക്ക്ഷോപ്പുകൾ വഴി സാങ്കേതിക പ്രവൃത്തിപരിചയവും ലഭ്യമാക്കും.പരിശീലനം പൂർത്തിയാക്കുന്നവർക്ക് മോട്ടോർ വാഹന വകുപ്പ് സർട്ടിഫിക്കറ്റുകൾ നൽകും. ഗ്രേസ് മാർക്ക് നൽകുന്ന കാര്യവും പരിഗണനയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |