SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.54 PM IST

എം. മുരളി: മരണമില്ലാത്ത സൗഹൃദത്തിന്റെ പേര് -രമേശ് ചെന്നിത്തല

Increase Font Size Decrease Font Size Print Page
e

എല്ലാ വിയോഗങ്ങളും വേദനാജനകമാണ്.ചിലതാവട്ടെ അവിശ്വസനീയവും.എന്റെ ബാല്യകാല സുഹൃത്തായ എം. മുരളിയുടെ വിയോഗം അത്തരത്തിലൊന്നാണ്.അത്രമേൽ ആത്മബന്ധമുണ്ടായിരുന്ന സഹപ്രവർത്തകനെയാണ് നഷ്ടമായത്.ചെന്നിത്തല പഞ്ചായത്തിൽ ജനിച്ചു വളർന്നവരാണ് ഞങ്ങൾ.ബാലജനസംഖ്യത്തിലൂടെ പൊതുരംഗത്തെത്തി.വിദ്യാർത്ഥി യൂണിയനിലൂടെ കോൺഗ്രസിന്റെ കൊടിയും ആശയവും ഏറ്റുവാങ്ങിയവരായിരുന്നു ഞങ്ങൾ.യൂണിറ്റ് കമ്മിറ്റികളിൽ തുടങ്ങി രണ്ടു പേർക്കും നീലപ്പടയുടെ സംസ്ഥാന പ്രസിഡന്റുമാരാകാൻ വരെ കഴിഞ്ഞു.

1989ൽ കോട്ടയം ലോക്സഭ തിരഞ്ഞെടുപ്പിൽ എന്റെ വിജയത്തിനായി കൂടെത്തന്നെയുണ്ടായിരുന്നു മുരളി.പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിനെത്തുടർന്ന് ഒഴിവ് വന്ന ഹരിപ്പാട് നിയമസഭാ മണ്ഡലത്തിൽ മുരളിയാണു പകരം മത്സരിച്ചത്.പിന്നീടദ്ദേഹം മാവേലിക്കരയിലേക്കു തട്ടകം മാറ്റി.വളരെ സാധാരണ നിലയിൽ നിന്നാണ് അദ്ദേഹം സാമാജികനായി നിയമസഭയിൽ എത്തിയത്.അപ്പോഴും ത്വതസിദ്ധമായ ലാളിത്യം അദ്ദേഹം പിന്തുടർന്നു.കൂട്ടുകാരുടെ സ്‌കൂട്ടറായിരുന്നു അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനം.അതുകൊണ്ടു തന്നെ ആ കാലത്ത് സ്വന്തം മണ്ഡലത്തിലെ ഒരു പെട്ടിക്കട പോലും അദ്ദേഹത്തിനു പരിചയമായിരുന്നു.ഈ ബന്ധമാണ് നാലു തവണ മുരളിയെ മാവേലിക്കരയുടെ എം.എൽ.എ ആക്കിയത്.

സംഘടനാ പ്രവർത്തനരംഗത്ത് മുരളി കരുത്തുറ്റ സാന്നിധ്യമായിരുന്നു.ഞാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നപ്പോൾ നടത്തിയ കേരളാ മാർച്ചിൽ ജനറൽ സെക്രട്ടറിയെന്ന നിലയിൽ മുരളി എന്നോടൊപ്പമുണ്ടായിരുന്നു.കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ മുരളിയുടെ പേര് എക്കാലവും തിളങ്ങി നിൽക്കും.

ഒരുമിച്ച് നടന്നവർ,ഒരേ സ്വപ്നങ്ങൾ കാണുകയും യാഥാർത്ഥ്യമാക്കാൻ ജീവിതം സമർപ്പിക്കുകയും ചെയ്തവർ,സ്‌നേഹം വാരിവിതറി പലപ്പോഴും നമ്മളെ കീഴ്‌പ്പെടുത്തിയവർ വിടപറഞ്ഞകലുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയാണുണ്ടാകുന്നത്.എന്നാൽ കാലത്തിന്റെ തിരുമാനങ്ങളെ അതിജീവിക്കാൻ മനുഷ്യരാൽ അസാധിക്കില്ലല്ലോ.അങ്ങനെയൊരു വിങ്ങലിലാണ് ഞാൻ.അദ്ദേഹം വിടവാങ്ങിയ വാർത്തയറിഞ്ഞപ്പോൾ എന്റെ മനസിൽ തിരയടിച്ചത് പഴയ നിറമുള്ള ഓർമ്മകളാണ്.അഞ്ച് ദശാബ്ദങ്ങൾ നീണ്ട അനിർവചനീയവും,ആഴമേറിയതും ആത്മാർഥവുമായ സൗഹൃദത്തിന്റെ ഓർമ്മകൾക്ക് പകരം വയ്ക്കാൻ മറ്റൊന്നുമില്ലല്ലോ.എന്റെ പ്രിയപ്പെട്ട മുരളിയുടെ ഓർമ്മകൾക്ക് മുന്നിൽ കണ്ണീർപ്പൂക്കൾ സമർപ്പിക്കാൻ മാത്രമേ കഴിയുന്നുള്ളൂ.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY