
ന്യൂഡൽഹി: സംസ്ഥാന പൊലീസ് മേധാവിയെ നിയമിക്കാനുള്ള നടപടികൾ സംസ്ഥാനങ്ങൾ വൈകിപ്പിച്ചാൽ ഉടൻ അറിയിക്കണമെന്ന് യു.പി.എസ്.സിയോട് സുപ്രീംകോടതി. ആക്‌ടിംഗ് ഡി.ജി.പിമാരെ നിയമിക്കുന്ന പ്രവണത അനുവദിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ചില സംസ്ഥാനങ്ങൾ ഡി.ജി.പി നിയമനവുമായി ബന്ധപ്പെട്ട ശുപാർശ യു.പി.എസ്.സിക്ക് അയക്കാതെ ആക്‌ടിംഗ് പൊലീസ് മേധാവിയെ നിയമിക്കുകയാണ്. യോഗ്യതയുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പരിഗണിക്കപ്പെടാതെ പോകുന്ന സാഹചര്യമുണ്ടാകും. ഈ പ്രവണത വച്ചുപൊറുപ്പിക്കില്ല. കൃത്യസമയത്ത് തന്നെ ശുപാർശ അയക്കണമെന്ന് യു.പി.എസ്.സിക്ക് സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടാം. ഏതെങ്കിലും സംസ്ഥാനം വീഴ്ചവരുത്തിയാൽ സുപ്രീംകോടതിയെ സമീപിക്കാവുന്നതാണ്. സംസ്ഥാന സർക്കാരുകളെ ഉത്തരവാദികളാക്കുമെന്നും നടപടിയുണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി. തെലങ്കാനയിലെ ഡി.ജി.പി നിയമനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുമ്പോഴാണിത്. 2017മുതൽ ഇത്തരത്തിലുള്ള വൈകലുകളുണ്ടെന്ന് യു.പി.എസ്.സി അറിയിച്ചു. നാലാഴ്ചയ്‌ക്കകം യു.പി.എസ്.സി യോഗം ചേർന്ന് തെലങ്കാനയിലെ പുതിയ ഡി.ജി.പി നിയമനവുമായി ബന്ധപ്പെട്ട ശുപാർശ തയ്യാറാക്കി സംസ്ഥാനത്തിന് കൈമാറണമെന്ന് കോടതി നിർദ്ദേശിച്ചു. യു.പി.എസ്.സി ഷോർട്ട്ലിസ്റ്റ് ചെയ്യുന്ന മൂന്ന് ഉദ്യോഗസ്ഥരുടെ പാനലിൽ നിന്ന് ഡി.ജി.പിയെ നിയമിക്കുന്നതാണ് നിലവിലെ രീതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |