
മോസ്‌കോ: റഷ്യയ്ക്കും യു.എസിനും ഇടയിൽ നിലനിന്നിരുന്ന അവസാനത്തെ ആണവായുധ നിയന്ത്രണ ഉടമ്പടിയായിരുന്ന 'ന്യൂ സ്റ്റാർട്ട്" കരാറിന്റെ കാലാവധി ഇന്നലെ ഔദ്യോഗികമായി അവസാനിച്ചു. അര നൂറ്റാണ്ടിനിടെ ആദ്യമായാണ് ഇരുരാജ്യങ്ങൾക്കുമിടെയിൽ ആണവായുധ നിയന്ത്രണ കരാറുകൾ പൂർണമായും ഇല്ലാതാകുന്നത്.
ലോകത്തെ ഏറ്റവും വലിയ ആണവ ശക്തികളാണ് റഷ്യയും യു.എസും. കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ നിർദ്ദേശിച്ചെങ്കിലും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറായില്ല. ചൈന കൂടി ഉൾപ്പെടുന്ന പുതിയ കരാറിനോടാണ് ട്രംപിന് താത്പര്യം. നേരത്തെ, 2021ൽ അവസാനിക്കേണ്ടിയിരുന്ന കരാർ 5 വർഷത്തേക്ക് കൂടി നീട്ടുകയായിരുന്നു.
പ്രവർത്തനസജ്ജമായ 1,550 ആണവ പോർമുനകളും 700 ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകളും മാത്രമേ ഇരുരാജ്യങ്ങളും വിന്യസിക്കാവൂ എന്ന് നിഷ്‌കർഷിക്കുന്നതാണ് ഉടമ്പടി. ഇന്നലെ അബുദാബിയിൽ യുക്രെയിൻ സമാധാന ചർച്ചയ്ക്കിടെ, കരാർ നീട്ടുന്നത് യു.എസ്, റഷ്യൻ ഉദ്യോഗസ്ഥർ ചർച്ച ചെയ്തെന്നാണ് വിവരം. അതേ സമയം, ഉന്നത സൈനികതല സംഭാഷണങ്ങൾ പുനഃസ്ഥാപിക്കാൻ റഷ്യയും യു.എസും തീരുമാനിച്ചു. യുക്രെയിൻ അധിനിവേശ പശ്ചാത്തലത്തിൽ ഇത് നിറുത്തിവച്ചിരിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |