
ലൂസാക്ക : ആഫ്രിക്കൻ രാജ്യമായ സാംബിയയിൽ കാട്ടാനക്കൂട്ടത്തെ കണ്ട ഭയന്ന് രക്ഷപെടാൻ ശ്രമിച്ച മത്സ്യത്തൊഴിലാളിയെ മുതല കടിച്ചു കൊന്നു. ബുധനാഴ്ചയായിരുന്നു സംഭവം. ഡീൻ നൈരേണ്ട (52) എന്നയാളാണ് മരിച്ചത്.
രണ്ട് സുഹൃത്തുക്കൾക്കൊപ്പം മത്സ്യബന്ധനത്തിന് പോയി മടങ്ങുമ്പോഴാണ് ഇദ്ദേഹം ആനക്കൂട്ടത്തിന്റെ മുന്നിൽപ്പെട്ടത്. ഉടൻ ലുവാൻഗ്വ നദിയ്ക്ക് സമീപമുള്ള ഒരു അരുവിയിലേക്ക് മൂവരും എടുത്തുചാടി. ഇന്നേരമാണ് മുതലയുടെ ആക്രമണം നേരിട്ടത്. തന്റെ കൈവശമുണ്ടായിരുന്ന വടി കൊണ്ട് മുതലയെ അടിച്ച ശേഷം ഡീനിന് കരയിലേക്ക് കയറാനായി.
എന്നാൽ കാലിൽ മുതലയുടെ കടിയേറ്റതിനാൽ രക്തം വാർന്നിരുന്നു. രക്തപ്രവാഹം നിയന്ത്രിക്കാൻ സുഹൃത്തുക്കൾ ശ്രമിച്ചെങ്കിലും വിഫലമായി. രക്തംവാർന്ന ഡീൻ മരണത്തിന് കീഴടങ്ങി. ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ നൈൽ മുതലകൾ കാണപ്പെടുന്ന ഇടങ്ങളിൽ ഒന്നായ ലുവാൻഗ്വ നാഷണൽ പാർക്കിലൂടെയാണ് ലുവാൻഗ്വ നദി ഒഴുകുന്നത്.
അതേ സമയം, സാംബിയയിൽ വന്യജീവി-മനുഷ്യ സംഘർഷം രൂക്ഷമാണ്. 2023ൽ റെക്കാഡ് ചെയ്ത വന്യജീവി ആക്രമണം മൂലമുണ്ടായ 26 മരണങ്ങളിൽ, 15 എണ്ണം മുതലയുടെ ആക്രമണം മൂലമാണ്. പ്രദേശവാസികളും ടൂറിസ്റ്റുകളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് ആവർത്തിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |