SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.03 PM IST

സർട്ടിഫിക്കറ്റിന് കൈക്കൂലി: റവന്യു ഇൻസ്പെക്ടർ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
saiju

കൊച്ചി: വീടുകളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിന് വീട്ടമ്മയിൽ നിന്ന് കൈക്കൂലി വാങ്ങിയ റവന്യു ഇൻസ്പെക്ടർ വിജിലൻസിന്റെ പിടിയിൽ. കൊച്ചി മരട് നഗരസഭയിലെ റവന്യു ഇൻസ്പെക്ടറും ആലപ്പുഴ കൊറ്റംകുളങ്ങര സ്വദേശിയുമായ എ.ജി സൈജു(54)വിനെയാണ് അറസ്റ്റ് ചെയ്തത്. 3000 രൂപയായിരുന്നു കൈക്കൂലി.

പൂണിത്തുറ ചമ്പക്കര സ്വദേശിയായ വീട്ടമ്മ വിദേശത്തുള്ള മകളുടെയും മരുമകന്റെയും പേരിൽ വാങ്ങിയ രണ്ട് വീടുകളുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനായി ജനുവരി മൂന്നിന് മരട് നഗരസഭയിലെ അക്ഷയ വഴി 1200 രൂപ ഫീസടച്ച് അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ,സൈജു വീടുകളുടെ സ്ഥലപരിശോധന നടത്തിയെങ്കിലും സർട്ടിഫിക്കറ്റുകൾ നൽകിയില്ല. പകരം 5000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും നിർബന്ധപൂർവം 2000 രൂപ വാങ്ങിയെടുക്കുകയും ചെയ്തു. ഈ തുകയ്ക്ക് ഒരു വീടിന്റെ സർട്ടിഫിക്കറ്റേ നൽകൂവെന്നും രണ്ടാമത്തെ വീടിനുള്ള അപേക്ഷ തിരിച്ചയച്ചിട്ടുണ്ടെന്നും വീണ്ടും അക്ഷയ വഴി അപേക്ഷിക്കാനും ഇയാൾ നിർദ്ദേശിച്ചു. ഇതുപ്രകാരം രണ്ടാമതും അപക്ഷ സമർപ്പിച്ച ശേഷം വെള്ളിയാഴ്ച നഗരസഭാ ഓഫിസിലെത്തിയ വീട്ടമ്മയോട് ഇന്നലെ 3000 രൂപ കൈക്കൂലിയുമായി വരാൻ സൈജു ആവശ്യപ്പെട്ടു. തുടർന്നാണ് വീട്ടമ്മയുടെ എറണാകുളം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഡെപ്യൂട്ടി സൂപ്രണ്ടിനെ സമീപിച്ചത്. വിജിലൻസിന്റെ നിർദ്ദേശ പ്രകാരം ഇന്നലെ ഉച്ചയ്ക്ക് 12.50ന് മരട് നഗരസഭാ ഓഫീസിൽ വച്ച് വീട്ടമ്മ പണം കൈമാറുമ്പോഴാണ് അറസ്റ്റ് ചെയ്തത്. ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

TAGS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY