SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.40 PM IST

കാടിറങ്ങിയ പന്നിയുടെ തലയ്ക്ക് ഷൂട്ട് @ സൈറ്റ്

Increase Font Size Decrease Font Size Print Page
panni

പത്തനംതിട്ട: വേനലിൽ കാടും വെന്തുരുകിത്തുടങ്ങിയതോടെ നാട്ടിലിറങ്ങിയ കാട്ടുപന്നികളെ കൊല്ലാൻ ഷൂട്ടർമാരെ നിയോഗിച്ച് ത്രിതല പഞ്ചായത്തുകൾ. ജില്ലയിൽ കുളനട, മെഴുവേലി, നാരങ്ങാനം, റാന്നി, അങ്ങാടി, പഴവങ്ങാടി, വി.കോട്ടയം ഉൾപ്പടെ ഒട്ടുമിക്ക പഞ്ചായത്തുകളിലും ഷൂട്ടർമാരെ നിയോഗിച്ച് ഉത്തരവിറങ്ങി.

ഏതാനും വർഷങ്ങൾക്ക് മുമ്പുവരെ ജില്ലയുടെ കിഴക്കൻ മലയോര ഗ്രാമങ്ങളിൽ മാത്രമായിരുന്നു പന്നി ഉൾപ്പടെയുള്ള വന്യജീവികളുടെ ശല്യം അനുഭവപ്പെട്ടിരുന്നത്. എന്നാൽ നാട്ടിലിറങ്ങിയ കാട്ടുപന്നികൾ പെറ്റുപെരുകിയതോടെ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ പാടശേഖരങ്ങളിൽ വരെ പന്നികളെത്തി. ഇവയ്ക്ക് പുറമേ കുരങ്ങും മയിലുകളും വരെ പട്ടണങ്ങളിൽ എത്തിത്തുടങ്ങി.

കൂട്ടത്തോടെയെത്തുന്ന കാട്ടുപന്നികൾ നെല്ലും പച്ചക്കറികളും ഉൾപ്പടെയുള്ള കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നതിനൊപ്പം ജനങ്ങളെ ആക്രമിക്കുന്നതും പതിവായി. പൊതുജനം പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പന്നികളെ വെടിവച്ച് കൊല്ലാൻ സർക്കാർ തീരുമാനിക്കുകയും ത്രിതല പഞ്ചായത്തുകൾ ഉത്തരവ് നടപ്പാക്കുകയുമായിരുന്നു.

ലൈസൻസുണ്ടോ, ഷൂട്ടറാകാം

 ലൈസൻസുള്ള തോക്കുടമകളെയാണ് ഷൂട്ടർമാരായി നിയോഗിക്കുന്നത്

 സഹായിക്കാൻ വാർഡുകൾ തോറും ജാഗ്രതാ സമിതി, പാടശേഖര സമിതി, കാർഷിക വികസന സമിതികൾ

 പന്നികൾ കൂട്ടമായി പുറത്തിറങ്ങുന്നത് രാത്രിയിൽ

 മണിക്കൂറുകളോളം തെരഞ്ഞെങ്കിലേ കണ്ടെത്താൻ കഴിയൂ

 ഒരു പന്നിയെ വെടിവച്ച് കൊല്ലുന്നതിന് 1500 രൂപയാണ് നൽകുക

 മാനദണ്ഡങ്ങൾ പാലിച്ച് മറവ് ചെയ്യുന്നതിന് 2000 രൂപ

തോക്കിന്റെ വില ₹ 3.75ലക്ഷം

തെർമൽ സ്കാനർ വില ₹ 3.5 ലക്ഷം

തോട്ട ₹ 250

ബോർ ₹ 550

കുളനടയിൽ പത്ത് ഷൂട്ടർമാർ
കുളനട ഗ്രാമപഞ്ചായത്തിലെ മിക്ക വാർഡുകളിലും പന്നിശല്യം രൂക്ഷമാണ്. നിലവിൽ 10 ഷൂട്ടർമാരെ വാർഡുകളിൽ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ഇവർ മൂന്ന് പന്നികളെ വെടിവച്ച് കൊന്നു. കൂടുതൽ ഷൂട്ടർമാരെ വാർഡുകളിൽ നിയോഗിക്കാനുള്ള പരിശ്രമം തുടരുകയാണ്.


വെടിവച്ച് കൊന്ന പന്നികൾ

40ലേറെ

(ജില്ലയിൽ ഒരു മാസം)

ഷൂട്ടർമാർക്ക് ലഭിക്കുന്ന കൂലി കുറവാണ്. ചെലവ് കൂടുതലാണ്. ഈ രംഗത്ത് തുടരുന്നവർക്ക് സാമ്പത്തിക നഷ്ടം മാത്രമാണ് മിച്ചം.

സാം കാഞ്ഞിരപ്പള്ളി,

ഷൂട്ടർ

ഷൂട്ടർമാരെ സഹായിക്കാൻ എല്ലാ വാർഡുകളിലും ജാഗ്രതാ സമിതികൾ രൂപീകരിച്ച് പന്നികളെ കണ്ടെത്താനുള്ള ശ്രമം നടന്നുവരികയാണ്.

പോൾ രാജൻ, പ്രസിഡന്റ്

കുളനട ഗ്രാമപഞ്ചായത്ത്

TAGS: GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY