SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.18 PM IST

അരുവിപ്പുറത്ത് ഗുരുദേവൻ നടത്തിയത് നവോത്ഥാന പ്രാണപ്രതിഷ്ഠ: പ്രഭാവർമ്മ

Increase Font Size Decrease Font Size Print Page
d

അരുവിപ്പുറം: സാമൂഹിക നവോത്ഥാനത്തിന് വേണ്ടിയുള്ള പ്രാണപ്രതിഷ്ഠാ കർമ്മമാണ് 138 വർഷങ്ങൾക്ക് മുമ്പ് അരുവിപ്പുറത്ത് ശ്രീനാരായണ ഗുരുദേവൻ നടത്തിയതെന്ന് കവിയും മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവുമായ പ്രഭാവർമ്മ. 138-ാമത് അരുവിപ്പുറം പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് കേരളകൗമുദി സംഘടിപ്പിച്ച 'അരുവിപ്പുറത്തെ അറിവിന്റെ കൗമുദി' സംവാദ സദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു പ്രഭാവർമ്മ.

ബ്രാഹ്മണനാണ് എന്റെ ദൈവമെന്ന് എല്ലാവരും ഏറ്റു പറഞ്ഞിരുന്ന, ബ്രാഹ്മണനല്ലാതെ മറ്റാർക്കും അന്തസായി ജീവിക്കാൻ കഴിയാത്ത അവസ്ഥ.

ജീർണമായ ചാതുർവർണ്യത്തിന്റെ വിഷലിപ്തമായ കരാള ഹസ്തങ്ങൾ സമൂഹത്തെ ആകെ പിടിമുറുക്കിയിരുന്ന കാലഘട്ടത്തിലാണ് ശ്രീനാരായണ ഗുരുദേവന്റെ ഇടപെടൽ .സാമൂഹ്യ വ്യവസ്ഥയെ പൊളിച്ചെഴുതാനാണ് ഇടപെട്ടത്. ആ ദീർഘയാത്രയുടെ സമാരംഭമായിരുന്നു 1888-ൽ അരുവിപ്പുറത്ത് കണ്ടത്.

നമ്മുടെ മനസിലാക്കലിന്റെ ചെറിയ മുഴക്കോലു കൊണ്ട് എത്രയേറെ അളന്നാലും ആ അളവുകളെയൊക്കെ അതിലംഘിച്ച് പടർന്ന് നിൽക്കുന്ന ചില ബൃഹദാകാരങ്ങളുണ്ട്, ചില മഹാ വ്യക്തിത്വങ്ങളുണ്ട്.ആ നിരയിൽ സ്ഥാനമുള്ള മഹാത്മാവാണ് ഗുരുദേവൻ. സമശീർഷനായി മറ്റൊരു യോഗിവര്യനില്ല .ഇതാദ്യം പറഞ്ഞത് മഹാകവി കുമാരനാശാനാണ്. ഗുരുദേവന്റെ വ്യക്തിത്വം സൂക്ഷ്മതയിലും സമഗ്രതയിലും അറിഞ്ഞ ശേഷം മഹാകവി രബീന്ദ്രനാഥ ടാഗോർ പറഞ്ഞത്, ഇത്രയേറെ മഹത്വമാർന്ന ഒരു പരമഹംസൻ ഇന്ത്യയിലെവിടെയുമില്ലെന്നാണ്. ഗുരു നിയമ്യനല്ലെന്നും നിയാമകനാണെന്നും രാജ ഭരണകാലത്തു തന്നെ വെളിപ്പെട്ടിരുന്നു. നിയമത്തിന് വിധേയനാവേണ്ട വ്യക്തിയല്ല ഗുരുവെന്ന് രാജാവ് പോലും വിധിച്ചതാണ്. പല തലങ്ങളിൽ അപഗ്രഥിച്ചാൽ മഹാത്മാഗാന്ധിക്കും മീതെയാണ് ഗുരുദേവൻ. മത വിദ്വേഷത്തിനെതിരെ പോരാടിയ ഗാന്ധിജി, ജാതിവിദ്വേഷത്തിനെതിരെ പോരാടിയിട്ടില്ല.വർണ്ണാശ്രമ ധർമത്തെ സംരക്ഷിച്ചു നിറുത്തുന്ന നിലയാണ് ഗാന്ധിജി പലപ്പോഴും സ്വീകരിച്ചത്.എല്ലാ മനുഷ്യനും ആത്മസത്തയിൽ ഒന്നാണെന്ന ബോധത്തിന്റെ അങ്കുരം ആദ്യമായി ഗാന്ധിജിയുടെ മനസിൽ ഉളവാകുന്നത് ശിവഗിരിയിൽ നടന്ന കൂടിക്കാഴ്ചയിലാണ്.

ഇന്ന് ഇന്ത്യയും ലോകവും നേരിടുന്ന എല്ലാ വിധ പാരുഷ്യങ്ങൾക്കും കാലുഷ്യങ്ങൾക്കുമുള്ള ഒറ്റ മൂലി ഗുരുസന്ദേശമാണ്. വംശീയ കലാപത്തിന്റെ പേരിലാണ് ലോകമെമ്പാടും രക്തപ്പുഴയൊഴുകുന്നത്. ഒരു ജാതി ,ഒരു മതം ,ഒരു ദൈവം മനുഷ്യന് എന്ന ഗുരുസന്ദേശം അവിടെങ്ങളിലെല്ലാമെത്തിച്ചാൽ രക്തചൊരിച്ചിൽ ഒഴിവാകും.

ഗുരുവിന്റെ സന്ദേശങ്ങളെ നമുക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്ന് ആദ്യമായി ഉത്കണ്ഠപ്പെട്ടത് സി.വി.കുഞ്ഞുരാമനാണ്. നാം ചെയ്യേണ്ടതറിഞ്ഞു നമ്മെ ഉപദേശിക്കും .ഗുരുസ്വാമിയെ നാമാരാധിക്കും .അലങ്കരിച്ചു പടമാറാടിക്കും ആഘോഷമായി... എന്ന വരികൾ സി.വി എഴുതിയത് ഗുരുവിനെ വേണ്ട പോലെ ആൾക്കാർ മനസിലാക്കുന്നില്ലല്ലോ എന്ന ദുഃഖത്തിൽ നിന്നാണ്. എല്ലാക്കാലത്തും എഴുത്തുകാരുടെ ദുഃഖമാണിത്. ഈ ദുഃഖം അടുത്ത തലമുറയിലേക്ക് സഞ്ചരിക്കാതിരിക്കണമെങ്കിൽ, ഗുരു എന്താണോ പഠിപ്പിച്ചത് അത് പൂർണ്ണമായി ഉൾക്കൊള്ളുകയും ജീവിതത്തിൽ പകർത്തുകയും , സ്വബോധത്തിലാകെ പ്രസരിപ്പിക്കുകയും ചെയ്തുകൊണ്ട് കേരളത്തെ മനുഷ്യവാസ യോഗ്യമാക്കി തീർക്കണം. ആരോടും വിദ്വേഷമുണ്ടാവരുതെന്ന ശാന്തിമന്ത്രത്തിന്റെ സത്ത ഇതു പോലെ ഉൾക്കൊണ്ട മറ്റൊരു ഋഷിവര്യനില്ല- പ്രഭാവർമ്മ ചൂണ്ടിക്കാട്ടി.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.