
കൊച്ചി: 'സിസ്റ്റ"ത്തിന്റെ പിടിപ്പുകേടുമൂലം കുറ്റിക്കാട്ടിലെ ചതുപ്പിൽ പുതഞ്ഞ് ജീവൻ പൊലിഞ്ഞ ബംഗളൂരു സ്വദേശി സൂരജ് ലാമ ഇനി നീറുന്ന ഓർമ്മ. കളമശേരി പൊതുശ്മശാനത്തിൽ ഇന്നലെ രാവിലെയായിരുന്നു സംസ്കാരം. മകൻ സാന്റോൺ ലാമ മരണാനന്തര ചടങ്ങുകൾ നിർവഹിച്ചു. സൂരജിന്റെ ഭാര്യ റിനി ലാമയും അടുത്ത ബന്ധുക്കളും നിറകണ്ണുകളോടെ സാക്ഷ്യംവഹിച്ചു.
ഇന്നലെ രാവിലെ എട്ടരയ്‌ക്ക് കളമശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്ന് മൃതദേഹാവശിഷ്ടം ബന്ധുക്കൾ ഏറ്റുവാങ്ങി. ജീവനോടെ തിരികെ വരുമെന്ന് കാത്തിരുന്ന ഭർത്താവിന്റെ ചേതനയറ്റ ദേഹം കണ്ട് റിനിക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല. മാതാവിനെ സമാധാനിപ്പിക്കാനുള്ള ശ്രമത്തിനിടെ സാന്റോണും വിങ്ങിപ്പൊട്ടി.
നടപടിക്രമങ്ങൾ പൂർത്തിയാക്കി കളമശേരി പൊലീസിന്റെ അകമ്പടിയിൽ മൃതദേഹാവശിഷ്ടം പൊതുശ്മശാനത്തിൽ എത്തിച്ചു. രണ്ട് മണിക്കൂർ ചടങ്ങുകൾ നീണ്ടു.
കുവൈറ്റിൽ ഹോട്ടൽ ബിസിനസായിരുന്നു. അവിടെ വ്യാജ മദ്യദുരന്തത്തിൽ ഓർമ്മ നഷ്ടപ്പെട്ട ലാമയെ വിസ കാലാവധി കഴിഞ്ഞപ്പോൾ അധികൃതർ ബംഗളൂരുവിലേക്ക് അയയ്‌ക്കുന്നതിന് പകരം കൊച്ചിയിലേക്ക് കയറ്റിവിട്ടു. ഒക്ടോബർ ആറിനാണ് നെടുമ്പാശേരിയിൽ എത്തിയത്. യാത്ര ബന്ധുക്കൾ അറിഞ്ഞിരുന്നില്ല. മെട്രോ ഫീഡർ ബസിൽ ആലുവയിലെത്തി ലക്ഷ്യമില്ലാതെ അലഞ്ഞ ലാമയെ പൊലീസ് കളമശേരി മെഡിക്കൽ കോളേജിൽ എത്തിച്ചു. അവിടെനിന്ന് കാണാതാവുകയായിരുന്നു.
പിതാവിനെ കണ്ടെത്താൻ മകൻ സാന്റോൺ ഹൈക്കോടതിയെ സമീപിച്ചതോടെ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. നവംബർ 30ന് കളമശേരി എച്ച്.എം.ടി കമ്പനിക്ക് മുൻഭാഗത്തെ കുറ്റിക്കാട്ടിലെ ചതുപ്പിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഈമാസം ആറിനാണ് മൃതദേഹം ലാമയുടേതാണെന്ന് ലാബ് റിപ്പോർട്ട് ലഭിച്ചത്.
മെഡി. കോളേജിനെതിരെ
പരാതി നൽകും: റിനി ലാമ
സൂരജ് ലാമയുടേത് കൊലപാതകമാണെന്ന് ഭാര്യ റിനി ലാമ ആരോപിച്ചു. മെഡിക്കൽ കോളേജ് അധികൃതർ ആവശ്യമായ സഹായം നൽകിയിരുന്നെങ്കിൽ ഭർത്താവ് ജീവനോടെ ഉണ്ടാകുമായിരുന്നു. മെഡിക്കൽ കോളേജിനെതിരെ പരാതി നൽകും. എല്ലാ സംവിധാനങ്ങൾക്കും വീഴ്ച സംഭവിച്ചു. നീതി ഉറപ്പാക്കണം. മാദ്ധ്യമങ്ങളുടെ സഹായം വേണമെന്നും റിനി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |