
പാലക്കാട്: തമിഴ്നാട്ടിലെ ധർമപുരിയിൽ നിന്നു തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് സ്‌ഫോടശേഖരം കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കേസിൽ ഇടനിലക്കാരൻ അറസ്റ്റിൽ. തമിഴ്നാട് സ്വദേശി പനീർശെൽവമാണ് ഇന്നലെ പാലക്കാട് ടൗൺ സൗത്ത് പൊലീസിന്റെ പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് വാളയാർ -വടക്കാഞ്ചേരി ദേശീയപാതയിൽ തണ്ണിമത്തനടിയിൽ ഒളിപ്പിച്ച നിലയിൽ സ്‌ഫോടക വസ്തുക്കളുമായെത്തിയ മിനി ലോറി ടൗൺ സൗത്ത് പൊലീസ് പിടികൂടിയത്. അന്നുതന്നെ മിനി ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി സെന്തിൽകുമാറിനെയും അകമ്പടിയായി വന്ന കാർ ഡ്രൈവർ ദുരൈരാജിനെ കഴിഞ്ഞദിവസവും അറസ്റ്റുചെയ്തിരുന്നു.
സെന്തിൽകുമാറിനെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഇടനിലക്കാരനെ കുറിച്ച് സൂചന ലഭിച്ചത്. പിന്നാലെ ഇൻസ്‌പെക്ടർ എസ്.വിപിൻകുമാറും സംഘവും തമിഴ്നാട് തിരുവണ്ണാമലയിൽ നിന്നാണ് പനീർശെൽവത്തെ കസ്റ്റഡിയിലെടുത്തത്. ധർമപുരിയിൽ നിന്നു സ്‌ഫോടക വസ്തുക്കൾ വാങ്ങാൻ ഇടനിലയായി നിന്നത് പനീർശെൽവമാണെന്നാണ് പൊലീസ് പറയുന്നത്. തൃശൂർ ജില്ലയിലേക്കാണ് സ്‌ഫോടക വസ്തുക്കൾ എത്തിക്കാൻ പദ്ധതിയിട്ടിരുന്നതെന്നാണ് സൂചന. വിശദമായ ചോദ്യം ചെയ്യലിനായി ദുരൈരാജിനായി കസ്റ്റഡി അപേക്ഷ നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |