
ന്യൂഡൽഹി: സീഷെൽസിന് 1.75 കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യ. സാമൂഹിക ഭവന നിർമ്മാണം, ഇ-മൊബിലിറ്റി, തൊഴിലധിഷ്ഠിത പരിശീലനം, ആരോഗ്യം, പ്രതിരോധം, സമുദ്ര സുരക്ഷ തുടങ്ങിയ മേഖലകളിലെ പദ്ധതികൾക്കാണ് സഹായം. ഇന്ത്യ സന്ദർശിക്കുന്ന സീഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനിയുമായി ഡൽഹി ഹൈദരാബാദ് ഹൗസിലെ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സഹായം പ്രഖ്യാപിച്ചത്.
ഇന്ത്യ-സീഷെൽസ് പങ്കാളിത്തം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് സഹായമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സീഷെൽസിന്റെ മുൻഗണനകളും ആവശ്യങ്ങളും അടിസ്ഥാനമാക്കിയുള്ളതാണിത്. സീഷെൽസിലെ ജനങ്ങൾക്ക് പ്രത്യേകിച്ച് യുവാക്കൾക്ക് പുതിയ തൊഴിൽ, നൈപുണ്യ പരിശീലന അവസരങ്ങൾ പാക്കേജ് സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി അടിവരയിട്ടു.
ഇന്ത്യയും സീഷെൽസും തമ്മിലുള്ള ദീർഘകാല സൗഹൃദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും പ്രതിഫലനമാണ് തന്റെ സന്ദർശനമെന്ന് ഹെർമിനി പറഞ്ഞു. സീഷെൽസിന്റെ സ്വാതന്ത്ര്യത്തിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച്, മോദിയെ വിശിഷ്ടാതിഥിയായി ക്ഷണിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം പാട്രിക് ഹെർമിനിയുടെ ആദ്യ ഇന്ത്യൻ സന്ദർശനമാണ്. ഭാര്യ വെറോണിക്കയും ഉന്നതതല പ്രതിനിധി സംഘവും പ്രസിഡന്റിനെ അനുഗമിച്ചു. ഫെബ്രുവരി അഞ്ചിന് ഇന്ത്യയിലെത്തിയ ഹെർമിനി തമിഴ്നാട്ടിലും മുംബയിലും പരിപാടികളിൽ പങ്കെടുത്തിരുന്നു. ഇന്നലെ രാജ്ഘട്ടിൽ ആദരാഞ്ജലി അർപ്പിച്ചു. രാഷ്‌ട്രപതി ദ്രൗപദി മുർവുമായും ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്‌ണനുമായും കൂടിക്കാഴ്‌ച നടത്തി. ഇന്ന് താജ്മഹൽ സന്ദർശിച്ച ശേഷം സീഷെൽസിലേക്ക് മടങ്ങും.
പ്രതിരോധ മേഖലയിൽ
സഹകരണം
ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാജ്യമായ സീഷെൽസും ഇന്ത്യയും അന്താരാഷ്ട്ര കുറ്റകൃത്യങ്ങൾ,കടൽക്കൊള്ള,സമുദ്ര ഭീഷണികൾ എന്നിവയെ ചെറുക്കാനുള്ള നടപടികൾ വിപുലീകരിക്കാൻ ധാരണയായി. പ്രതിരോധം,വ്യാപാരം,നിക്ഷേപം,മെഡിക്കൽ വൈദഗ്ദ്ധ്യം പങ്കിടൽ,ഡിജിറ്റൽ പരിവർത്തനം എന്നീ മേഖലകളിലെ സഹകരണവും വർദ്ധിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |