
പന്തളം: പന്തളം നഗരസഭാ സ്വാമി അയ്യപ്പൻ സ്റ്റാൻഡിലേക്ക് ബസ് കയറാൻ തുടങ്ങുമ്പോഴേക്കും യാത്രക്കാരും എഴുന്നേറ്റ് നിൽക്കും. ബഹുമാനമാണെന്ന് കരുതേണ്ട, ബസ് കുഴിയിൽ വീഴുമ്പോൾ നടുവ് ഉളുക്കാതിരിക്കാനുള്ള മുൻകരുതലാണിത്. കവാടത്തിൽ തന്നെ കുഴികളാണ് വാഹനങ്ങളെ സ്വീകരിക്കുന്നത്.
ഓരോ കുഴിയിൽ നിന്നും അടുത്ത കുഴിയിലേയ്ക്ക് എടുത്തെറിയപ്പെടുന്ന അവസ്ഥ. സ്റ്റാൻഡിലേയ്ക്ക് കയറുന്നത് മുതൽ ഇറങ്ങുന്നതുവരെ ആടിയുലഞ്ഞാണ് ബസുകൾ നീങ്ങുന്നത്. പഴയ കോൺക്രീറ്റ് അടർന്ന് രൂപപ്പെട്ടതാണ് അധികം കുഴികളും. ബസ് കയറിയിറങ്ങുമ്പോൾ കോൺക്രീറ്റ് തകർന്നുള്ള മെറ്റിലുകൾ തെറിച്ച് യാത്രക്കാരുടെ ദേഹത്ത് പതിക്കുന്നതും പതിവാണ്.
ഇടുങ്ങിയ വഴിയിലൂടെ ഉള്ളിലേക്ക് കടക്കാൻ ഇതോടെ യാത്രക്കാർക്ക് ഭയമാണ്. ഒരു ബസിന് കടന്നുപോകാൻ പാകത്തിന് വലുപ്പമുള്ള കവാടത്തിൽ പെട്ടുപോയാൽ അപകടം ഉറപ്പാണ്.
പത്തുവർഷം മുമ്പ് നഗരസഭ ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മിക്കാൻ തീരുമാനിച്ചതോടെ സ്റ്റാൻഡിന്റെ പുനരുദ്ധാരണം നിലച്ചു. പരാതി ഉയരുമ്പോഴൊക്കെ ഈ പദ്ധതിയുടെ പേര് പറഞ്ഞാണ് കഴിഞ്ഞ ഭരണസമിതിവരെ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടു. ഇതോടെ സ്റ്റാൻഡ് തകർന്ന് തരിപ്പണമായി.
ബസുകൾ കയറിയിറങ്ങുമ്പോൾ ഇപ്പോൾ പൊടിശല്യവും രൂക്ഷമാണ്. ബസ് കാത്തുനിൽക്കുന്നവരും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവരും പൊടിശല്യത്തിൽ വലയുകയാണ്. സ്റ്റാൻഡിലെ രണ്ട് ടോയ്‌ലെറ്റും വൃത്തിഹീനമാണ്.
ജലസേചന സൗകര്യം ഇല്ലാത്തതിനാൽ യാത്രക്കാർ ഈ ഭാഗത്തേക്ക് തിരിഞ്ഞുപോലും നോക്കാറില്ല.
നവീകരണം നിലച്ചിട്ട് 10 വർഷം
സ്റ്റാൻഡ് ലേലത്തിൽ പോയത് 10 ലക്ഷത്തിലധികം രൂപയ്ക്ക്
കുറച്ചുനാൾ മുമ്പ് കരാറുകാരൻ സ്റ്റാൻഡിൽ മണ്ണിട്ട് കുറച്ച് കുഴികൾ അടച്ചു
എങ്കിലും സ്റ്റാൻഡ് നവീകരണം നീളാൻ തുടങ്ങിയിട്ട് പത്ത് വർഷം
ഷോപ്പിംഗ് കോംപ്ളക്സിനായി തോട്ടിൻകരയിൽ താമസിച്ചിരുന്നവരെ പുനരധിവസിപ്പിച്ചു
മണ്ണ് പരിശോധന നടത്തിയെങ്കിലും മറ്റ് പ്രവർത്തനങ്ങൾ ആരംഭിച്ചില്ല
കുറുന്തോട്ടയം ചന്തയുടെ പ്രവർത്തനം മാറ്റിയാണ് സ്വകാര്യ ബസ് സ്റ്റാൻഡ് ആരംഭിച്ചത്
സ്റ്റാൻഡ് ആരംഭിച്ചിട്ട്
25 വർഷം
പൂട്ട് തുറക്കാതെ പുതിയ സ്റ്റാൻഡ്
ഉദ്ഘാടനം കഴിഞ്ഞ് നാലുമാസം പിന്നിട്ടിട്ടും പന്തളത്തെ പുതിയ ബസ് സ്റ്റാൻഡ് യാത്രക്കാർക്ക് തുറന്നുകൊടുത്തില്ല. സ്വാമി അയ്യപ്പൻ ബസ് സ്റ്റേഷനാണ് ആർ.ടി.എയുടെ അനുമതി ലഭിക്കാത്തതിനാൽ അടഞ്ഞുകിടക്കുന്നത്. നിർമ്മാണം പൂർത്തിയാകാനുള്ളതിനാലാണ് അനുമതി വൈകുന്നതെന്നാണ് അറിയുന്നത്.
പുതിയത് തുറന്നില്ലെങ്കിലും കുഴപ്പമില്ല, പഴയ സ്റ്റാൻഡിലെ കുഴികൾ അടച്ചാൽ മതി. ഇപ്പോൾ സ്റ്റാൻഡിലൂടെയുള്ള യാത്ര ഏറെ ബുദ്ധിമുട്ടിക്കുകയാണ്.
യാത്രക്കാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |