SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.54 PM IST

സർവീസിലുള്ളവർക്ക് നിയന്ത്രണം; സിവിൽ സർവീസ് പരീക്ഷയിൽ സുപ്രധാന മാറ്റങ്ങൾവരുത്തി യുപിഎസ്‌സി

Increase Font Size Decrease Font Size Print Page
upsc

ന്യൂ‌ഡൽഹി: 2026ലെ സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള ഔദ്യോഗിക വിജ്ഞാപനത്തോടൊപ്പം പരീക്ഷാ നടപടിക്രമങ്ങളിൽ അടിമുടി മാറ്റംവരുത്തി യുപിഎസ്‌സി. അപേക്ഷാരീതി, തിരിച്ചറിയൽ പരിശോധന, നിലവിലെ ഉദ്യോഗസ്ഥരുടെ യോഗ്യത എന്നിവയിലാണ് പ്രധാനമായും മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആധാർ ബയോമെട്രിക് സംവിധാനങ്ങൾ പരീക്ഷയുടെ ഭാഗമാകും.

1. യൂണിവേഴ്സൽ രജിസ്ട്രേഷൻ നമ്പർ (യുആർഎൻ): യുപിഎസ്‌സിയുടെ ഓൺലൈൻ പോർട്ടലിൽ അക്കൗണ്ട് തുടങ്ങുമ്പോൾ ഉദ്യോഗാർത്ഥികൾക്ക് യൂണിവേഴ്സൽ രജിസ്ട്രേഷൻ നമ്പർ ലഭിക്കും. ഇത് യുപിഎസ്‌സിയുടെ ഏത് പരീക്ഷയ്ക്കും പിന്നീട് ഉപയോഗിക്കാം.

2. പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കൽ: ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് ഇത്തവണ മുതൽ തങ്ങളുടെ ഇഷ്ടപ്പെട്ട പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാം. അപേക്ഷിക്കുമ്പോൾ നൽകുന്ന ആദ്യ പ്രിഫറൻസ് തന്നെ ഇവർക്ക് അനുവദിക്കും. മറ്റ് ഉദ്യോഗാർത്ഥികൾക്ക് ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന ക്രമത്തിൽ മുൻഗണന ലഭിക്കുമെങ്കിലും ഓരോ കേന്ദ്രത്തിലെയും സീറ്റുകൾ പരിമിതമായിരിക്കും.

3. ലൈവ് ചിത്രം: ഇത്തവണ പാസ്‌പോർട്ട് സൈസ് ചിത്രത്തിന് പുറമേ 'ലൈവ് ഫോട്ടോ' കൂടി അപേക്ഷകർ നൽകണം. പരീക്ഷാ കേന്ദ്രത്തിൽ എഐ അധിഷ്ഠിത മുഖപരിശോധനയുള്ളതിനാലാണിത്. ആധാർ ബയോമെട്രിക് തിരിച്ചറിയൽ സംവിധാനം നടപ്പിലാക്കിയ സാഹചര്യത്തിൽ അപേക്ഷയിൽ ആധാർ നൽകുന്നതാണ് ഉചിതം.

4. സർവീസിലുള്ളവർക്ക് നിയന്ത്രണം: ഐഎഎസ് , ഐഎഫ്എസ് സർവീസുകളിൽ തുടരുന്നവർക്ക് ഈ വർഷത്തെ പരീക്ഷ എഴുതാൻ സാധിക്കില്ല. ഐപിഎസ് ലഭിച്ചവർക്ക് പരീക്ഷ എഴുതാമെങ്കിലും വീണ്ടും ഐപിഎസ് ഓപ്ഷൻ നൽകാനാവില്ല. സർവീസിൽ തുടരുന്നവർക്ക് അവസരം മെച്ചപ്പെടുത്തുന്നതിനായി ചില നിബന്ധനകളോടെ 2027ൽ ഒരു അവസരം കൂടി ലഭിക്കും. എന്നാൽ ട്രെയിനിംഗ് ഘട്ടത്തിലുള്ളവർ ഇളവ് തേടുകയോ കൃത്യസമയത്ത് സർവീസിൽ പ്രവേശിക്കുകയോ ചെയ്തില്ലെങ്കിൽ അലോക്കേഷൻ റദ്ദാകും. 2025ലോ അതിനു മുൻപോ സർവീസിൽ കയറിയവർക്ക് രാജിവയ്ക്കാതെ തന്നെ ഈ വർഷമോ അടുത്ത വർഷമോ വീണ്ടും പരീക്ഷയെഴുതാൻ ഒരവസരം കൂടി നൽകും.

5. അപേക്ഷ പിൻവലിക്കാനാവില്ല: ഒരിക്കൽ നൽകിയ അപേക്ഷ പിന്നീട് പിൻവലിക്കാൻ അനുവദിക്കില്ല. തിരുത്തലുകൾക്കും അവസരമുണ്ടാവില്ല. എന്നാൽ പരീക്ഷ എഴുതിയാൽ മാത്രമേ അത് 'അറ്റംപ്റ്റ്' ആയി കണക്കാക്കൂയെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.

പരീക്ഷാ കേന്ദ്രത്തിലെ പരിശോധനകൾ

  • ഫേസ് ഓതന്റിക്കേഷൻ: പരീക്ഷാ കേന്ദ്രങ്ങളിൽ ഉദ്യോഗാർത്ഥികളുടെ മുഖം സ്കാൻ ചെയ്ത് തിരിച്ചറിയൽ ഉറപ്പാക്കുന്ന 'ഫേസ് ഓതന്റിക്കേഷൻ' നിർബന്ധമാക്കി. ആധാർ അധിഷ്ഠിത പരിശോധനകൾക്കും മുൻഗണന നൽകും.

  • അഡ്മിറ്റ് കാർഡ്: ഇ-അഡ്മിറ്റ് കാർഡുകൾ മാത്രമേ ലഭ്യമാകൂ. ഇവ ലഭിക്കുന്നത് ഉദ്യോഗാർത്ഥി പരീക്ഷയ്ക്ക് യോഗ്യനാണെന്നതിന്റെ അന്തിമ രേഖയല്ല. അഭിമുഖത്തിന് ശേഷമുള്ള വെരിഫിക്കേഷനിലൂടെ മാത്രമേ യോഗ്യത ഉറപ്പാക്കൂ.

സിവിൽ സർവീസ് പരീക്ഷാ തീയതികളും ഒഴിവുകളും

  • അവസാന തീയതി: ഫെബ്രുവരി 24, വൈകുന്നേരം 6 മണി വരെ.

  • പ്രിലിമിനറി പരീക്ഷ: 2026 മേയ് 24.

  • മെയിൻ പരീക്ഷ: 2026 ഓഗസ്റ്റ് 21 മുതൽ.

  • ഒഴിവുകൾ: സിവിൽ സർവീസിൽ 933 ഒഴിവുകളും ഫോറസ്റ്റ് സർവീസിൽ 80 ഒഴിവുകളുമാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, UPSC, CIVIL SERVICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.