
കൊച്ചി: കെ.എസ്.ആർ.ടി.സിയിലെ വനിത കണ്ടക്ടർമാർക്ക് രണ്ടുദിവസം ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യത്തിൽ സർക്കാരിന്റെ നയപരമായ തീരുമാനം സാദ്ധ്യമാകുമോയെന്ന് ഹൈക്കോടതി ആരാഞ്ഞു. ആവശ്യം ഗൗരവമുള്ളതാണെന്നും ജസ്റ്റിസ് എൻ.നഗരേഷ് വ്യക്തമാക്കി. സർക്കാരിന്റെ വിശദീകരണം തേടിയ കോടതി വിഷയം രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.
ശമ്പളത്തോടെയുള്ള ആർത്തവ അവധിക്ക് കേരള സർവീസ് ചട്ടങ്ങളിൽ വ്യവസ്ഥയില്ലെന്നാണ് കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചത്. സ്ഥാപനത്തിൽ ഡബിൾ ഡ്യൂട്ടി സമ്പ്രദായമാണെന്നും പ്രതിദിനം 14- 16 മണിക്കൂർ ജോലി ചെയ്യേണ്ടിവരുന്നുണ്ടെന്നും ഹർജിക്കാരായ വനിത കണ്ടക്ടർമാർ വാദിച്ചു. കർണാടക, ഒഡീഷ, ബീഹാർ ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിൽ ആർത്തവ അവധി നടപ്പാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. എന്നാൽ സ്ഥാപനത്തിന്റെ സാമ്പത്തിക സ്ഥിതി കൂടി കണക്കിലെടുക്കണമെന്ന് കോടതി വാക്കാൽ പറഞ്ഞു.
ആർത്തവ അവധി വേണമെന്ന നിവേദനം പരിഗണിക്കാൻ സർക്കാരിനോട് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് എസ്.എസ്.ആശ അടക്കമുള്ള വനിത കണ്ടക്ടർമാർ നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്.
പ്രതിസന്ധിയിലായതിനാൽ ശമ്പളത്തോടെയുള്ള പുതിയ അവധി പ്രായോഗികമല്ലെന്നും തൊഴിൽ വിന്യാസത്തെയും സർവീസിനെയും ബാധിക്കുമെന്നും കെ.എസ്.ആർ.ടി.സി നേരത്ത സത്യവാങ്മൂലം നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |