
ജീവിതത്തിലുണ്ടായ പ്രത്യേക അനുഭവം പങ്കുവച്ച് നടൻ മണിയൻപിള്ള രാജു. കഴിഞ്ഞദിവസം തന്റെ പഴ്‌സ് കളഞ്ഞുപോയെന്നും അത് ലഭിച്ച ഓട്ടോഡ്രൈവർ വീട്ടിൽ കൊണ്ടുവന്ന് ഏൽപ്പിച്ചെന്നുമാണ് നടൻ പങ്കുവച്ചത്. ഇൻസ്റ്റാഗ്രാമിൽ ചിത്രത്തോടൊപ്പമായിരുന്നു മണിയൻപിള്ള രാജു കുറിപ്പ് പങ്കുവച്ചത്. ഇതിനുതാഴെ നിരവധിപ്പേർ കമന്റും ചെയ്തിട്ടുണ്ട്. മകനും നടനുമായ നിരഞ്ജ് മണിയൻപിള്ള രാജു ലവ് സ്‌മൈലി പങ്കുവച്ചു. നടി ചിപ്പി രഞ്ജിത്തും കമന്റ് ചെയ്തിട്ടുണ്ട്.
കുറിപ്പിന്റെ പൂർണരൂപം
നമസ്ക്കാരം ഒരു സന്തോഷം നിങ്ങളോട് പങ്കുവയ്ക്കുവാൻ തോന്നി...
കഴിഞ്ഞ ദിവസം എന്റെ പഴ്സ് കളഞ്ഞു പോയി... അതിൽ കുറച്ച് പൈസയും പൈസയേക്കാൾ വിലയുള്ള കാർഡുകളും ഉണ്ടായിരുന്നു.
എല്ലാം നഷ്ടപ്പെട്ടെന്ന് വിചാരിച്ചിരുന്നപ്പോഴാണ് ദൈവം മണികണ്ഠ സയൂജ് (സാബു) എന്ന ഒരു ഓട്ടോക്കാരന്റെ രൂപത്തിൽ വന്നത്...
എന്റെ പഴ്സ് കളഞ്ഞുകിട്ടിയത് അവർക്കാണ്.. എന്റെ വീട് അന്വേഷിച്ചുകണ്ടെത്തി സാബുവും ഭാര്യ ഉഷയും ചേർന്ന് എന്റെ വീട്ടിൽ കൊണ്ട് വന്ന് തരികയായിരുന്നു.
വളരെയധികം സന്തോഷം നൽകിയ സമയം ആയിരുന്നു അത്..
അവരുടെ ഈ നന്മയ്ക്ക് എല്ലാവിധ നന്ദിയും കടപ്പാടും അറിയിക്കുന്നു... അവരെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ...
അടുത്തിടെ തിരുവനന്തപുരത്ത് മണിയൻപിള്ള രാജുവിന്റെ കാർ അപകടത്തിൽപ്പെട്ടിരുന്നു. ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലായിരുന്നു അപകടം നടന്നത്. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. ദിവസങ്ങൾക്കുശേഷം നിരഞ്ജ് സഞ്ചരിച്ച കാറും അപകടത്തിൽപ്പെട്ടു. 'മസ്തിഷ്‌കമരണം' എന്ന സിനിമയുടെ പ്രമോഷൻ പരിപാടികൾക്കായി പോകുമ്പോൾ നിരഞ്ജ് സഞ്ചരിച്ചിരുന്ന വാഹനം കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അഭിനേതാക്കൾക്ക് പരിക്കില്ലെങ്കിലും വാഹനത്തിന് കേടുപാടുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |