
ആലപ്പുഴ: എസ് ഡി കോളേജിൽ പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ‌്‌ച. സപ്ളിമെന്ററി പരീക്ഷയുടെ ചോദ്യപേപ്പറും റെഗുലർ പരീക്ഷയുടെ ചോദ്യപേപ്പറും മാറി നൽകി. വീഴ്‌ചയുണ്ടായതിന് പിന്നാലെ പരീക്ഷാഫലം കേരള സർവകലാശാല തടഞ്ഞു. ഇതിൽ പ്രതിഷേധിച്ച് എസ്‌എഫ്‌ഐ കോളേജിൽ സമരം ആരംഭിച്ചിരിക്കുകയാണ്.
ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പറാണ് മാറി നൽകിയത്. സപ്ളിമെന്ററി പരീക്ഷയ്ക്കെത്തിയവർക്ക് റെഗുലർ പരീക്ഷയുടെ ചോദ്യപേപ്പറും റെഗുലർ പരീക്ഷയ്ക്കെത്തിയവർക്ക് സപ്ളിമെന്ററിയുടെ ചോദ്യപേപ്പറും നൽകുകയായിരുന്നു. ഡിസംബർ അവസാനവും ജനുവരി ആദ്യവുമാണ് പരീക്ഷകൾ നടന്നത്. ഫെബ്രുവരി നാലുമുതൽ ഫലം വന്നുതുടങ്ങി. എന്നാൽ ചോദ്യപേപ്പർ കോഡ് മാറിയ പരീക്ഷകളുടെ ഫലം വന്നില്ല. അദ്ധ്യാപകർ തെറ്റായ ചോദ്യപേപ്പർ നൽകിയതിനാലാണ് കോഡ് മാറിയത്. കോഡ് മാറിയതോടെ സർവകലാശാല പരീക്ഷാഫലം തടയുകയായിരുന്നു. ഇതോടെയാണ് പിഴവുണ്ടായതായി കണ്ടെത്തിയത്.
പിന്നാലെ കോളേജ് അധികൃതരുടെ പിഴവിനെത്തുടർന്ന് പരീക്ഷാഫലം സർവകലാശാല തടഞ്ഞതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ രംഗത്തെത്തി. എസ്‌എഫ്‌ഐ സമരം ആരംഭിച്ചു. ഇതിനിടെ ചോദ്യപേപ്പർ മാറി നൽകിയതായി കോളേജ് പ്രിൻസിപ്പൽ ഡോ. വി ആർ പ്രഭാകരൻ നായർ സമ്മതിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |