
കോട്ടയം: മന്ത്രി കെ ബി ഗണേശ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. മുൻ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയെ ഗണേശ് കുമാർ വേട്ടയാടുകയാണെന്ന് തിരുവഞ്ചൂർ ആരോപിച്ചു. ഗണേശ് പറഞ്ഞ കാര്യങ്ങൾ മുഴുവനും അറിയാവുന്ന ആളാണ് താനെന്നും തിരുവഞ്ചൂർ പറഞ്ഞു.
'ഉമ്മൻ ചാണ്ടിയെ വീണ്ടും വലിച്ചിഴയ്ക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ഗണേശ് കുമാറിന് മറുപടി കൊടുക്കാത്തത്. യഥാർത്ഥത്തിൽ ഇതൊക്കെ നീതിയാണോ? ഗണേശിന്റെ എല്ലാ കഥയും അറിയാവുന്ന ആളാണ് ഞാൻ. ഇന്ന് ജീവിച്ചിരിക്കുന്നവരിൽ അതെല്ലാം അറിയാവുന്നയാൾ ഞാൻ മാത്രമായിരിക്കും. ഇതിന്റെ ഉൾകഥകളെല്ലാം എനിക്കറിയാം.
ഗണേശിന് എന്ത് ഗുണം കിട്ടാനാണ് ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നത്. മരണശേഷവും എന്തിനാണ് വേട്ടയാടുന്നത്. ഉമ്മൻ ചാണ്ടിയെ മുൻപ് എത്രത്തോളം വേട്ടയാടിയെന്ന് പൊതുസമൂഹത്തിനറിയാം. കല്ലറയിൽകൊണ്ട് പോസ്റ്റർവച്ച് ഉമ്മൻ ചാണ്ടിയെ അപമാനിക്കുകയാണ്'- തിരുവഞ്ചൂർ രാധാകൃഷ്‌ണൻ വിമർശിച്ചു.
തന്റെ കുടുംബം തകർത്തതും മക്കളെ വേർപിരിച്ചതും ഉമ്മൻ ചാണ്ടിയാണെന്ന് ഗണേശ് കുമാർ ആരോപിച്ചിരുന്നു. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ശ്രമിച്ചത് ഗണേശ് കുമാറാണെന്ന് പത്തനാപുരത്ത് ചാണ്ടി ഉമ്മൻ പ്രസംഗിച്ചിരുന്നു. ഇതിന് പ്രതികരണമായിട്ടായിരുന്നു മന്ത്രിയുടെ ആരോപണം.
ഉമ്മൻ ചാണ്ടി തന്നെ ദ്രോഹിക്കുകയും ചതിക്കുകയും ചെയ്തു. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ അത് താൻ പറഞ്ഞില്ല. അന്ന് ഉമ്മൻ ചാണ്ടിക്ക് അനുകൂലമായാണ് സി.ബി.ഐക്ക് മൊഴി നൽകിയത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മന്ത്രിസ്ഥാനം തിരിച്ചു നൽകാമെന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടി വഞ്ചിച്ചു. കുടുംബ പ്രശ്നങ്ങളിൽ മദ്ധ്യസ്ഥത വഹിക്കാനായി എത്തിയ ഉമ്മൻചാണ്ടി കുടുംബം ഇല്ലാതാക്കി. ഒരു കുടുംബവഴക്കിന് മന്ത്രിസ്ഥാനം രാജിവയ്പ്പിച്ച് രണ്ടു മക്കളെയും വേർപിരിച്ചു. വിവാഹമോചനത്തിലേക്ക് കാര്യങ്ങൾ എത്തിച്ചതിന് പിന്നിലും ഉമ്മൻ ചാണ്ടിയായിരുന്നുവെന്നായിരുന്നു ഗണേശ് കുമാറിന്റെ ആരോപണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |