
ധാക്ക: മാസങ്ങൾ നീണ്ട രാഷ്ട്രീയ പ്രതിസന്ധികൾക്കൊടുവിൽ, ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രിയായി ബി.എൻ.പി ചെയർമാൻ (ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി) താരിഖ് റഹ്‌മാൻ അധികാരമേൽക്കും. മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെയും മകനായ താരിഖിന്റെ നേതൃത്വത്തിലെ ബി.എൻ.പി, തിരഞ്ഞെടുപ്പിൽ ചരിത്ര ജയം സ്വന്തമാക്കി.
വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലം ഇന്നലെ പുറത്തുവന്നപ്പോൾ, 209 സീറ്റുകൾ ബി.എൻ.പി ഒറ്റയ്ക്ക് നേടി. ഇതോടെ കേവല ഭൂരിപക്ഷം പാർട്ടി മറികടന്നു (151 സീറ്റ്). പാർട്ടിയുടെ സഖ്യ കക്ഷികൾ 3 സീറ്റുകളും നേടി. മത്സരിച്ച രണ്ട് സീറ്റുകളിലും (ധാക്ക 17, ബോഗ്ര 6) താരിഖ് ജയിച്ചു. 20 വർഷത്തിന് ശേഷമാണ് ബി.എൻ.പി അധികാരത്തിൽ തിരിച്ചെത്തുന്നത്. താരിഖിന്റെ സത്യപ്രതിജ്ഞ ഇന്നുണ്ടായേക്കും.
അതേ സമയം, ബി.എൻ.പിയുടെ മുഖ്യ എതിരാളിയായി മത്സരിച്ച ജമാഅത്തെ ഇസ്ലാമി പാർട്ടി 68 സീറ്റിൽ ഒതുങ്ങി. വോട്ടർമാരെ സ്വാധീനിക്കാൻ പണം വാഗ്ദ്ധാനം ചെയ്തുള്ള ലഘുലേഖകൾ ജമാഅത്തെ ഇസ്ലാമി പ്രചരിപ്പിച്ചിരുന്നു. ഇവരുടെ സഖ്യ കക്ഷിയായ നാഷണൽ സിറ്റിസൺ പാർട്ടിയും ഓളമുണ്ടാക്കിയില്ല (6 സീറ്റ്). 2024 ജൂലായിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥി നേതാക്കൾ രൂപീകരിച്ചതാണ് നാഷണൽ സിറ്റിസൺ പാർട്ടി.
സമാധാന നോബൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലെ ഇടക്കാല സർക്കാരിന്റെ 18 മാസം നീണ്ട ഭരണത്തിന് ശേഷമാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് നടന്നത്. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഫലമായി 2024 ആഗസ്റ്റിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചത് രാജ്യത്തെ രാഷ്ട്രീയ ഭൂപടം മാറ്റിമറിയ്ക്കുകയായിരുന്നു. ഹസീന നിലവിൽ ഇന്ത്യയിൽ അഭയംതേടിയിരിക്കുകയാണ്.
# ഹസീന ഇല്ലാതെ....
ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നേതാവാണ് ഷെയ്ഖ് ഹസീന. ഹസീനയുടെ 45 വർഷം നീണ്ട രാഷ്ട്രീയ ജീവിതത്തിനിടെ അവരുടെയോ, അവരുടെ അവാമി ലീഗ് പാർട്ടിയുടെയോ സാന്നിദ്ധ്യമില്ലാത്ത ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്
കഴിഞ്ഞ മേയിൽ യൂനുസ് സർക്കാർ ഭീകര വിരുദ്ധ നിയമ പ്രകാരം അവാമി ലീഗിനെ നിരോധിച്ചു
1996 - 2001 കാലയളവിലായിരുന്നു ഹസീനയുടെ ആദ്യ പ്രധാനമന്ത്രി ടേം. പിന്നീട് 2008 മുതൽ തുടർച്ചയായ നാല് തിരഞ്ഞെടുപ്പുകളും വിജയിച്ചു
1996 മുതൽ ഹസീന വിജയിച്ച ഗോപാൽഗഞ്ച് - 3ൽ ഇത്തവണ ബി.എൻ.പി സ്ഥാനാർത്ഥി എസ്.എം. ജിലാനി ജയിച്ചു
# അഭിനന്ദിച്ച് മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി താരിഖ് റഹ്മാനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ സമാധാനം, പുരോഗതി, സമൃദ്ധി എന്നിവയ്ക്കായി ഇന്ത്യ പ്രതിജ്ഞാബന്ധമാണെന്ന് മോദി അറിയിച്ചു.
--------------------------
# ഭരണഘടന പൊളിച്ചെഴുതും
ഭരണഘടനാ പരിഷ്കരണം ലക്ഷ്യമിട്ടുള്ള 'ജൂലായ് ചാർട്ടർ" നടപ്പാക്കാനുള്ള ദേശീയ ഹിതപരിശോധനയും തിരഞ്ഞെടുപ്പിന് അനുബന്ധമായി നടന്നിരുന്നു. 68 % പേർ പരിഷ്കരണത്തെ അനുകൂലിച്ചു. 31% പേർ എതിർത്തു. 2024ലെ പ്രക്ഷോഭത്തിന് പിന്നാലെ തയ്യാറാക്കിയതാണ് ജൂലായ് ചാർട്ടർ. ജൂലായ് ചാർട്ടറിലെ നിർദ്ദേശങ്ങളിൽ ചിലത് ഇവ;
ഭരണത്തിൽ ഉയർന്ന സ്ത്രീ പ്രാതിനിധ്യം
പ്രധാനമന്ത്രിയുടെ ടേം 2 തവണയായി (10 വർഷം) നിയന്ത്രിക്കണം
പ്രസിഡൻഷ്യൽ അധികാരത്തിന്റെ ശാക്തീകരണം
മൗലികാവകാശങ്ങളുടെ വികസനം
ജുഡിഷ്യൽ സ്വാതന്ത്ര്യം ഉറപ്പാക്കൽ
പാർലമെന്റിന് 100 അംഗ ഉപരിസഭ വേണം
--------------------------
# സീറ്റ് നില - പാർലമെന്റ്
ആകെ - 300 സീറ്റ്
കേവല ഭൂരിപക്ഷം - 151
ബി.എൻ.പി - 209
സഖ്യ കക്ഷികൾ - 3
ആകെ - 212
ജമാഅത്തെ ഇസ്ലാമി - 68
സഖ്യ കക്ഷികൾ - 9
ആകെ - 77
മറ്റ് പാർട്ടികൾ - 1
സ്വതന്ത്രർ - 7
ഫലമറിയാൻ - 2
തിരഞ്ഞെടുപ്പ് മാറ്റിവച്ചത് - 1 (സ്ഥാനാർത്ഥി മരിച്ചു)
--------------------------
# താരിഖ് റഹ്‌മാൻ - 17 വർഷം ലണ്ടനിൽ, 84 കേസുകൾ
ജനനം - 20 നവംബർ, 1965
മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റേയും രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായ ഖാലിദ സിയയുടേയും മൂത്ത മകൻ
പ്രാഥമിക വിദ്യാഭ്യാസം ധാക്കയിൽ. ബിരുദ പഠനം പൂർത്തിയാക്കിയില്ല. വസ്ത്ര, ഷിപ്പിംഗ് മേഖലകളിൽ ബിസിനസ് തുടങ്ങി
ഭാര്യ ഡോ. സുബൈദ. ഏക മകൾ സൈമ
1988ൽ രാഷ്ട്രീയത്തിലേക്ക്
അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ അടക്കം ആരോപണങ്ങൾ നേരിടവേ, ചികിത്സാ ആവശ്യം മുൻനിറുത്തി 2008ൽ ലണ്ടനിലെത്തി
2018 മുതൽ ആക്ടിംഗ് ചെയർമാനെന്ന നിലയിൽ പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് ലണ്ടനിൽ നിന്ന് മേൽനോട്ടം വഹിച്ചു
17 വർഷങ്ങൾക്ക് ശേഷം, കഴിഞ്ഞ ഡിസംബറിൽ ഖാലിദയുടെ നില ഗുരുതരമായതോടെ രാജ്യത്തേക്ക് മടങ്ങിയെത്തി
ഖാലിദ അന്തരിച്ചതോടെ ബി.എൻ.പിയുടെ ചെയർമാനായി. സിയാവുർ റഹ്മാനാണ് ബി.എൻ.പിയുടെ സ്ഥാപകൻ
2004ൽ ധാക്കയിലുണ്ടായ ഗ്രനേഡ് ആക്രമണ കേസിൽ താരിഖിന് ജീവപര്യന്തം ശിക്ഷ ലഭിച്ചെങ്കിലും 2024ൽ അപ്പീൽ കോടതി വിധി റദ്ദാക്കി. അവാമി ലീഗ് റാലിക്ക് നേരെയുണ്ടായ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെടുകയും ഷെയ്ഖ് ഹസീന അടക്കം (ഹസീന അന്ന് പ്രതിപക്ഷ നേതാവായിരുന്നു) നേതാക്കൾക്ക് പരിക്കേൽക്കുകയും ചെയ്തു
ഹസീന സർക്കാരിന്റെ പതനത്തിന് പിന്നാലെ, തെളിവുകളുടെ അഭാവവും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി താരിഖിനെതിരെയുള്ള എല്ലാ ക്രിമിനൽ കുറ്റങ്ങളും നീക്കി. 2024ന് മുമ്പ് താരിഖിനെതിരെയുണ്ടായിരുന്നത് 84 കേസുകൾ
-----------------------------
# വെല്ലുവിളികൾ
രാജ്യത്തെ ക്രമസമാധാനം പുനഃസ്ഥാപിക്കണം
ഹസീനയുടെ പതനത്തിന് പിന്നാലെ ഉയർന്ന ന്യൂനപക്ഷ ആക്രമണത്തിന് തടയിടണം
തൊഴിലില്ലായ്മ, അഴിമതി, വിലക്കയറ്റം തുടങ്ങിയ പ്രശ്നങ്ങൾ പരിഹാരിക്കണം
വസ്ത്ര മേഖല അടക്കം വ്യവസായങ്ങളെ തിരിച്ചുപിടിക്കണം
ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതും നിർണായകം
ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടുന്നത് അടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യയുമായി തുടരുന്ന അസ്വസ്ഥതകൾ താരിഖ് എങ്ങനെ കൈകാര്യം ചെയ്യുമെന്നും ഉറ്റുനോക്കുന്നു
-----------------------------
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |