SignIn
Kerala Kaumudi Online
Sunday, 15 February 2026 3.59 AM IST

ചായക്കപ്പിലെ മധുരമുള്ള ഓർമ്മ; പാർലെ-ജി ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ബിസ്കറ്റ് ആയി മാറിയതിന് പിന്നിൽ

Increase Font Size Decrease Font Size Print Page
parle-g

മുംബയ്: ഇന്ത്യക്കാരുടെ പ്രഭാതങ്ങൾ ചായക്കപ്പിലെ ഒരു കഷ്ണം പാർലെജി ബിസ്‌കറ്റില്ലാതെ പൂർണമാകില്ല. തലമുറകൾ കൈമാറിവന്ന രുചി ഇന്ന് വെറുമൊരു സ്‌‌നാക്കല്ല, മറിച്ച് കോടിക്കണക്കിന് ആളുകളുടെ ബാല്യകാല സ്മരണകളുടെ ഭാഗം കൂടിയാണ്. മുംബയ് ആസ്ഥാനമായ വിലെ പാർലെ ഈസ്റ്റിലുള്ള തങ്ങളുടെ ഏറ്റവും പഴയ ഫാക്ടറി ഒരു വാണിജ്യ സമുച്ചയമാക്കി മാറ്റാൻ പാർലെ പ്രോഡക്ട്സ് തീരുമാനിച്ചതോടെയാണ് ബിസ്‌കറ്റിന്റെ ഉത്ഭവകഥ വീണ്ടും ചർച്ചയാകുന്നത്.

1929ൽ മോഹൻലാൽ ദയാൽ എന്നയാളാണ് മുംബയിൽ പാർലെ പ്രോഡക്ട്സ് സ്ഥാപിച്ചത്. വെറും 12 ജീവനക്കാരുമായി മിഠായി നിർമ്മാണത്തിലാണ് കമ്പനി തുടക്കമിട്ടത്. പിന്നീട് 1939ൽ, വിദേശ ബിസ്‌കറ്റുകൾക്ക് ബദലായി സാധാരണക്കാർക്കും താങ്ങാനാവുന്ന വിലയിൽ 'പാർലെ ഗ്ലൂക്കോ' എന്ന പേരിൽ ബിസ്‌കറ്റ് പുറത്തിറക്കി. 1950കളിൽ നീലയും മഞ്ഞയും കലർന്ന പാക്കറ്റിൽ ചിരിച്ചുകൊണ്ടിരിക്കുന്ന പെൺകുട്ടിയുടെ ചിത്രം ഉൾപ്പെടുത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു. നിഷ്‌കളങ്കത വിളിച്ചോതുന്ന പാക്കേജിംഗ് പാർലെ ഗ്ലൂക്കോയെ ഇന്ത്യയിലെ ഓരോ വീട്ടിലെയും അംഗമാക്കി മാറ്റുകയായിരുന്നു.

1980ലാണ് പാർലെ ഗ്ലൂക്കോ എന്ന പേര് മാറ്റി 'പാർലെജി' എന്നാക്കിയത്. തുടക്കത്തിൽ 'ജി' എന്നത് ഗ്ലൂക്കോസിനെയാണ് സൂചിപ്പിച്ചിരുന്നതെങ്കിലും, പിൽക്കാലത്ത് വന്ന പരസ്യങ്ങളിലൂടെ 'ജി ഫോർ ജീനിയസ്' എന്ന സന്ദേശം കമ്പനി ജനങ്ങളിലെത്തിച്ചു. കുട്ടികളെ മാത്രമല്ല, മുതിർന്നവരെയും ആകർഷിക്കുന്ന വിധത്തിലുള്ള പരസ്യ തന്ത്രങ്ങളാണ് കമ്പനി പയറ്റിയത്.

ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബിസ്‌കറ്റ് ബ്രാൻഡുകളിലൊന്നാണ് പാർലെജി. പണപ്പെരുപ്പം പല ഉൽപ്പന്നങ്ങളുടെയും വില വർദ്ധിപ്പിച്ചപ്പോഴും, ഇന്നും വെറും 5 രൂപയ്ക്ക് പാർലെജി പാക്കറ്റുകൾ ലഭ്യമാണ്. എല്ലാ പ്രായക്കാർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രുചിയും ഗുണമേന്മയും നിലനിർത്താൻ കമ്പനിക്ക് സാധിച്ചു. ഒരു പാക്കറ്റിൽ ഏകദേശം 450 കലോറിയാണ് അടങ്ങിയിട്ടുള്ളത്.

നഗരങ്ങളിലെപോലെ തന്നെ ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിൽ പോലും പാർലെജി ലഭ്യമാണ്. അമേരിക്കയിലെ വാൾമാർട്ട് പോലുള്ള വൻകിട സ്റ്റോറുകളിൽ പോലും പാർലെജിയും ഇന്ത്യൻ ഭുജിയയും ഇടംപിടിക്കുന്നത് ബ്രാൻഡിന്റെ ആഗോള സ്വീകാര്യതയ്ക്ക് തെളിവാണ്. കേവലം ചായക്കടി എന്നതിലുപരി, ഇന്ത്യയുടെ സാംസ്‌കാരിക അടയാളമായി പാർലെജി ഇന്നും തലയുയർത്തി നില്ക്കുന്നുണ്ട്.

TAGS: PARLE G, OFFBEAT, LATESTNEWS, FOOD HISTORY, INDIAN SNACKS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.