
തിരുവനന്തപുരം: കാലത്തിനുസരിച്ച് മാറുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി നിരത്തിലിറക്കിയ എസി സീറ്റർ കം സ്ലീപ്പർ ബസ് കട്ടപ്പുറത്തേക്കോ?. കൊട്ടാരക്കര-മൂകാംബിക റൂട്ടിലോടുന്ന KS 469-ാം നമ്പർ ബസാണ് സസ്‌പെൻഷൻ തകരാർ മൂലം ടിവിഎസിൽ പണിക്കുകയറ്റിയിരിക്കുന്നത്. അഞ്ചുലക്ഷം കിലോമീറ്റർ വാറണ്ടിയുള്ള വണ്ടിക്ക് ഒരുലക്ഷം കിലോമീറ്റർ കഴിഞ്ഞപ്പോൾത്തന്നെ 5ലക്ഷം കിലോമീറ്റർ കഴിഞ്ഞു വരേണ്ടേ കംപ്ലയിന്റ് വന്നതിനാൽ വാറണ്ടി ലഭിക്കില്ലെന്നും തകരാർ പരിഹരിക്കണമെങ്കിൽ കോർപ്പറേഷൻ 96962 രൂപ ടിവിഎസിന് നൽകണമെന്നും കൊട്ടാരക്കര ഡിപ്പോ എൻജിനീയറുടെ പേരിൽ പ്രചരിക്കുന്ന സർക്കുലറിൽ പറയുന്നു.
സർവീസ് നടത്തുന്ന ജീവനക്കാർ ശ്രദ്ധയില്ലാതെ ബസ് കൈകാര്യം ചെയ്യുന്നതുമൂലം ഉണ്ടാകുന്ന നഷ്ടം ഉത്തരവാദികളിൽ നിന്ന് ഈടാക്കാൻ നിർബന്ധിതരാകും. അതിനാൽ മോശം റോഡുകളിൽ സ്വന്തം വാഹനം ആണെന്ന രീതിയിൽ പതിയെ ശ്രദ്ധയോടെ ബസുകൾ കൈകാര്യം ചെയ്യണമെന്ന ഉപദേശവും സർക്കുലറിലുണ്ട്.
ദേശീയപാതയിൽ ഉൾപ്പെടെ പലയിടങ്ങളിലും റോഡുപണി നടക്കുന്നതിനാൽ റോഡുകളുടെ അവസ്ഥ വളരെ പരിതാപകരമാണ്. പലയിടങ്ങളിലും വൻ കുഴികളാണ്. ചിലയിടങ്ങളിൽ കുണ്ടും കുഴിയും നിറഞ്ഞ ഇടവഴികളിലൂടെയാണ് ഗതാഗതം തിരിച്ചുവിട്ടിരിക്കുന്നത്. ഇതെല്ലാം ബസുകൾക്ക് കേടുപാടുകളുണ്ടാവാൻ കാരണമാകുന്നു. മോശം റോഡുകളും ഗതാഗതക്കുരുക്കും പതിവായിട്ടും റണ്ണിംഗ് ടൈം ക്രമീകരിച്ചുകൊടുക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ഇത് കുണ്ടും കുഴിയും നോക്കാതെ ചവിട്ടിവിടാൻ ഡ്രൈവർമാരെ പ്രേരിപ്പിക്കുന്നു.
അടുത്തിടെ പുറത്തിക്കിയ ലിങ്ക് ബസുകൾ ഉൾപ്പെടെ പലതിന്റെയും ബോഡി മതിലുകളിലും മറ്റും ഉരഞ്ഞ് നാശമായ അവസ്ഥയിലാണ്. തങ്ങളുടെ മേൽ മാത്രം കുറ്റം ചാരാതെ യഥാർത്ഥ കാരണം എന്താണെന്ന് മനസിലാക്കി അത് പരിഹരിക്കുകയാണ് വേണ്ടതെന്നാണ് ജീവനക്കാർ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |