SignIn
Kerala Kaumudi Online
Thursday, 19 February 2026 12.28 AM IST

കേരള ബാങ്കുകൾക്ക് ലാഭപ്പൂക്കാലം

Increase Font Size Decrease Font Size Print Page

banking

ഒക്ടോബർ-ഡിസംബർ അറ്റാദായം 1,598 കോടി രൂപ

കൊച്ചി: പലിശ, ഫീസ് വരുമാനം വർദ്ധിപ്പിച്ചും പ്രവർത്തന അച്ചടക്കം പാലിച്ചും കേരള ആസ്ഥാനമായ സ്വകാര്യ ബാങ്കുകൾ ലാഭക്ഷമത തുടർച്ചയായി വർദ്ധിപ്പിക്കുന്നു. നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം ത്രൈമാസത്തിൽ പ്രമുഖ സ്വകാര്യ ബാങ്കുകളായ ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, സി.എസ്.ബി ബാങ്ക്, ധനലക്ഷ്‌മി ബാങ്ക് എന്നിവയുടെ സംയുക്ത അറ്റാദായം 1,598 കോടി രൂപയായി ഉയർന്നു. ഇതോടൊപ്പം നിക്ഷേപ സമാഹരണത്തിലും വായ്പാ വിതരണത്തിലും മികച്ച വളർച്ച നേടാനും കേരള ബാങ്കുകൾക്ക് കഴിഞ്ഞു. സി.എസ്.ബി ഒഴികെ മൂന്ന് ബാങ്കുകളും കിട്ടാക്കടം ഗണ്യമായി കുറച്ചു.

പലിശ വരുമാനത്തിലെ വർദ്ധനയാണ് അവലോകന കാലയളവിൽ ബാങ്കുകൾക്ക് കരുത്തായത്. ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള ഇക്കാലയളവിൽ ഫെഡറൽ ബാങ്കിന്റെ അറ്റാദായം ഒൻപത് ശതമാനം ഉയർന്ന് 1,041.21 കോടി രൂപയായി. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അറ്റാദായം ഇക്കാലയളവിൽ ഒൻപത് ശതമാനം ഉയർന്ന് 374 കോടി രൂപയിലെത്തി. സി.എസ്.ബിയുടെ അറ്റാദായം നേരിയ തോതിൽ ഉയർന്ന് 153 കോടി രൂപയിലെത്തി. ധനലക്ഷ്മി ബാങ്കിന്റെ അറ്റാദായം 20 ശതമാനം വർദ്ധിച്ച് 24 കോടി രൂപയായി,

കിട്ടാക്കടം കുറയുന്നു

മൂന്നാം ത്രൈമാസത്തിൽ കേരള ബാങ്കുകളുടെ കിട്ടാക്കടത്തിൽ ഗണ്യമായ കുറവുണ്ടായി. സാങ്കേതികവിദ്യയുടെ സാദ്ധ്യത ഉപയോഗപ്പെടുത്തിയതും വായ്പ വിതരണത്തിലെ കാര്യക്ഷമത വർദ്ധിപ്പിച്ചതുമാണ് നേട്ടമായത്. ഫെഡറൽ ബാങ്കിന്റെ മൊത്തം കിട്ടാക്കടം അവലോകന കാലയളവിൽ 1.72 ശതമാനമായി കുറഞ്ഞു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്‌തി 1.63 ശതമാനം താഴ്ന്ന് 2.67 ശതമാനമായി. ധനലക്ഷ്‌മി ബാങ്കിന്റെ മൊത്തം കിട്ടാക്കടം 2.36 ശതമാനമായി കുറഞ്ഞു. അതേസമയം സി.എസ്.ബി ബാങ്കിന്റെ കിട്ടാക്കടം 1.96 ശതമാനമായി ഉയർന്നു.

നിക്ഷേപത്തിൽ കുതിപ്പ്

ബാങ്കുകളുടെ നിക്ഷേപ സമാഹരണം ഊർജിതമായി മെച്ചപ്പെടുന്നു. ഫെഡറൽ ബാങ്കിന്റെ മൊത്തം നിക്ഷേപം 12 ശതമാനം ഉയർന്ന് 2.98 ലക്ഷം കോടി രൂപയായി. സൗത്ത് ഇന്ത്യൻ ബാങ്ക് റീട്ടെയിൽ നിക്ഷേപം 13,142 കോടി രൂപ ഉയർന്ന് 1.02 ലക്ഷം കോടി രൂപയിലെത്തി. സി.എസ്.ബിയുടെ നിക്ഷേപം 21 ശതമാനം ഉയർന്ന് 33,407 കോടി രൂപയായി.

ബാങ്ക് അറ്റാദായം വർദ്ധന

ഫെഡറൽ ബാങ്ക് 1,041 കോടി രൂപ 9 ശതമാനം

സൗത്ത് ഇന്ത്യൻ ബാങ്ക് 374 കോടി രൂപ 9 ശതമാനം

സി.എസ്.ബി ബാങ്ക് 153 കോടി രൂപ 1 ശതമാനം

ധനലക്ഷ്‌മി ബാങ്ക് 24 കോടി രൂപ 20 ശതമാനം

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY