
ലോകകപ്പിൽ ഇന്ന് ഇന്ത്യ പാകിസ്ഥാൻ പോരാട്ടം
കൊളംബോ : ഇന്നാണ് കാണികൾ കാത്തിരുന്ന ആ കളി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് പോരാട്ടം. ബഹിഷ്കരിക്കുമെന്നുള്ള ഭീഷണി പിൻവലിച്ച് കളിക്കാനെത്തുന്ന പാകിസ്ഥാനെ ഒരിക്കൽക്കൂടി തോൽപ്പിക്കാൻ കച്ചകെട്ടിയാണ് സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം കൊളംബോയിലെത്തിയിരിക്കുന്നത്. ഇന്ന് രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുന്നത്.
എ ഗ്രൂപ്പിൽ തങ്ങളുടെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വിജയിച്ചവരാണ് ഇരു ടീമുകളും. ഇന്ത്യ ആദ്യ മത്സരത്തിൽ 29 റൺസിന് അമേരിക്കയേയും രണ്ടാം മത്സരത്തിൽ 93 റൺസിന് നമീബിയയേയുമാണ് തോൽപ്പിച്ചത്. മൂന്ന് വിക്കറ്റിന് നെതർലാൻഡ്സിനെ തോൽപ്പിച്ച് തുടങ്ങിയ പാകിസ്ഥാൻ രണ്ടാം മത്സരത്തിൽ അമേരിക്കയെ കീഴടക്കിയത് 32 റൺസിന്.
ഉഭയകക്ഷി പരമ്പരകളില്ലാത്തതിനാൽ ഐ.സി.സി, എ.സി.സി ടൂർണമെന്റുകളിൽ മാത്രമാണ് ഇന്ത്യയും പാകിസ്ഥാനും ഇപ്പോൾ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ സെപ്തംബറിൽ ദുബായ്‌യിൽ നടന്ന ഏഷ്യാകപ്പ് ഫൈനലിലാണ് ഇന്ത്യയും പാകിസ്ഥാനും അവസാനമായി ഏറ്റുമുട്ടിയത്.
ഭീഷണിക്ക് പിന്നിൽ
ബംഗ്ളാദേശിനെ ലോകകപ്പിൽ നിന്ന് ഒഴിവാക്കിയതിന്റെ പേരിൽ ഇന്ത്യയോടുള്ള വിരോധം തീർക്കാനാണ് പാകിസ്ഥാൻ ബഹിഷ്കരണഭീഷണി മുടക്കിയത്. എന്നാൽ ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റേയും മത്സരവേദിയായ ശ്രീലങ്കയിലെ ക്രിക്കറ്റ് ബോർഡിന്റേയും ബംഗ്ളാദേശ് ബോർഡിന്റേയും സമ്മർദ്ദം മൂലം അവർക്ക് തീരുമാനം പിൻവലിക്കേണ്ടിവന്നു. മത്സരം മുടങ്ങിയാലുണ്ടാകുന്ന കനത്ത സാമ്പത്തിക നഷ്ടവും വിലക്ക് ഉൾപ്പെടെയുള്ള നടപടികളുമാണ് പാകിസ്ഥാനെ യൂടേൺ അടിപ്പിച്ചത്.
ഷേക് ഹാൻഡ് ഉണ്ടാകുമോ ?
കഴിഞ്ഞ ഏഷ്യാകപ്പിൽ ഏറെ വിവാദമായ ഷേക് ഹാൻഡ് ഈ ലോകകപ്പിൽ പ്രശ്നമാകുമോ എന്നാണ് അറിയേണ്ടത്. ഏഷ്യാകപ്പിൽ ടോസിംഗ് സമയത്തും മത്സരം കഴിഞ്ഞും ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് പാക് ക്യാപ്ടൻ സൽമാൻ ആഗയ്ക്ക് ഷേയ്ക്ക് ഹാൻഡ് നൽകാൻ തയ്യാറായിരുന്നില്ല. സമ്മാനദാനവേളയിൽ എ.സി.സി ചെയർമാനായ പാക് മന്ത്രിയും പാക് ബോർഡ് പ്രസിഡന്റുമായ മൊഹ്‌സിൻ നഖ്‌വിക്ക് ഷേയ്ക്ക്ഹാൻഡ് നൽകാൻ സൂര്യ തയ്യാറാകാത്തതിനാൽ ഇന്ത്യയ്ക്ക് ട്രോഫി സമ്മാനിച്ചില്ല.
മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ പാക് ക്യാപ്ടൻ സൽമാൻ ആഗ ഷേക് ഹാൻഡ് നൽകാൻ തയ്യാറാണെന്ന രീതിയിൽ നിലപാട് സ്വീകരിച്ചപ്പോൾ ഒന്നും വിട്ടുപറയാൻ ഇന്ത്യൻ ക്യാപ്ടൻ സൂര്യകുമാർ യാദവ് തയ്യാറായില്ല. കളത്തിൽ കാണാം നിലപാട് എന്നാണ് സൂര്യ പറഞ്ഞത്.
അഭിഷേക് ഇറങ്ങും
അസുഖം മാറി അഭിഷേക് ശർമ്മ ഓപ്പണിംഗിനെത്തുമെന്ന് സൂര്യ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയതോടെ സഞ്ജു സാംസൺ ഇന്ന് ബെഞ്ചിലിരിക്കേണ്ടിവരും. വയറിലെ അണുബാധയ്ക്ക് ആശുപത്രിയിലായിരുന്ന അഭിഷേക് ഫിറ്റ്നെസ് വീണ്ടെടുത്തെന്നാണ് റിപ്പോർട്ടുകൾ. പാകിസ്ഥാനെതിരായ മത്സരം നിർണായകമായതിനാൽ അഭിഷേകിനെ കളിപ്പിക്കുകയും അടുത്ത മത്സരത്തിൽ വിശ്രമം നൽകുകയും ചെയ്യാനാണ് കോച്ച് ഗംഭീറിന്റെ പദ്ധതി.കഴിഞ്ഞ മത്സരത്തിൽ ലോകകപ്പ് അരങ്ങേറ്റം കുറിച്ച് എട്ടു പന്തുകളിൽ 22 റൺസ് നേടിയ സഞ്ജു പുറത്തായ രീതി വിമർശനങ്ങൾ ഉയർത്തിയിരുന്നു. കിവീസിനെതിരായ പരമ്പരയിലും പരാജയപ്പെട്ട സഞ്ജുവിന് പകരം വാഷിംഗ്ടൺ സുന്ദറിനെ ഓപ്പണറായി പരീക്ഷിക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. സ്പിന്നർ കുൽദീപും ഇന്ന് കളിച്ചേക്കും.
ടീമുകൾ ഇവരിൽ നിന്ന്
ഇന്ത്യ : സൂര്യകുമാർ യാദവ് (ക്യാപ്ടൻ), അക്ഷർ പട്ടേൽ (വൈസ് ക്യാപ്ടൻ), ഇഷാൻ കിഷൻ ,സഞ്ജു സാംസൺ, അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്,ഹർഷിത് റാണ,കുൽദീപ് യാദവ്, വാഷിംഗ്‌ടൺ സുന്ദർ,വരുൺ ചക്രവർത്തി.
പാകിസ്ഥാൻ : സൽമാൻ അലി ആഗ (ക്യാപ്ടൻ), അബ്രാർ അഹമ്മദ്, ബാബർ അസം, ഫഹീം അഷ്റഫ്, ഫഖർ സമാൻ, ഖ്വാജ മുഹമ്മദ് നഫായ്, മുഹമ്മദ് നവാസ്, മുഹമ്മദ് സൽമാൻ മിർസ, നസീം ഷാ, സാഹിബ്സാദ ഫർഹാൻ, സയിം അയൂബ്, ഷഹീൻ ഷാ അഫ്രീദി, ഷദാബ് ഖാൻ, ഉസ്മാൻ ഖാൻ, ഉസ്മാൻ താരിഖ്.
7 pm മുതൽ സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട്‌സ്റ്റാറിലും ലൈവ്
13- 3
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ട്വന്റി-20 ഫോർമാറ്റിൽ ഏറ്റുമുട്ടിയ 16 മത്സരങ്ങളിൽ 13 എണ്ണത്തിലും ജയിച്ചത് ഇന്ത്യയാണ്. അവസാന അഞ്ചുമത്സരങ്ങളിലും ഇന്ത്യൻ ജയം. 2022ലെ ഏഷ്യാകപ്പിലാണ് അവസാനമായി പാകിസ്ഥാൻ ജയിച്ചത്.
ഉസ്മാൻ ലീഗലാണോ ?
വ്യത്യസ്ത ബൗളിംഗ് ആക്ഷനുള്ള സ്പിന്നർ ഉസ്മാൻ താരിഖാണ് പാകിസ്ഥാൻ നിരയിൽ ഇപ്പോൾ ചർച്ചാവിഷയം. ഉസ്മാന്റെ ആക്ഷൻ നിയമവിധേയമാണോ അല്ലയോ എന്നതിൽ വലിയ ചർച്ചയാണ് നടക്കുന്നത്. പന്തെറിയാൻ തുടങ്ങിയശേഷം അൽപ്പസമയം കൈ അനക്കാതെ വയ്ക്കുന്നതാണ് ഉസ്മാന്റെ രീതി. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ രംഗത്തുവന്നിട്ടുണ്ട്. അമേരിക്കയ്ക്ക് എതിരെ മൂന്ന് വിക്കറ്റുകൾ ഉസ്മാൻ നേടിയിരുന്നു.
കളിയെ അതിന്റെ സ്പിരിറ്റിൽതന്നെ കാണണം. പരമ്പരാഗത ചടങ്ങുകൾ പിന്തുടരാൻ ഞങ്ങൾ തയ്യാറാണ്. അഭിഷേക് ശർമ്മ ഇന്ന് കളിക്കാനിറങ്ങണം എന്നാണ് ആഗ്രഹം. ഏറ്റവും മികച്ച ഇന്ത്യൻ ടീമിനെ നേരിടാനാണ് ഞങ്ങൾക്കിഷ്ടം
- സൽമാൻ ആഗ, പാക് ക്യാപ്ടൻ
ഷേക് ഹാൻഡിനെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാനില്ല. കുറച്ചു മണിക്കൂറുകൾ കൂടി കാത്തിരിക്കൂ. എന്തു ചെയ്യുമെന്ന് കളിക്കളത്തിൽ കാണാം. അഭിഷേകും കുൽദീപും കളിക്കാൻ ഇറങ്ങും.
- സൂര്യകുമാർ യാദവ്, ഇന്ത്യൻ ക്യാപ്ടൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |