SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.38 PM IST

'ശുദ്ധ നെറികേടാണ്,​​ കറിവേപ്പില എടുത്തുപുറത്തിടുന്ന പോലെയാണ് അവർ പ്രേംകുമാറിനെ ഒഴിവാക്കിയത്'

Increase Font Size Decrease Font Size Print Page
premkumar

നടൻ പ്രേംകുമാറിനെ പിന്തുണച്ച് സംവിധായകൻ വിനയൻ രംഗത്ത്. പ്രേംകുമാറിനോട് ഒരു വാക്കു പോലും പറയാതെ ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത് ശുദ്ധ നെറികേടാണെന്നാണ് വിനയൻ പ്രതികരിച്ചത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

പോസ്റ്റിന്റെ പൂർണരൂപം

നടൻ പ്രേംകുമാർ പറഞ്ഞതിൽ സത്യവും വസ്തുതയും ഉണ്ട്. ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ എന്ന നിലയിൽ വമ്പൻമാർ ഒക്കെ ചെയ്തതിലും ഭംഗിയായി അതിന്റെ ഭരണം നടത്തുകയും വിവാദങ്ങൾക്കൊന്നും ഇടം കൊടുക്കാതെ ചിട്ടയോടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിക്കുകയും ചെയ്ത പ്രേംകുമാറിനോട് ഒരു വാക്കു പോലും പറയാതെ ഒഴിവാക്കിയത് ശുദ്ധ നെറികേടായിരുന്നു എന്ന് അന്നു തന്നെ ഞാൻ പറഞ്ഞിരുന്നു.

തൂമ്പാപ്പണിക്കു വരുന്ന കൂലിപ്പണിക്കാരനോടു പോലും നാളെ മുതൽ നീ വരണ്ട എന്നു പറഞ്ഞാണല്ലോ നമ്മൾ ഒഴിവാക്കാറുള്ളത്.

അല്ലെങ്കിൽ പിറ്റേദിവസം കിളക്കാൻ വരുമ്പോൾ പറയാതെ വേറൊരുത്തനേ വച്ചെന്നു കണ്ടാൽ അവൻ വഴക്കുണ്ടാക്കും. പക്ഷേ പ്രേംകുമാറിന് കൂടെ ജോലിചെയ്ത സഹപ്രവർത്തകരോട് യാത്ര ചോദിക്കാൻ പോലും അവസരം നൽകാതെ കറിവേപ്പില എടുത്തു പുറത്തിടുന്ന പോലെ ഒഴിവാക്കികൊണ്ട് മാദ്ധ്യമങ്ങളിലൂടെ പുതിയ ആളെ നിയമിച്ച വാർത്ത കൊടുക്കുകയാണ് സാംസ്കാരിക വകുപ്പ് ചെയ്തത്.

"ഞാനൊരു സാധാരണ കലാകാരനല്ലേ വിനയേട്ടാ"... നമുക്കു വലിയ പേരും പത്രാസും ഒന്നും ഇല്ലല്ലോ..പക്ഷേ അപമാനിക്കാൻ മാത്രം തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല. എന്നാണ് അന്ന് പ്രേംകുമാർ പറഞ്ഞത്.

അതിൽ എല്ലാമുണ്ട്. ഇതിഹാസങ്ങളേം കോട്ടിട്ട പൌരപ്രമുഖരേം മാത്രമല്ല കഴിവുള്ള കലാകാരന്മാർക്കും സാധാരണക്കാർക്കും അവരർഹിക്കുന്ന വിലകൊടുക്കണം. അതാണു ജനാധിപത്യം. മറിച്ചു ചെയ്യുന്നതിനാണ് സ്വജന പക്ഷപാതമെന്ന് പറയുന്നത്.

മലയാള സിനിമാ സംഘടനകൾ ഒന്നും ഒരു വാക്കു കൊണ്ടുപോലും അന്ന് നടൻ പ്രേംകുമാറിനെ സപ്പോർട്ടു ചെയ്തില്ല എന്ന കാര്യവും ഇവിടെ ഓർത്തു പോകുന്നു.

TAGS: VINAYAN, POST, PREMKUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY