SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.44 PM IST

കണ്ണൂർ ജില്ലയിൽ പോര് കനക്കും 2ൽ നിന്ന് 4 ആക്കാൻ യു.ഡി.എഫ്; കോട്ടകാക്കാൻ എൽ.ഡി.എഫ്

Increase Font Size Decrease Font Size Print Page
elect
യു.ഡി.എഫ്; എൽ.ഡി.എഫ്

കണ്ണൂർ: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിലെ ഇടതുപക്ഷത്തിന്റെ പരമ്പരാഗത കോട്ടകളിൽ ഇളക്കം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പുമായി യു.ഡി.എഫ്. നിലവിൽ കൈയിലുള്ള ഇരിക്കൂർ, പേരാവൂർ സീറ്റുകൾക്കു പുറമേ കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളും സ്വന്തമാക്കാമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ മുന്നണി.
ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിൽ 9 എണ്ണത്തിലും 2021ൽ വിജയിച്ച എൽ.ഡി.എഫിനാകട്ടെ നിലവിലെ മേധാവിത്വം നിലനിർത്താനുള്ള പോരാട്ടമാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 11 മണ്ഡലങ്ങളിൽ 6 എണ്ണത്തിലും മുന്നിൽ എത്തിയ യു.ഡി.എഫിന്റെ കണക്കുകൂട്ടലുകൾ, സി.പി.എം നേതൃത്വത്തെ ഗൗരവത്തോടെ സമീപിക്കാൻ പ്രേരിപ്പിച്ചതിനെ തുടർന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ മുഖം കാക്കാനായി.
ലോക്‌സഭാ വോട്ടെടുപ്പിൽ നഷ്ടപ്പെട്ട മണ്ഡലങ്ങളിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് സാധിച്ചു. പ്രത്യേകിച്ച് തലശേരി, കൂത്തുപറമ്പ്, പയ്യന്നൂർ, കല്യാശ്ശേരി, ധർമടം തുടങ്ങിയ മണ്ഡലങ്ങളിൽ ശക്തമായ വോട്ട് ശേഖരണത്തിലൂടെ നില ഭദ്രമാക്കി.
എങ്കിലും കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് കൈവരിച്ച ലീഡ് അവഗണിക്കാനാവില്ല. കണ്ണൂരിൽ 10,459 വോട്ടിന്റെയും അഴീക്കോട്ട് 2,489 വോട്ടിന്റെയും ലീഡ് നേടിയത് യു.ഡി.എഫ് പ്രതീക്ഷകൾക്ക് ആക്കം കൂട്ടുന്നു. പത്തുവർഷത്തെ വികസന നേട്ടങ്ങളെ ആയുധമാക്കി എൽ.ഡി.എഫും ഭരണവിരുദ്ധ വികാരം ഉപയോഗപ്പെടുത്താൻ യു.ഡി.എഫും ഒരുങ്ങുമ്പോൾ, പഞ്ചായത്തുകളിലും നഗരസഭകളിലും കോർപ്പറേഷനിലും കൈവരിച്ച നേട്ടമാണ് ബി.ജെ.പിയുടെ പ്രതീക്ഷ.


രക്തസാക്ഷി ഫണ്ട് വിവാദവും
പാർട്ടി വിഭാഗീയതയും

സി.പി.എം. ജില്ലാ നേതൃത്വത്തെ വിവാദങ്ങളിലാക്കിയ രക്തസാക്ഷി ഫണ്ട് പ്രശ്നവും പാർട്ടിക്കുള്ളിലെ വിയോജിപ്പുകളും തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തിയേക്കുമെന്ന ആശങ്കയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ സി.പി.എം. നേതൃത്വത്തിനെതിരെ വിമതനായി മത്സരിച്ച സ്ഥാനാർത്ഥിയുടെ വിജയവും പാർട്ടി ഐക്യത്തെ സംബന്ധിച്ച ചോദ്യങ്ങൾ ഉയർത്തുന്നു. വോട്ടർപട്ടിക പുതുക്കിയപ്പോൾ ജില്ലയിൽ നിന്ന് 98,647 വോട്ടർമാരുടെ പേരുകൾ ഒഴിവാക്കിയതും എൽ.ഡി.എഫിന് തിരിച്ചടിയാകുമെന്ന് വിശകലനമുണ്ട്.


സിറ്റിംഗ് എം.എൽ.എമാർ വീണ്ടും രംഗത്ത്
സി.പി.എം സംസ്ഥാന സെക്രട്ടറിയായ എം.വി ഗോവിന്ദനൊഴികെ സിറ്റിംഗ് എം.എൽ.എമാർ വീണ്ടും മത്സരത്തിനിറങ്ങാനാണ് സാദ്ധ്യത. കണ്ണൂരിൽ കെ. സുധാകരനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയേക്കും. ഇത് എൽ.ഡി.എഫിന് കടുത്ത ഭീഷണി സൃഷ്ടിക്കുന്നുണ്ട്. കടന്നപ്പള്ളി രാമചന്ദ്രൻ തന്നെയായിരിക്കും എൽ.ഡി.എഫ് സ്ഥാനാർത്ഥി. അഴീക്കോട്ട് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരിക്കാണ് സാധ്യത. കെ.വി സുമേഷ് തന്നെ എൽ.ഡി.എഫിന് വേണ്ടി മത്സരിക്കും.
ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും മത്സരിക്കുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. കല്യാശ്ശേരിയിൽ എം. വിജിനും തലശേരിയിൽ എ.എൻ. ഷംസീറും ഇരിക്കൂറിൽ സജീവ് ജോസഫും പേരാവൂരിൽ കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫും തങ്ങളുടെ സീറ്റുകൾ നിലനിർത്താനിറങ്ങും. മട്ടന്നൂരിൽ കെ.കെ ശൈലജയും കൂത്തുപറമ്പിൽ കെ.പി മോഹനനും ജനവിധി തേടിയേക്കും. പയ്യന്നൂരിൽ ടി.ഐ മധുസൂദനനെ തന്നെ സ്ഥാനാർത്ഥിയാക്കുമോ അതോ അപ്രതീക്ഷിത സ്ഥാനാർത്ഥി വരുമോ എന്ന കാര്യത്തിൽ ചർച്ചകൾ നടക്കുന്നു.

TAGS: LOCAL NEWS, KANNUR, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY