SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.06 PM IST

ആറു വയസുകാരി പീഡനത്തിനിരയായ കേസ്: അമ്മയുടെ മൊഴി വീണ്ടുമെടുക്കും

Increase Font Size Decrease Font Size Print Page

കൊച്ചി: എറണാകുളം പോണേക്കരയിൽ പിതാവിനൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ ആറു വയസുകാരി ലൈംഗിക പീഡനത്തിനിരയായ കേസിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ അമ്മയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. കുട്ടി പീഡിപ്പിക്കപ്പെട്ടത് അറിഞ്ഞിരുന്നില്ലെന്നാണ് ഇവരുടെ ആദ്യമൊഴി. അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ രണ്ട് ബന്ധുക്കളുടെ മൊഴികൾ രേഖപ്പെടുത്തി. കുട്ടിയുടെ പിതാവിനെക്കുറിച്ചുള്ള വിവരശേഖരണത്തിന്റെ ഭാഗമായി കൂടുതൽ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും. കുട്ടി പഠിച്ച സ്‌കൂൾ അധികൃതരിൽ നിന്നും വിവരങ്ങൾ ചോദിച്ചറിയും.

പിതാവ് തന്നെയാണോ കുട്ടിയെ പീഡിപ്പിച്ചതെന്നറിയാൻ ശേഖരിച്ച സാമ്പിൾ ഡി.എൻ.എ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്.

ജനുവരി 15ന് രാവിലെയാണ് ആലപ്പുഴ പൂച്ചാക്കൽ സ്വദേശിയായ 33കാരനെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിലും മകളെ കട്ടിലിൽ മരിച്ച നിലയിലും കണ്ടെത്തിയത്. ഭാര്യ വഴക്കിട്ട് പിണങ്ങിപ്പോയതിൽ മനം നൊന്ത് മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്‌തെന്നായിരുന്നു പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് വ്യക്തമായതോടെ പോക്‌സോ കേസെടുക്കുകയായിരുന്നു.

എറണാകുളം സെൻട്രൽ എ.സി.പിക്കാണ് അന്വേഷണച്ചുമതല. മൂന്ന് വർഷമായി പോണേക്കരയിലെ വാടകവീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. യുവാവ് ജോലിക്ക് പോകാത്തതിലുള്ള സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ ഭാര്യയുമായി വഴക്ക് പതിവായിരുന്നു. താനും മകളും പോവുകയാണെന്ന് ഭാര്യക്ക് സന്ദേശമയച്ച ശേഷമാണ് യുവാവ് കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യചെയ്തത്.

TAGS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY