
ബെർലിൻ: ഇന്ത്യയുടെ ദേശീയ താത്പര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. കൂടുതൽ റഷ്യൻ എണ്ണ വാങ്ങില്ലെന്ന ഉറപ്പ് വ്യാപാര കരാറിന്റെ ഭാഗമായി ഇന്ത്യയിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അവകാശപ്പെട്ട പിന്നാലെയാണ് വിദേശ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്ന നിലപാട് ജയശങ്കർ വ്യക്തമാക്കിയത്.
ഇന്ത്യ സ്വതന്ത്രമായി ആലോചിച്ചാണ് തീരുമാനങ്ങളെടുക്കുന്നത്. ആഗോള എണ്ണ വിപണി സങ്കീർണവും ചലനാത്മകവുമാണ്. ലഭ്യത, ചെലവ്, അപകട സാദ്ധ്യതകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് എണ്ണക്കമ്പനികൾ തീരുമാനമെടുക്കുന്നത്. അവരുടെ താത്പര്യങ്ങൾക്ക് യോജിക്കുന്ന തീരുമാനങ്ങൾ അവർ സ്വീകരിക്കുന്നുണ്ട് - ജർമ്മനിയിൽ മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസിനിടെ അദ്ദേഹം പറഞ്ഞു.
യു.എസുമായുള്ള വ്യാപാര ധാരണ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ ബാധിക്കുമോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതേ കോൺഫറൻസിൽ ഏതാനും മണിക്കൂറുകൾക്ക് മുന്നേയായിരുന്നു റൂബിയോയുടെ പ്രസ്താവന.
ഇന്ത്യയുടെ ഊർജ്ജ സംബന്ധമായ തീരുമാനങ്ങൾ ദേശീയ താത്പര്യങ്ങൾക്ക് അനുസരിച്ചാണെന്ന് വിദേശകാര്യ മന്ത്രാലയവും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യ തങ്ങളുടെ എണ്ണ ഇറക്കുമതി നിറുത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അല്ലാതെ മറ്റാരും പറഞ്ഞിട്ടില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്റോവും അടുത്തിടെ വ്യക്തമാക്കിയിരുന്നു.
രക്ഷാസമിതി പരിഷ്കരിക്കണം
നിലവിലെ സാഹചര്യത്തിൽ യു.എൻ രക്ഷാസമിതി അടിയന്തരമായി പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകതകളുണ്ടെന്ന് ജയശങ്കർ പറഞ്ഞു. സമകാലിക ഭൗമരാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതിൽ യു.എൻ പരാജയപ്പെടുന്നു. കൊവിഡ് മുതൽ യുക്രെയിനിലെയും മിഡിൽ ഈസ്റ്റിലെയും സംഘർഷങ്ങൾ വരെ, കഴിഞ്ഞ അഞ്ച് വർഷത്തിനിടെയുണ്ടായ ആഗോള പ്രതിസന്ധികൾ നിലവിലെ അന്താരാഷ്ട്ര സംവിധാനങ്ങളുടെ പരിമിതികൾ തുറന്നുകാട്ടിയെന്നും ജയശങ്കർ വ്യക്തമാക്കി. യുക്രെയിൻ, ഫ്രാൻസ്, കാനഡ, ജപ്പാൻ, റൊമേനിയ, ജർമ്മനി എന്നിവയുടെ വിദേശകാര്യ മന്ത്രിമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ജി 4 കൂട്ടായ്‌മയുടെ (ഇന്ത്യ-ജപ്പാൻ-ജർമ്മനി-ബ്രസീൽ) മന്ത്രിതല യോഗത്തിലും ജയശങ്കർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |