
യു.എ.ഇയെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ചു
ന്യൂഡൽഹി : ട്വന്റി-20 ലോകകപ്പിലെ തങ്ങളുടെ മൂന്നാം മത്സരത്തിൽ ആദ്യവിജയം നേടി അഫ്ഗാനിസ്ഥാൻ.ഇന്നലെ യു.എ.ഇയെ അഞ്ചുവിക്കറ്റിനാണ് അഫ്ഗാൻ കീഴടക്കിയത്. യു.എ.ഇയുടെ രണ്ടാം തോൽവിയായിരുന്നു ഇത്.
ന്യൂഡൽഹിയിൽ ആദ്യം ബാറ്റുചെയ്ത് യു.എ.ഇ 160/9 എന്ന സ്കോർ ഉയർത്തിയപ്പോൾ അഫ്ഗാൻ അഞ്ച് വിക്കറ്റുകളും നാല് പന്തുകളും ബാക്കിനിൽക്കേ ലക്ഷ്യത്തിലെത്തുകയായിരുന്നു.
അർദ്ധസെഞ്ച്വറി നേടിയ സൊഹൈബ് ഖാൻ (48 പന്തുകളിൽ 68 റൺസ് ), 31 പന്തുകളിൽ 40 റൺസ് നേടിയ മലയാളി താരം അലിഷാൻ ഷറഫു എന്നിവർക്ക് മാത്രമാണ് യു.എ.ഇ നിരയിൽ അൽപ്പമെങ്കിലും പൊരുതിനിൽക്കാനായുള്ളൂ. അലിഷാൻ മൂന്ന് ഫോറുകളു രണ്ട് സിക്സുകളും പായിച്ചപ്പോൾ സൊഹൈബ് ആറുഫോറുകളും നാലുസിക്സുകളും പായിച്ചു. നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ പേസർ അസ്മത്തുള്ള ഒമർ സായ്‌യും രണ്ട് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ മുജീബ് ഉർ റഹ്മാനും ഒരു വിക്കറ്റ് വീഴ്ത്തിയ ക്യാപ്ടൻ റാഷിദ് ഖാനും ചേർന്നാണ് യു.എ.ഇയെ ഒതുക്കിയത്.
മറുപടിക്കിറങ്ങിയ അഫ്ഗാന് വേണ്ടി ഇബ്രാഹിം സദ്രാൻ (53) അർദ്ധസെഞ്ച്വറി നേടി. ദർവിഷ് റസൂലി (33), അസ്മത്തുള്ള ഒമർസായ് (40 നോട്ടൗട്ട്) എന്നിവരുടെ പോരാട്ടംകൂടിയായപ്പോൾ അഫ്ഗാൻ ജയത്തിലെത്തി. ആൾറൗണ്ട് മികവ് കാട്ടിയ ഒമർസായ് പ്ളേയർ ഒഫ് ദ മാച്ചായി.
അവസാന ഗ്രൂപ്പ് മത്സരത്തിൽ അഫ്ഗാൻ വ്യാഴാഴ്ച കാനഡയെ നേരിടും. നാളെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് യു.എ.ഇയുടെ അവസാന ഗ്രൂപ്പ് മത്സരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |