
രാജ്യപുരോഗതിയിൽ പ്രൊഫഷണൽ മാനേജർമാരുടെ പ്രസക്തിയും പ്രാധാന്യവും ഓർമ്മിപ്പിച്ചുകൊണ്ട് രാജ്യമെമ്പാടും നാളെ (ഫെബ്രുവരി 21) ദേശീയ മാനേജ്‌മെന്റ് ദിനം ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷൻ (ഐമാ) രാജ്യത്തുടനീളമുള്ള 68 പ്രാദേശിക മാനേജ്‌മെന്റ് അസോസിയേഷൻ ശൃംഖലയിലൂടെ വിവിധ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നു.
ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷൻ 2007-ൽ കനകജൂബിലി ആഘോഷിക്കുമ്പോൾ, ചടങ്ങിൽ മുഖ്യാതിഥി ആയിരുന്ന എ.പി.ജെ. അബ്ദുൾകലാം, ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷൻ സ്ഥാപകദിനമായ ഫെബ്രുവരി 21 ദേശീയ മാനേജ്‌മെന്റ് ദിനമായി ആചരിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവയ്ക്കുകയും, അത് അംഗീകരിക്കപ്പെടുകയുമായിരുന്നു. കഴിഞ്ഞ 19 വർഷങ്ങളായി ദേശീയ മാനേജ്‌മെന്റ് ദിനം രാജ്യമൊട്ടാകെ ആചരിച്ചുവരുന്നുണ്ട്.
ബിസിനസിന്റെ
ഭാവികാലം
ഇന്ത്യയിൽ പ്രൊഫഷണൽ മാനേജ്‌മെന്റ് വളരുന്നതിനും വികസിക്കുന്നതിനും ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റുകളും (ഐ.ഐ.എം) നൽകിയ സംഭാവനകൾ വളരെ വലുതാണ്. 1961-ൽ കൽക്കട്ടയിലും അഹമ്മദാബാദിലും ഐ.ഐ.എമ്മുൾ സ്ഥാപിതമായത് ഇന്ത്യയുടെ പ്രൊഫഷണൽ മാനേജ്‌മെന്റ് രംഗത്തെ ആദ്യത്തെ ചുവടുവയ്പായിരുന്നു. മാനേജ്‌മെന്റ് രംഗത്ത് ഇന്ത്യയുടെ സംഭാവനകൾ ലോകം മുഴുവൻ അംഗീകാരം നേടിയിട്ടുള്ളതാണ്. ഭാവിയിലെ ബിസിനസ് രംഗം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് മിഷിഗൺ യൂണിവേഴ്സിറ്റി പ്രൊഫസറായിരുന്ന, അന്തരിച്ച സി.കെ. പ്രഹ്ലാദ് മുന്നോട്ടുവച്ച ആശയങ്ങൾ ഇന്നും പ്രസക്തമാണ്.
പുതിയ ഉത്‌പന്നങ്ങൾ മികച്ച നിലവാരം പുലർത്തുന്നതും, കുറഞ്ഞ വിലയ്ക്കുള്ളതും, ലോകം മുഴുവനും വിതരണം നടത്തുവാൻ സാദ്ധ്യതയുള്ളതും ആയിരിക്കണം. ഇത്തരം ഉത്പന്നങ്ങൾ ദരിദ്രർക്കും സമ്പന്ന രാജ്യങ്ങളിലെ പൗരന്മാർക്കും ഒരുപോലെ സ്വീകാര്യമായിരിക്കണം. ചെറിയ പായ്ക്കറ്റുകളിൽ പേസ്‌റ്റും ഷാംപൂവുമടക്കം ഉത്പന്നങ്ങൾ വിപണിയിലെത്തിച്ച്, തുച്ഛമായ വിലയ്ക്ക് ദരിദ്രർക്കും വാങ്ങാൻ അവസരമൊരുക്കുക എന്ന മാർക്കറ്റിംഗ് തന്ത്രം പ്രഹ്ളാദന്റെ സംഭാവനയാണ്. നല്ല മാനേജ്‌മെന്റ് സംസ്കാരം കമ്പനികളുടെ കാര്യക്ഷമത വർദ്ധിപ്പിച്ച് സാമ്പത്തികനില ഭദ്രമാക്കുമെന്നും, അതുവഴി കൂടുതൽ ലാഭമുണ്ടാക്കി പ്രവർത്തിക്കാനും അത് ദരിദ്രരുടെ ജീവിത സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ പരോക്ഷമായി സഹായകമാകുമെന്നുമുള്ള അഭിപ്രായം ഇപ്പോൾ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിൽ പ്രൊഫഷണൽ മാനേജർമാരുടെ പങ്കിനെ പ്രധാനമന്ത്രി നരേന്ദ്രമോദി നിരന്തരം ഊന്നിപ്പറഞ്ഞിട്ടുണ്ട്. പൊതു സ്വകാര്യ മേഖലകളിൽ ആധുനിക മാനേജ്‌മെന്റ് സാങ്കേതികവിദ്യകളിലേക്കുള്ള മാറ്റം, കാര്യക്ഷമത, സമഗ്രത, മിനിമം ഗവൺമെന്റ്, പരമാവധി ഭരണം, സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.
മോദിയുടെ
കാഴ്ചപ്പാട്
'വൈബ്രന്റ് ഗുജറാത്ത്" ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ശ്രദ്ധേയമായ ഒരു പ്രഖ്യാപനത്തിൽ, 2030-ഓടെ ഇന്ത്യ ലോകത്തെ ഏറ്റവും മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളിൽ ഇടം നേടാനുള്ള കാഴ്ചപ്പാട് അവതരിപ്പിക്കുകയുണ്ടായി. വരും ദശകങ്ങളിൽ ഇന്ത്യ ശക്തവും സമൃദ്ധവും സ്വാധീനമുള്ളതുമായ ഒരു രാജ്യമായി ഉയർന്നുവരുമെന്നും, ലോകരാജ്യങ്ങളുടെ നേതൃനിരയിലേക്ക് വളരുമെന്നുമുള്ള പ്രതീക്ഷയാണ് ലോക രാഷ്ട്രങ്ങൾ ഇന്ന് വച്ചുപുലർത്തുന്നത്.
ഇന്ത്യയുടെ ഉയർന്ന സാമ്പത്തിക വളർച്ച, സാങ്കേതിക മികവ്, തന്ത്രപരമായ ഭൗമരാഷ്ട്രീയ പ്രാധാന്യം, ലോകത്ത് ഏറ്റവും കൂടുതൽ തൊഴിലാളികളും ഉപഭോക്താക്കളുമുള്ള രാജ്യം എന്നീ ഘടകങ്ങൾ ഉൾക്കൊള്ളുന്ന അടിത്തറയാണ് ഈ പ്രതീക്ഷ ശക്തമാക്കുന്നത്. പുനഃക്രമീകരിക്കപ്പെട്ട ലോകത്ത് ആഗോള മൂലധനത്തിനും വാണിജ്യത്തിനും വ്യവസായത്തിനും ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമായി ഇന്ത്യ മാറിക്കഴിഞ്ഞു. അതേസമയം, ഇന്ത്യയ്ക്ക് ബൃഹത്തും വ്യക്തവുമായ സാദ്ധ്യതകൾ നിറവേറ്റാൻ ധാരാളം ഒരുക്കങ്ങൾ ചെയ്യാനുണ്ട്.
അനിവാര്യമായ
മാറ്റങ്ങൾ
അസ്ഥിരവും അനിശ്ചിതത്വവുമുള്ള ലോകത്ത്, ഉറപ്പുകളൊന്നും നൽകാൻ കഴിയാത്തതുകൊണ്ട് ഉത്പാദനശേഷിയും സൃഷ്ടിപരമായ കഴിവുകളും കെട്ടിപ്പടുക്കുന്നതിൽ ഇന്ത്യ തുടർച്ചയായി പ്രവർത്തിക്കേണ്ടിയിരിക്കുന്നു. അതേസമയം, സമാധാനവും ശാന്തിയും സ്ഥിരതയും പ്രവചനാത്മകതയും നൽകുന്ന ഒരു ഇന്ത്യയാണ് പുറത്തുനിന്നുള്ള മൂലധന നിക്ഷേപകർ പ്രതീക്ഷിക്കുന്നത്. എന്നാൽ, സുസ്ഥിരമായ ഉയർന്ന വളർച്ചാനിരക്ക് നിലനിറുത്തുന്നതിനായി കൂടുതൽ തുറന്നതും ചലനാത്മകമായതും എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്നതുമായ ഒരു സമൂഹത്തിലേക്കും സമ്പദ് വ്യവസ്ഥയിലേക്കും നമ്മുടെ രാജ്യം സ്വയം മാറേണ്ടിയിരിക്കുന്നു.
അതിലൂടെ, കൂടുതൽ ജനങ്ങൾക്ക് അഭിവൃദ്ധി പ്രാപിക്കാനും, രാജ്യത്തിന് കൂടുതൽ സാമ്പത്തികവും സുരക്ഷാ സ്വാധീനവും ഉറപ്പാക്കാനും, ബൗദ്ധികവും സാമ്പത്തികവുമായ കൂടുതൽ അന്താരാഷ്ട്ര സ്രോതസുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കാനും നമുക്ക് കഴിയണം. നാളെ ന്യൂഡൽഹിയിലെ ഹോട്ടൽ താജ് പാലസിൽ 'ഐമാ", അതിന്റെ എഴുപതാം സ്ഥാപകദിനവും ഇരുപതാമത് ദേശീയ മാനേജ്‌മെന്റ് ദിനവും ആഘോഷിക്കുകയാണ് 'പരിവർത്തനത്തിന്റെ കഥകൾ" എന്നതാണ് ഈ വർഷത്തെ മുഖ്യവിഷയം. ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്ന ദാർശനികരുടെയും വ്യവസായ പ്രമുഖരുടെയും ചിന്തകരുടെയും ഈ ശക്തമായ ഒത്തുചേരലിൽ ഇന്ത്യയ്ക്ക് ഉയർന്ന വളർച്ച എങ്ങനെ നിലനിറുത്താമെന്നും ആഗോള അനിശ്ചിതത്വങ്ങളെ എങ്ങനെ മറികടക്കാമെന്നും, ഒരു മികച്ച ഭാവി എങ്ങനെ കെട്ടിപ്പടുക്കാമെന്നുമുള്ള ആശയങ്ങളും പദ്ധതികളും വിശദമായി ചർച്ചചെയ്യുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.