
എഴുത്തും അഭിഭാഷകവൃത്തിയും രാഷ്ട്രീയം പോലെ ജീവിതത്തിന്റെ ഭാഗമാണ് അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയ്ക്ക്. ഇന്ന് തിരുവനന്തപുരത്ത് രണ്ടുപുസ്തകങ്ങളുടെ പ്രകാശനം നടക്കുന്നു. ഗോവ ഗവർണറായി ആ നാടിന്റെ ഹൃദയം കവർന്ന നേതാവിന് കേരളത്തിൽ രാഷ്ട്രീയത്തിനപ്പുറത്ത് ഹൃദയബന്ധങ്ങൾ ഏറെയാണ്. ജനകീയരായവരെ സ്ഥാനാർത്ഥികളാക്കി കേരളം തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ശ്രീധരൻ പിള്ള മനസു തുറക്കുന്നു.
?മത്സരിക്കുന്നുണ്ടോ
പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി നേരിട്ട് വിളിച്ച് പറഞ്ഞു. പക്ഷേ വിസമ്മതം അറിയിച്ചിട്ടുണ്ട്. പുതിയ തലമുറവരട്ടെ.
?പാർട്ടി പറഞ്ഞിട്ടും മാറിനിൽക്കുന്നത് നല്ല സന്ദേശമാണോ
അങ്ങനെയൊന്നുമില്ല. എല്ലാവർക്കും അവസരം കിട്ടണം. ഞാനിതുവരെ ഒരു സ്ഥാനവും പാർട്ടിയോട് ചോദിച്ച് വാങ്ങിയിട്ടില്ല. എല്ലാം പാർട്ടി തന്നതാണ്. പാർട്ടി എന്ത് തീരുമാനമെടുത്താലും കൂടെയുണ്ടാവും.
?അപ്പോൾ മത്സരിക്കും
അങ്ങനെ ഞാൻ പറഞ്ഞിട്ടില്ല. പാർട്ടി എടുക്കുന്ന തീരുമാനത്തിനൊപ്പം എന്നാണ് പറഞ്ഞത്.
?കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി പറയുന്നത് പാർട്ടി പ്രസിഡന്റുമാർ മത്സരിക്കുന്നത് നല്ല സൂചനയല്ലെന്നാണ്
അതിൽ കാര്യമില്ല. പാർട്ടി ചുമതലയുള്ളവർക്കാണ് ജനങ്ങളുമായി ഏറ്റവും അടുപ്പം. രാഷ്ട്രീയത്തിനപ്പുറത്തുള്ള വോട്ടുകളാണ് പ്രധാനം. അതുകൊണ്ട് പാർട്ടി പ്രസിഡന്റുമാർ മത്സരിക്കുന്നതിൽ തെറ്റില്ല. ചെങ്ങന്നൂരിൽ 2006ൽ ബി.ജെ.പിക്ക് കിട്ടിയത് 6000വോട്ടാണ്. 2011ൽ 9000വോട്ട്. 2016ൽ നിർബന്ധിച്ച് എന്നെ അവിടെ സ്ഥാനാർത്ഥിയാക്കിയപ്പോൾ വോട്ട് 43,000ആയി. കേരളത്തിൽ ബി.ജെ.പിയുടെ ഏറ്റവും കൂടിയ വോട്ട് വർദ്ധനയായിരുന്നു അത്. സാമൂഹിക പ്രസ്ഥാനങ്ങളും സാമുദായിക-മത പ്രസ്ഥാനങ്ങളുമെല്ലാം രാഷ്ട്രീയത്തിനപ്പുറത്ത് വോട്ട് ചെയ്തപ്പോഴാണ് ആ മാറ്റം സംഭവിച്ചത്.
?കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കുമോ
അക്കൗണ്ട് ഒരിക്കൽ തുറന്നതാണ്. ഇത്തവണ നിയമസഭയിൽ നിർണായക ശക്തിയാവും. പ്രതീക്ഷിക്കാത്ത സീറ്റുകൾവരെ എൻ.ഡി.എയിലേക്ക് വരും.
?രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വം
അത് ചുരുങ്ങിയ കാലംകൊണ്ട് അദ്ദേഹം തെളിയിച്ചുകഴിഞ്ഞു. ഗ്രൂപ്പുകളും വഴക്കുമില്ലാതെ എല്ലാവരേയും ഒന്നിച്ച് കൊണ്ടുപോകുന്നതിൽ മികച്ച നേതൃത്വമാണ് അദ്ദേഹം നൽകുന്നത്. വലിയ പ്രതീക്ഷയാണ് കേരളീയ ജനതയ്ക്ക് രാജീവിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |