
ചെന്നൈ: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡി.എം.കെ സർക്കാരിന് കനത്തപ്രഹരമായി മന്ത്രി കെ.എൻ നെഹ്റുവിനെതിരെ കേസെടുക്കാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. കൈക്കൂലി കേസിലാണ് തമിഴ്നാട് നഗരവികസന വകുപ്പ് മന്ത്രി നെഹ്റുവിനെതിരെ നടപടി. നിയമനങ്ങളുമായി ബന്ധപ്പെട്ട് 365 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ബെഞ്ചാണ് തമിഴ്നാട് വിജിലൻസിനോട് കേസെടുക്കാൻ നിർദ്ദേശിച്ചത്.
മന്ത്രിക്കെതിരെ ഇ.ഡി നൽകിയത് വെറും പരാതിയല്ലെന്നും അഴിമതി നടന്നതിന് വ്യക്തമായ തെളിവുകൾ അടങ്ങിയ 232 പേജുള്ള രേഖകൾ കൈമാറിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. ബി.എൻ.എസ്.എസ് സെക്ഷൻ 173 പ്രകാരം 14 ദിവസത്തിനുള്ളിൽ പ്രാഥമിക അന്വേഷണം നടത്താമെന്നിരിക്കെ, സംസ്ഥാന സർക്കാർ അന്വേഷണം ബോധപൂർവ്വം വൈകിപ്പിക്കുകയാണെന്ന് കോടതി കുറ്റപ്പെടുത്തി. സ്വതന്ത്രമായ അന്വേഷണം അനിവാര്യമാണെന്ന് വ്യക്തമാക്കിയ കോടതി, ഉടൻ തന്നെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാൻ വിജിലൻസിനോട് നിർദ്ദേശിക്കുകയായിരുന്നു.
2025 ഒക്ടോബറിലാണ് മന്ത്രി നെഹ്റുവും കൂട്ടാളികളും നഗരസഭ ഭരണ വകുപ്പിൽ ജോലിക്കായി പണം എന്ന പേരിൽ വൻ തട്ടിപ്പ് നടത്തിയതായി ഇ ഡി തമിഴ്നാട് ഡി ജി പിക്ക് കത്തയച്ചത്. അഴിമതി നിരോധന നിയമപ്രകാരം നടപടിയെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് നീക്കങ്ങളൊന്നും ഉണ്ടായില്ല. ഇതേത്തുടർന്ന് അണ്ണാ ഡി.എം.കെ രാജ്യസഭാംഗം ഐ.എസ് ഇൻപദുരൈ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. വിജിലൻസ് മാനുവൽ പ്രകാരം അന്വേഷണം തുടങ്ങിയതായും ഇ.ഡിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടുമെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചെങ്കിലും, കേസ് രജിസ്റ്റർ ചെയ്ത് മുന്നോട്ട് പോകാൻ കോടതി കർശന നിലപാടെടുത്തു.
നിർണായക തെളിവുകൾ
മന്ത്രിയുടെയും ബിനാമികളുടേയും സ്ഥാപനങ്ങളിലും വീടുകളിലുമായി 2025 ഏപ്രിലിൽ ഇ.ഡി നടത്തിയ പരിശോധനയിൽ വാട്ട്സ്ആപ്പ് ചാറ്റുകൾ, ഫോട്ടോഗ്രാഫുകൾ, ട്രാൻസ്ഫർ ഓർഡറുകൾ, സാമ്പത്തിക രേഖകൾ എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തിരുന്നു.
വകുപ്പിലെ സ്ഥലംമാറ്റങ്ങൾക്കും നിയമനങ്ങൾക്കുമായി ഉദ്യോഗസ്ഥരിൽ നിന്നും 7 ലക്ഷം മുതൽ 1 കോടി രൂപ വരെ കൈക്കൂലി വാങ്ങിയതായി ഇ.ഡി ആരോപിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നടന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. റിയൽ എസ്റ്റേറ്റ്, സ്വത്ത് നിക്ഷേപങ്ങളും ബിനാമി സ്ഥാപനങ്ങളും, സ്വർണ്ണക്കട്ടി വാങ്ങലുകൾവിദേശ സ്വത്ത് സമ്പാദനം എന്നിവ നടത്തിയെന്ന കണ്ടെത്തലുകളും ഇ.ഡി റിപ്പോർട്ടിലുണ്ടെന്നാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |