SignIn
Kerala Kaumudi Online
Sunday, 22 February 2026 4.04 AM IST

തകർന്നടിഞ്ഞ് മംഗലത്തുകോണം-പാലച്ചൽക്കോണം റോഡ്

Increase Font Size Decrease Font Size Print Page
general

ബാലരാമപുരം: വർഷങ്ങളായി ശോച്യാവസ്ഥിയിലായ മംഗലത്തുകോണം-പാലച്ചൽക്കോണം റോഡ് നവീകരിക്കാത്തതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. മംഗലത്തുകോണം കാട്ടുനട ശ്രീഭദ്രകാളി ദേവീക്ഷേത്രത്തിൽ തൂക്കമഹോത്സവത്തോടനുബന്ധിച്ച് ആദ്യദിക്കുബലിയുടെ ഭാഗമായി തങ്കത്തിരുമുടി എഴുന്നള്ളത്തും നിറപറയും കടന്നുപോകുന്ന പാലച്ചൽക്കോണം റോഡാണ് തകർന്നടിഞ്ഞ് ഗതാഗതം തടസപ്പെട്ട നിലയിലുള്ളത്.

റോഡ് നിർമാണത്തിനും ഓട നവീകരണത്തിനും 23ലക്ഷം രൂപ എം.എൽ.എ ഫണ്ട് അനുവദിച്ചിരുന്നു. 9മാസം മുമ്പ് ടെൻഡർ വിളിച്ചെങ്കിലും കരാറുകാർ മുന്നോട്ടുവന്നില്ല. എം.എൽ.എയുടെ സമ്മർദ്ദത്തിൽ റീടെൻഡർ മൂന്ന് പ്രാവശ്യം ക്ഷണിച്ചെങ്കിലും നടപടിയായില്ല. ജി.എസ്.ടി കഴിച്ചുള്ള ടെൻഡർ തുക കുറവായതിനാലാണ് കരാറുകാർ താത്പര്യപ്പെടാത്തത്.

ഊറ്റുകുഴി റോഡും തകർച്ചയിൽ

ആറാലുംമൂട് ശ്രീവിവേകാനന്ദ,​ സെന്റ് അലോഷ്യസ് എൽ.പി.എസ്,​ മംഗലത്തുകോണം കേന്ദ്രീയവിദ്യാലയം,​ സെന്റ് ജോസഫ് സ്കൂൾ,​ സെന്റ് പോൾസ് ഉച്ചക്കട തുടങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളടക്കം പാലച്ചൽക്കോണം റോഡ് വഴിയാണ് കടന്നുപോകുന്നത്. മൂർത്തിത്തറ ദേവീക്ഷേത്രം,​ മണ്ണാറകണ്ഠം അർത്ഥനാരീശ്വര ക്ഷേത്രം എന്നീ ആരാധനാലയങ്ങളും പാലച്ചൽക്കോണം റോഡിലാണ് സ്ഥിതിചെയ്യുന്നത്. ആറാട്ട് ഘോഷയാത്ര കടന്നുപോകുന്ന മംഗലത്തുകോണം ഊറ്റുകുഴി റോഡിന്റെ സ്ഥിതിയും പരിതാപകരമാണ്.

നഷ്ടം സഹിച്ച് റോഡ്

പണിക്കില്ലെന്ന് കരാറുകാർ

വർഷങ്ങളായി മരാമത്ത് വകുപ്പിന്റെ കീഴിൽ നിരവധി റോഡുവർക്കുകൾ ചെയ്യുന്ന കരാറുകാർ പ്രാദേശിക റോഡുകൾ നവീകരിക്കാൻ മുന്നോട്ടുവരാത്തത് വെല്ലുവിളിയാകുന്നു. അവാർഡ് തുക വർദ്ധിപ്പിക്കണമെന്നാണ് മരാമത്തിന്റെ കീഴിലും പഞ്ചായത്തിന്റെ കീഴിലുമുള്ള അസി.എൻജിനിയർമാരോട് കരാറുകാർ ആവശ്യപ്പെടുന്നത്. പ്രാദേശിക റോഡുകളുടെ ടെൻഡർ നടപടിയിൽ പങ്കെടുക്കാതെ പിൻമാറുകയാണ് കരാറുകാർ. പഞ്ചായത്ത് റോഡുകളുടെ പണി ഏറ്റെടുക്കാൻ തയ്യാറാവാത്ത കരാറുകാരുടെ ലൈസൻസ് റദ്ദാക്കണമെന്നും നിയോജക മണ്ഡലത്തിലെ മുഴുവൻ റോഡുകളുടെ പുനരുദ്ധാരണം കിഫ്ബിക്ക് കൈമാറി അഞ്ച് വർഷത്തെ നിർമ്മാണം ഏകീകൃത ടെൻഡർ ക്ഷണിച്ച് പൂർത്തീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

അപകടക്കുഴികൾ അടയ്ക്കണം

കാട്ടുനട തൂക്കമഹോത്സവത്തിന് മുമ്പ് നിറപറ കടന്നുപോകുന്ന പാലച്ചൽക്കോണം വഴി കോട്ടുകാൽക്കോണം റോഡിലെ അപകടക്കുഴികളടയ്ക്കാൻ മരാമത്ത് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ആറ്റുകാൽ ഉത്സവത്തിന് മുന്നോടിയായി ഒരു മാസം മുമ്പ് വകുപ്പുതല അവലോകനയോഗം ചേർന്ന് നടപടി സ്വീകരിക്കുമെങ്കിലും പഞ്ചായത്ത് മേഖലയിൽ ഉത്സവത്തോടനുബന്ധിച്ചുള്ള അവലോകനയോഗങ്ങൾ പ്രഹസനമാകുന്നുവെന്നും ആക്ഷേപമുണ്ട്.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.